ഭക്ഷ്യസുരക്ഷ: മത്സ്യ കയറ്റുമതി നിരോധിച്ച് ബഹ്റൈൻ
text_fieldsമനാമ: സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുമായി മത്സ്യങ്ങളുടെയും ചെമ്മീനുകളുടെയും കയറ്റുമതി നിരോധിച്ച് രാജ്യം. ചില മത്സ്യങ്ങളെ പിടിക്കുന്നതിന് രണ്ട് മാസത്തെ പുതിയ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ മത്സ്യസമ്പത്ത് വികസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും, പ്രാദേശിക വിപണിയുടെ ആവശ്യകതകൾ പൂർത്തീകരിക്കുന്നതിനുമായി ഹമദ് രാജാവിന്റെ നിർദേശപ്രകാരമാണ് നടപടി.
സുപ്രീം കൗൺസിൽ ഫോർ എൻവയേൺമെന്റ് (എസ്.സി.ഇ) പ്രസിഡന്റ് ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഞണ്ടുകളും ജെല്ലിഫിഷുകളും ഒഴികെ, എല്ലാ കടൽവിഭവങ്ങൾക്കും കയറ്റുമതി നിരോധനമുണ്ട്. ശീതീകരിച്ചതോ, ഉപ്പിലിട്ടതോ, ടിന്നിലടച്ചതോ ആയാലും കയറ്റുമതി നിരോധനം ബാധകമാണ്.എന്നാൽ മത്സ്യഫാമുകളിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് നിരോധനം ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.
ഷേരി, സാഫി, അൻഡക് എന്നീ മത്സ്യങ്ങൾ പിടിക്കുന്നതിന് ഏപ്രിൽ, മേയ് മാസങ്ങളിൽ നിരോധനമേർപ്പെടുത്തി. ഈ വർഷത്തെ നിരോധനം മേയിൽ മാത്രമെ ബാധകമാകൂ. നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾ ഈ മീനുകൾ വലയിൽ കുടുങ്ങിയാൽ അവയെ കടലിലേക്ക് തന്നെ വിടണം.
രാജ്യത്തിന്റെ സമുദ്രസമ്പത്ത് സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിയമവിരുദ്ധ മത്സ്യബന്ധന സമ്പ്രദായങ്ങളെ കർശനമായി നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളെ ശൈഖ് അബ്ദുല്ല ബിൻ ഹമദ്
അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.