ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 25 കേസുകളാണ് റിപ്പോർട്ട് ചെയ്തത്
text_fieldsമനാമ: ഈ വർഷം ആദ്യ പകുതിയിൽ രാജ്യത്തെ മനുഷ്യക്കടത്ത് കേസുകളിൽ കുറവ് രേഖപ്പെടുത്തി. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മനുഷ്യക്കടത്തെന്ന് സംശയിക്കുന്ന 25 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 29 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന വർക്കിങ് ഗ്രൂപ് യോഗത്തിലാണ് ഇതുസംബന്ധിച്ച കണക്കുകൾ അവതരിപ്പിച്ചത്. മനുഷ്യക്കടത്ത് സംബന്ധിച്ച അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് റിപ്പോർട്ടിലെ മികച്ച റാങ്കിങ്ങിൽ തുടർനടപടികൾ സ്വീകരിക്കുകയാണ് വർക്കിങ് ഗ്രൂപ്പിന്റെ ദൗത്യം. മനുഷ്യക്കടത്ത് തടയുന്നതിൽ മികച്ച നേട്ടമാണ് ബഹ്റൈൻ കൈവരിച്ചതെന്ന് യു.എസ് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. തുടർച്ചയായ അഞ്ചാം വർഷവും ടയർ1 പദവിയിലാണ് ബഹ്റൈൻ ഉൾപ്പെട്ടത്. മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും നിയമപാലനവും സംരക്ഷിക്കുന്നതിന് രാജ്യം കൈക്കൊണ്ട നടപടികൾക്ക് ലഭിച്ച അംഗീകാരമാണ് മികച്ച റാങ്കെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പരിഷ്കരണ നടപടികളാണ് ഇതിന് നിമിത്തമായത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നൽകിയ പിന്തുണ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ, അന്തർദേശീയ നേട്ടങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ മികച്ച റാങ്കിങ് നിലനിർത്തുന്നതിനുമുള്ള നടപടികൾ യോഗം അവലോകനം ചെയ്തു. മനുഷ്യക്കടത്തിന് ഇരയായവരെ ഷെൽട്ടർ സെന്ററുകളിൽ പാർപ്പിക്കുകയും മികച്ച പരിചരണം നൽകുകയും ചെയ്തതായി യോഗത്തിൽ ചൂണ്ടിക്കാട്ടി. 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ 138 പേർക്കാണ് ഈ രീതിയിൽ സംരക്ഷണം നൽകിയത്. മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് വിവിധ ഭാഷകളിൽ ബോധവത്കരണവും പ്രദർശനങ്ങളും നടത്തി. ഇത്തരം കേസുകൾ കൈകാര്യംചെയ്യുന്നതിലും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ആത്മാർഥമായി പരിശ്രമിച്ചതിന് ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും മനുഷ്യക്കടത്തിനെതിരായ ദേശീയ സമിതിക്കും ആഭ്യന്തരമന്ത്രി നന്ദി പറഞ്ഞു. മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.