ഫിബ ഏഷ്യാകപ്പ് ബാസ്കറ്റ് ബാൾ യോഗ്യത മത്സരം; ബഹ്റൈനെതിരെ ഇന്ത്യക്ക് വിജയം
text_fieldsഫിബ ഏഷ്യാകപ്പ് ബാസ്കറ്റ് ബാൾ യോഗ്യത മത്സരത്തിൽ ബഹ്റൈനെതിരെ ജയം നേടിയ ടീം ഇന്ത്യ
മനാമ: ആതിഥേയരെന്ന ആത്മവിശ്വാസത്തെ തല്ലിക്കെടുത്തി ബഹ്റൈനെതിരെ ഫിബ ഏഷ്യാകപ്പ് ബാസ്കറ്റ് ബാൾ പശ്ചിമേഷ്യൻ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് വിജയം. ആവേശകരമായി തുടർന്ന മത്സരം വിട്ടുകൊടുക്കാതെ ഇരുടീമുകളും അവസാനംവരെ പൊരുതിയെങ്കിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.
ഇതോടെ ഫിബ ഏഷ്യാകപ്പ് ബാസ്കറ്റ് ബാൾ ടൂർണമെന്റിന് യോഗ്യത നേടിയിരിക്കയാണ് ടീം ഇന്ത്യ. മനാമയിലെ ഇസ ടൗൺ ഖലീഫ സ്പോർട്സ് സിറ്റിയിൽ നടന്ന മത്സരത്തിൽ ലോക റാങ്കിങ്ങിൽ 66ാം സ്ഥാനത്തുള്ള ബഹ്റൈനെതിരെ 81ാം സ്ഥാനക്കാരായ ഇന്ത്യ 81-77 എന്ന സ്കോറിന്റെ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിന്റെ നാലാം ക്വാർട്ടറിന്റെ അവസാനം വരെ ഇന്ത്യ 62-53 എന്ന നിലയിൽ ലീഡ് നിലനിർത്തിയിരുന്നു. പിന്നീട് ബഹ്റൈൻ താരം സുബാഹ് അസമിന്റെ പ്രകടനത്തിലൂടെ 77-75 എന്ന സ്കോറുമായി കളിയിൽ തിരിച്ചെത്തി.
കളി സമനിലയിൽ തുടർന്ന അവസാന നിമിഷങ്ങളിൽ നാടകീയ തിരിച്ചുവരവാണ് പിന്നീട് ഇന്ത്യ കാഴ്ചവെച്ചത്. 78-77 എന്ന നിലയിൽ തുടർന്ന മത്സരം കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കിനിൽക്കെ ഇന്ത്യൻ താരം അരവിന്ദ് മുത്തുവിന്റെ മനോഹര സ്ട്രൈക്കിലൂടെ ലഭിച്ച മൂന്ന് പോയന്റോടെ ഇന്ത്യ പൂർണാധിപത്യം സ്ഥാപിക്കുകയായിരുന്നു.
ഇന്ത്യൻ താരങ്ങളായ ഹർഷ് ഡാഗർ 28 പോയന്റും കൻവർ സന്ധു 15ഉം പ്രണവ് പ്രിൻസ് മുഈൻ ഹഫീസ് എന്നിവർ 11 വീതം പോയന്റുകളും നേടി ഇന്ത്യയുടെ വിജയത്തിന് നിർണായകമായി. വെള്ളിയാഴ്ച ഇറാഖിനെതിരെയും ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു. ബഹ്റൈന്റെ ഇനിയുള്ള മത്സരം ഇറാഖിനോടൊണ്. അതിൽ ജയിക്കുന്ന ടീമും യോഗ്യത നേടും. അതോടെ പങ്കെടുക്കുന്ന 16 ടീമുകളുടെ പട്ടിക പൂർത്തിയാകും.
ഇന്ത്യക്ക് പുറമെ 2022 ഏഷ്യാകപ്പിലെ മികച്ച മൂന്ന് സ്ഥാനക്കാരായ ഓസ്ട്രേലിയ, ലബനോൻ, ജോർഡൻ എന്നിവരും ആതിഥേയരെന്ന നിലയിൽ സൗദിയും കൂടെ ജപ്പാൻ, ചൈന, ഇറാൻ, സൗത്ത് കൊറിയ, ന്യൂസിലൻഡ്, ഫിലിപ്പൈൻ, ഖത്തർ, സിറിയ, ചൈനീസ് തായ്പോയ്, ഗുവാം എന്നിവരും യോഗ്യത നേടി. ഫിബ ഏഷ്യാകപ്പിനുള്ള അവസാന അവസരമെന്നോണം പശ്ചിമേഷ്യൻ രാജ്യങ്ങളായ ഇന്ത്യ, ബഹ്റൈൻ, ഇറാഖ് എന്നിവർ തമ്മിലായിരുന്നു മനാമയിൽ നടന്ന പോരാട്ടത്തിൽ പങ്കെടുത്തത്. അതിൽ രണ്ടുപേർക്ക് ഏഷ്യാ കപ്പിൽ പങ്കെടുക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.