ശ്രീകുമാരൻ തമ്പി അർഹമായ അംഗീകാരങ്ങൾ ലഭിക്കാത്ത മഹാനായ കലാകാരൻ -മന്ത്രി സജി ചെറിയാൻ
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ കലാകാരനും ജീവകാരുണ്യ പ്രവർത്തകനും കേരളീയ സമാജത്തിന്റെ സന്തത സഹചാരിയുമായിരുന്ന എം.പി രഘുവിന്റെ ഓർമ്മക്കായി കലാരംഗത്തെ സമഗ്ര സംഭാവനക്കായി കേരളീയ സമാജം ഏർപ്പെടുത്തിയ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു.
വിദേശ രാജ്യത്ത് ബഹറൈൻ കേരളീയ സമാജം പോലെ വലിയൊരു സാംസ്കാരിക സ്ഥാപനം മലയാളികളുടെ അഭിമാനമാണെന്നും ശ്രീകുമാരൻ തമ്പിയെ പോലെ ജീവിതാനുഭവവും വൈവിധ്യമാർന്ന ക്രിയാത്മക സംഭാവനകളും മലയാളികൾക്ക് നൽകിയ അധികം മനുഷ്യരില്ല എന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സർഗ്ഗാത്മക ജീവിതത്തിൽ തന്നേക്കാൾ മുതിർന്ന തലമുറയോട് പൊരുതി നിൽക്കാനായിരുന്നു സിനിമയിൽ തന്റെ നിയോഗമെന്നും കലാ ജീവിതത്തിൽ താൻ സന്തുഷ്ടനാണെന്നും ബഹ്റൈനിലെ കേരളീയ സമാജത്തിൽ തടിച്ചുകൂടിയ തന്നെ സ്നേഹിക്കുന്ന മലയാളികൾക്കിടയിൽ വെച്ച് സ്വീകരിക്കുന്ന രഘു സ്മാരക പുരസ്ക്കാരം സർക്കാർ അവാർഡുകളേക്കാൾ തനിക്ക് പ്രിയപ്പെട്ടതാണെന്ന് ശ്രീകുമാരൻ തമ്പി മറുപടി പ്രസംഗത്തിൽ പറഞ്ഞു.
കേരള സർക്കാറുകൾ പ്രവാസി മലയാളികളുടെ യാത്രാക്ഷേമ കാര്യങ്ങൾ മാത്രമല്ല. അവരെ സാമൂഹികവും സാംസ്ക്കാരികവുമായി കൂടെ നിറുത്താനും ശ്രമിക്കണമെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള പറഞ്ഞു. പുരസ്ക്കാര സമ്മേളനത്തിൽ ബി.കെ.എസ് ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ശ്രാവണം കൺവീനർ സുനിഷ് സാസ്ക്കോ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.