ഗൾഫ് രാജ്യങ്ങളിലെ കാലിത്തീറ്റ വില ഏകീകരിക്കണമെന്ന് ആവശ്യം
text_fieldsമനാമ: ജി.സി.സി രാജ്യങ്ങളിലെ കാലിത്തീറ്റ വില ഏകീകരിക്കുന്നതിനുള്ള നിർദേശം മുൻ എം.പിയും കന്നുകാലി വ്യാപാരിയുമായ മുഹമ്മദ് അൽ മഅ്റഫി മുന്നോട്ടുവെച്ചു. കാലിത്തീറ്റ വില ക്രമാതീതമായി വർധിക്കുന്നതിനാൽ കാലിവളർത്തൽ മേഖലയിൽനിന്ന് 50 ശതമാനത്തോളം പേർ പിൻവലിഞ്ഞതായാണ് റിപ്പോർട്ട്. പ്രാദേശിക വിപണിയിൽ മാംസലഭ്യത കുറയുന്നതിനും ഇത് കാരണമായിട്ടുണ്ട്.
കാലിവളർത്തൽ ഒട്ടും ലാഭകരമല്ലാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യൻ കഴിക്കുന്ന ഭക്ഷണത്തിന്റെ മുഖ്യ പങ്കാണ് മാംസാഹാരങ്ങൾ. അതിനാൽ ഈ വിഷയം ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടത് കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധ്യമായ അളവിൽ കാലി കർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ ലഭ്യമാക്കുന്നതിന് പദ്ധതി രൂപപ്പെടുത്തണം. കാലിത്തീറ്റക്ക് കസ്റ്റംസ് തീരുവ, വാറ്റ് എന്നിവ ഒഴിവാക്കിക്കൊടുക്കാനും സർക്കാർ സന്നദ്ധമാവണം. കാലിത്തീറ്റ ഇറക്കുമതി മേഖലയിൽ പ്രവർത്തിച്ചിരുന്നവരെ തിരികെ കൊണ്ടുവരാനും മിതമായ നിരക്കിൽ ഇവ അയൽരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യാനും പ്രോത്സാഹനം നൽകണം.
ജി.സി.സി രാജ്യങ്ങളിൽ കാലിത്തീറ്റ വില ഏകീകരിക്കുന്നതിന് ജി.സി.സി സെക്രട്ടേറിയറ്റ് കൗൺസിലാണ് നടപടിയെടുക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട നിയമനിർദേശങ്ങൾ പാസാക്കണമെന്ന് പാർലമെന്റിനോടും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കാലിത്തീറ്റ സ്റ്റോക്കില്ലെന്നും ആവശ്യത്തിന് മാത്രമുള്ള ഉൽപാദനമാണ് നടക്കുന്നതെന്നും ബഹ്റൈൻ ഫ്ലോർമിൽ കമ്പനി അറിയിച്ചു. കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന ഗോതമ്പ് തവിട് ആഴ്ചയിൽ അഞ്ചു ദിവസവും ഉൽപാദിപ്പിക്കുന്നുണ്ട്. എന്നാൽ, ഉൽപാദിപ്പിക്കുന്നവ സ്റ്റോക്ക് ചെയ്യാൻ മാത്രമില്ലെന്നും വിപണിയിലെ ആവശ്യാനുസാരം നൽകുകയാണ് ചെയ്യുന്നതെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ചില സന്ദർഭങ്ങളിൽ ആവശ്യത്തിനനുസരിച്ച് കൊടുക്കാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്. 40 കിലോയുടെ 2500 ചാക്കുകളാണ് സാധാരണ ഗതിയിൽ ഉൽപാദിപ്പിക്കുന്നത്. ചില സന്ദർഭങ്ങളിൽ ആഴ്ചയിൽ രണ്ടു ദിവസം വീതം 700നും 800നുമിടയിൽ ചാക്കുകൾ വീതമാണ് ഉൽപാദനം. മില്ലിൽ അറ്റകുറ്റപ്പണി നടക്കുന്ന ദിവസങ്ങളിൽ ഉൽപാദനം നടക്കുകയുമില്ല. ചാക്കിന് വാറ്റ് അടക്കം 2.2 ദീനാറിനാണ് ഇവ വിൽപന നടത്തുന്നതെന്നും കമ്പനി അധികൃതർ അറിയിച്ചു.
എന്നാൽ, കരിഞ്ചന്തയിൽ കാലിത്തീറ്റ വിപണനം നടക്കുന്നതായി സൂചന കിട്ടിയിട്ടുണ്ട്. ഇതിന് തങ്ങൾ ഉത്തരവാദിയല്ലെന്നാണ് കമ്പനി നിലപാട്. കർഷകർക്ക് ആവശ്യമായ കന്നുകാലിത്തീറ്റ ലഭ്യമാക്കുന്നതിന് ഇടപെടുമെന്ന് മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിലെ മൃഗസമ്പത്ത് വിഭാഗം മേധാവി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.