ഫിബ ഏഷ്യാകപ്പ് ബാസ്കറ്റ് ബാൾ; പശ്ചിമേഷ്യൻ യോഗ്യത മത്സരങ്ങൾക്ക് ഇന്ന് ബഹ്റൈനിൽ തുടക്കം
text_fieldsഫിബ ഏഷ്യാകപ്പ് ബാസ്കറ്റ് ബാൾ ടൂർണമെന്റിന്റെ പശ്ചിമേഷ്യൻ യോഗ്യത മത്സരത്തിന് ബഹ്റൈനിലെത്തിയ ഇന്ത്യൻ ടീം
മനാമ: ഈ വർഷം ജിദ്ദയിൽ നടക്കാനിരിക്കുന്ന ഫിബ ഏഷ്യാകപ്പ് ബാസ്കറ്റ് ബാൾ ടൂർണമെന്റിന്റെ പശ്ചിമേഷ്യൻ യോഗ്യത മത്സരങ്ങൾക്ക് ഇന്ന് ബഹ്റൈനിൽ തുടക്കമാകും.
ബഹ്റൈൻ, ഇന്ത്യ, ഇറാഖ് തുടങ്ങിയ പശ്ചിമേഷ്യയിലെ മൂന്ന് ടീമുകളാണ് അവസാന അവസരത്തിനായി ബഹ്റൈനിൽ പരസ്പരം ഏറ്റുമുട്ടുക. യോഗ്യത മത്സരങ്ങൾക്കായി ഇതിനകം ഇന്ത്യ, ഇറാഖ് ടീമംഗങ്ങൾ ബഹ്റൈനിലെത്തിയിട്ടുണ്ട്. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അവരെ ബഹ്റൈൻ ബാസ്കറ്റ് ബാൾ അസോസിയേഷൻ (ബി.ബി.എ) സെക്രട്ടറി ജനറൽ അഹ്മദ് ഹഫീസും ബി.ബി.എ ഡയറക്ടർ അബെദ് അൽ അൻസാരിയും ചേർന്ന് സ്വീകരിച്ചു.
ഇസ ടൗണിലെ ഖലീഫ സ്പോർട്സ് സിറ്റിയിൽ ഇന്ന് രാത്രി 10നാണ് ഇന്ത്യ-ഇറാഖ് ആദ്യ മത്സരം. തൊട്ടടുത്ത ദിവസം ഇന്ത്യ ബഹ്റൈനെ നേരിടും. ഞായറാഴ്ച രാത്രി 10ന് ബഹ്റൈൻ -ഇറാഖ് അവസാന പോരാട്ടത്തിന് ഖലീഫ സ്പോർട്സ് സിറ്റി സാക്ഷിയാകും. യോഗ്യത മത്സരങ്ങൾ സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ബഹ്റൈൻ ടീം.
ആരാധകരുടെ അകമഴിഞ്ഞ പിന്തുണയാണ് അതിന് പ്രധാന കാരണവും. മൂന്നിൽ മികച്ച രണ്ട് ടീമുകൾക്ക് ആഗസ്റ്റ് അഞ്ച് മുതൽ 17 വരെ ജിദ്ദയിൽ നടക്കുന്ന ഫിബ ഏഷ്യാകപ്പിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. ആകെ16 ടീമുകളാണ് ഫിബ ടൂർണമെന്റിൽ പോരാടുക.12 ടീമുകൾ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.