ഫ്ലെക്സി വിസയും തൊഴിൽ നിയമവും
text_fields?ഞാൻ ഇവിടെ ഫ്ലെക്സി പെർമിറ്റിലാണ് ജോലി ചെയ്യുന്നത്. എനിക്ക് നാലു മാസത്തെ ശമ്പളം ലഭിക്കാനുണ്ട്. എൽ.എം.ആർ.എയിൽ പരാതി നൽകിയപ്പോൾ സിവിൽ കോടതിയിൽ പരാതി നൽകാൻ നിർദേശിച്ചു. ഇതു ശരിയാണോ? എനിക്ക് തൊഴിൽ നിയമത്തിൽ പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടോ?
_ ഒരു വായനക്കാരൻ
•ഫ്ലെക്സി വിസയിലുള്ളവർ ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ ചെയ്യുന്നത്. അതുകൊണ്ട് കരാറിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ മാത്രമേ ബാധകമാവുകയുള്ളൂ. എന്റെ അറിവനുസരിച്ച്, ഫ്ലെക്സി വിസയിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ നിയമം ബാധകമല്ല. അതിനാൽ, ആ നിയമത്തിലുള്ള വ്യവസ്ഥകളും ആനുകൂല്യങ്ങളും ലഭിക്കുകയില്ല. അതുപോലെ, തൊഴിൽ കോടതിയിൽ ഫ്ലെക്സി വിസയിലുള്ള തൊഴിലാളികളുടെ പരാതി സ്വീകരിക്കുകയില്ല. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ സിവിൽ കോടതിയാണ് പരിഗണിക്കുക.
.? എന്റെ ആനുകൂല്യങ്ങൾ ലഭിക്കാൻ എനിക്ക് തൊഴിൽ കോടതിയിൽനിന്ന് ഉത്തരവ് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഒരു വർഷമായിട്ടും ഉത്തരവ് പ്രകാരമുള്ള തുക ലഭിച്ചില്ല. ജഡ്ജ്മെന്റ് എക്സിക്യൂഷൻ കോടതിയിൽ സമർപ്പിച്ചുവെന്ന് എന്റെ ബഹ്റൈനി അഭിഭാഷകൻ പറയുന്നു. തുക ലഭിക്കാൻ ഇത്രയും സമയമെടുക്കുമോ?
_ഒരു വായനക്കാരൻ
•എല്ലാ ഉത്തരവുകളും നടപ്പാക്കുന്നത് എക്സിക്യൂഷൻ കോടതിയാണ്. കോടതി നടപടി പ്രകാരം തുക കോടതിയിൽ കെട്ടിവെച്ചാൽ മാത്രമേ താങ്കൾക്ക് ലഭിക്കുകയുള്ളൂ. തൊഴിലുടമ തുക കെട്ടിവെച്ചില്ലെങ്കിൽ കോടതി നടപടികൾ തുടരും. നടപടിയുടെ ഭാഗമായി തൊഴിലുടമയുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യും. മറ്റെന്തെങ്കിലും ആസ്തികളുണ്ടെങ്കിൽ അതും പിടിച്ചെടുത്ത് ലേലം ചെയ്യാൻ നടപടിയുണ്ടാകും. ഇതിനെല്ലാം സമയമെടുക്കും. ഈ കാര്യങ്ങളെല്ലാം നടക്കുന്നുവെന്ന് അന്വേഷിക്കാൻ താങ്കളുടെ അഭിഭാഷകനോട് പറയണം. തൊഴിലുടമയുടെ ബാങ്ക് അക്കൗണ്ടിൽ പണമുണ്ടെങ്കിൽ താങ്കൾക്ക് ലഭിക്കാനുള്ള തുക ഉടൻതന്നെ ലഭിക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.