വിമാനങ്ങളുടെ വൈകലും യാത്രക്കാരന്റെ അവകാശങ്ങളും
text_fieldsയാത്രക്കാരുടെ ശ്രദ്ധയ്ക്ക്...
യാത്രയിൽ വിമാനങ്ങളുടെ വൈകിപ്പുറപ്പെടലും, അപ്രതീക്ഷിതമായ റദ്ദാക്കളും ഉൾപ്പെടെ പ്രവാസി യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. നാലും അഞ്ചും മണിക്കൂർ വിമാനം വൈകുന്നത് സ്വാഭാവികമായ കാഴ്ചയാണ്. എന്നാൽ, ഏറ്റവും വേഗത്തിലും സുരക്ഷിതവുമായി എത്തേണ്ട വിമാന യാത്രയിൽ അനിശ്ചിതമായ താമസമുണ്ടായാൽ ഇന്ത്യൻ വ്യോമയാന നിയമ പ്രകാരം യാത്രക്കാരന് ലഭിക്കേണ്ട കുറെ അവകാശങ്ങളുണ്ട്. അതെന്താണെന്ന് അറിയാം.
A. രണ്ടര മണിക്കൂർ യാത്ര സമയം ഉള്ള വിമാനം രണ്ടു മണിക്കൂറോ അതിലധികമോ വൈകുക.
B. രണ്ടര മണിക്കൂർ മുതൽ അഞ്ചു മണിക്കൂർ വരെ യാത്ര സമയം എടുക്കുന്ന വിമാനങ്ങൾ മൂന്നു മണിക്കൂറോ അതിൽ അധികമോ വൈകുക.
C. മേൽപറഞ്ഞ സമയ പരിധിയിൽ പെടാത്ത വിമാനങ്ങൾ നാല് മണിക്കൂറോ അതിലധികമോ വൈകുക.
യാത്രക്കാരന്റെ അവകാശങ്ങൾ.
സൗജന്യമായി ഭക്ഷണം, റിഫ്രഷ്മെന്റ് എന്നിവ എയർലൈൻ കമ്പനി യാത്രക്കാർക്ക് നൽകണം.
ആറു മണിക്കൂറിലധികം വൈകിയാൽ
യാത്രക്കാരന്റെ അവകാശങ്ങൾ:
1. മാറിയ സമയം നിർബന്ധമായും 24 മണിക്കൂർ മുമ്പെങ്കിലും യാത്രക്കാരനെ അറിയിച്ചിരിക്കണം.
2. ആറു മണിക്കൂറിനുള്ളിൽ ബദൽ വിമാനമോ നൽകുകയോ അതല്ലെങ്കിൽ ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ട് ചെയ്യുകയോ വേണം.
യാത്രക്കാരൻ ഇതിൽ ഇതാണോ ആവശ്യപ്പെടുന്നത്, അത് നൽകണമെന്നാണ് ചട്ടം.
വിമാനം 24 മണിക്കൂറിലധികം വൈകുക
അതല്ലെങ്കിൽ രാത്രി എട്ട് മണിക്കും പുലർച്ചെ മൂന്ന് മണിക്കും ഇടയിൽ പുറപ്പെടുന്ന വിമാനങ്ങൾ ആറു മണിക്കൂറിലധികം വൈകുക.
യാത്രക്കാരന്റെ അവകാശം:
സൗജന്യമായി ഹോട്ടൽ താമസം നൽകാൻ എയർലൈൻ ബാധ്യസ്ഥരാണ്.
വിമാനം റദ്ദാക്കപ്പെടുന്ന സാഹചര്യം
ഏതെങ്കിലും സാഹചര്യത്തിൽ ഫ്ലൈറ്റ് കാൻസൽ ആക്കുകയാണെങ്കിൽ ചുരുങ്ങിയത് രണ്ടാഴ്ച മുമ്പെങ്കിലും യാത്രക്കാരനെ അറിയിച്ചിരിക്കണം.
ഫ്ലൈറ്റ് കാൻസൽ ആയ വിവരം യാത്രക്കാരനെ അറിയിക്കുന്നത് രണ്ടാഴ്ച മുതൽ 24 മണിക്കൂർ മുമ്പെങ്കിലും ആണെങ്കിൽ.
യാത്രക്കാരന്റെ അവകാശം: മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് നൽകുകയോ അതല്ലെങ്കിൽ ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ട് നൽകുകയോ വേണം.
പരാതിപ്പെടാൻ എയർസേവ
വിമാന യാത്രയുമായി ബന്ധപ്പെട്ട പരാതികൾ ബോധിപ്പിക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലെ സംവിധാനമാണ് എയർ സേവ. എയർ സേവ ആപ്ലിക്കേഷൻ വഴിയോ, വെബ്സൈറ്റ് വഴിയോ, പി.എൻ.ആർ നമ്പർ സഹിതം ‘എയർ സേവ’യിൽ പരാതി നൽകാം. പ്രീ ട്രാവൽ, യാത്രക്കിടയിൽ, യാത്രക്കുശേഷം എന്നീ ഓപ്ഷനുകളിൽ എയർലൈൻ, എയർപോർട്ട്, കസ്റ്റംസ്, ഡി.ജി.സി., ഇമിഗ്രേഷൻ തുടങ്ങിയ വിഭാഗങ്ങളുമായെല്ലാം ബന്ധപ്പെട്ട് പരാതി നൽകാൻ കഴിയും.
വിമാനം റദ്ദാക്കൽ, കാൻസൽ ചെയ്യൽ, വൈകി പുറപ്പെടൽ എന്നീ സാഹചര്യങ്ങളിൽ നിയമാനുസൃത നഷ്ടപരിഹാരം ലഭിക്കാൻ പരാതി ബോധിപ്പിക്കാവുന്നതാണ്.
മേൽപറഞ്ഞത് പ്രകാരം 24 മണിക്കൂർ മുമ്പെങ്കിലും ക്യാൻസലേഷനെ കുറിച്ച് അറിയിക്കാൻ എയർലൈനുകൾക്കു സാധിച്ചില്ല എങ്കിൽ.
യാത്രക്കാരന്റെ അവകാശങ്ങൾ: സമാന്തര വിമാന ടിക്കറ്റ് നൽകുകയോ അതല്ലെങ്കിൽ ഫുൾ റീഫണ്ടിനോടൊപ്പം താഴെ പറയുന്ന പ്രകാരം നഷ്ട പരിഹാരവും നൽകണം.
A. ഒരു മണിക്കൂർ വരെ യാത്ര സമയം ഉള്ള വിമാനങ്ങൾ;
നഷ്ടപരിഹാരമായി 5000 രൂപ അല്ലെങ്കിൽ ഒരു ഭാഗത്തേക്കുള്ള ബേസിക് ഫെയറും എയർലൈൻ ഫ്യൂവൽ ചാർജ് എത്രയാണോ അതും.
ഇതിൽ ഏതാണോ കുറഞ്ഞ തുക അത് നൽകണമെന്നാണ് ചട്ടം.
B. ഒരു മണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെ യാത്ര സമയം ഉള്ള വിമാനങ്ങൾ.
നഷ്ടപരിഹാരമായി 7500 രൂപയോ അതല്ലെങ്കിൽ ഒരു ഭാഗത്തേക്കുള്ള ബേസിക് ഫെയറും എയർലൈൻ ഫ്യൂവൽ ചാർജും എത്രയാണോ അത്.
ഇതിൽ ഏതാണോ കുറഞ്ഞ തുക അത് നൽകണം.
C. രണ്ടു മണിക്കൂറിലധികം യാത്ര സമയം ഉള്ള വിമാനങ്ങൾ
നഷ്ടപരിഹാരമായി 10,000 രൂപയോ അതല്ലെങ്കിൽ ഒരു ഭാഗത്തേക്കുള്ള ബേസിക് ഫെയറും എയർലൈൻ ഫ്യൂവൽ ചാർജ് എത്രയാണോ അതും.
ഇതിൽ ഏതാണോ കുറഞ്ഞ തുക അത് നൽകണം.
തയാറാക്കിയത്: അഡ്വ. അബ്ദുൽ ഹസീബ് ഇ.ടി (അഭിഭാഷകനും, ഹൈദരാബാദ് നാഷണൽ ലോ യൂണിവേഴ്സിറ്റി (NALSAR) എം.എ ഏവിയേഷൻ ലോ വിദ്യാർഥിയുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.