ഭക്ഷണം അമൂല്യമാണ്; പാഴാക്കരുത്
text_fieldsമനാമ: റമദാൻ കാലത്ത് ഭക്ഷണപദാർഥങ്ങൾ ധാരാളമായി വാങ്ങുന്നത് സാധാരണമാണ്. രുചികരമായതും വൈവിധ്യമുള്ളതുമായ വിഭവങ്ങൾ ഒരുക്കാനും കഴിക്കാനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകാനും ഏവർക്കും താൽപര്യമുണ്ടാകുന്നത് സ്വാഭാവികവുമാണ്. പക്ഷേ, ആവശ്യത്തിലധികം ഭക്ഷണസാധനങ്ങൾ വാങ്ങുകയും അവ ഉപേക്ഷിക്കുകയും ചെയ്യുന്ന ശീലം അത്ര നല്ലതല്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. റമദാൻ കാലത്ത് ഭക്ഷണപദാർഥങ്ങൾ ഉപേക്ഷിക്കുന്നതിനെതിരെ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നഗരകാര്യ, കാർഷിക മന്ത്രാലയം.
ഈ വിഷയത്തിൽ ബോധവത്കരണമുദ്ദേശിച്ച് മന്ത്രാലയം ഒരു വിഡിയോ പുറത്തുവിട്ടിരുന്നു. ഉപയോഗത്തിനനുസരിച്ച് മാത്രം ഭക്ഷ്യപദാർഥങ്ങൾ വാങ്ങിക്കുക എന്ന സന്ദേശമാണ് വിഡിയോയിലുള്ളത്. റമദാൻ കാലത്ത് വാങ്ങുന്ന ഭക്ഷ്യവിഭവങ്ങളുടെ 35 ശതമാനവും വേസ്റ്റാക്കുകയാണെന്നാണ് കണക്ക്. സാധാരണ 15 മുതൽ 25 ശതമാനം വരെയാണ് ഭക്ഷണപദാർഥങ്ങൾ പാഴായിപ്പോകുന്നത്. റമദാൻ കാലത്ത് ഇതിന്റെ അളവ് വർധിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽപോലും പാഴാകുന്ന ഭക്ഷണപദാർഥങ്ങളുടെ അളവ് 33 ശതമാനമാണ്.
മറ്റുള്ളവർക്ക് ആഹാരം നൽകണമെന്ന ഉദ്ദേശ്യത്തിലാണ് ജനങ്ങൾ ധാരാളമായി ചെലവഴിക്കുന്നത്. ഈ സമീപനം നല്ല കാര്യമാണെങ്കിലും ഭക്ഷണം പാഴായിപ്പോകുന്നത് ഒഴിവാക്കാനായി ബുദ്ധിപൂർവമായ സമീപനം വേണമെന്ന് മുനിസിപ്പൽ കൗൺസിലർമാർ ചൂണ്ടിക്കാട്ടുന്നു. 600 ടണ്ണോളം ഭക്ഷണവേസ്റ്റാണ് റമദാൻ കാലത്ത് ബഹ്റൈനിലാകമാനം കൈകാര്യം ചെയ്യപ്പെടുന്നത്. ഇഫ്താറുകളും ഗബ്ഗകളുമൊരുക്കുന്നവർ കുറച്ചുകൂടി ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും കൗൺസിലർമാർ ആവശ്യപ്പെടുന്നു.
സാമൂഹിക വികസന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കൺസർവിങ് ബൗണ്ടീസ് സൊസൈറ്റി, ബഹ്റൈനിലെ ഭക്ഷണമാലിന്യപ്രശ്നം പരിഹരിക്കാൻ ഇടപെടലുകൾ നടത്തുന്നുണ്ട്. അധികം വരുന്ന ഭക്ഷണം ശേഖരിച്ച് ആവശ്യമുള്ള കുടുംബങ്ങൾക്കും വിദേശ തൊഴിലാളികൾക്കും ലേബർ ക്യാമ്പുകൾക്കും നൽകുകയാണ് സംഘടന ചെയ്യുന്നത്. നിരവധി മലയാളി സന്നദ്ധപ്രവർത്തകരും ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണമാലിന്യങ്ങൾ നിലവിൽ അസ്കറിലെ മാലിന്യകേന്ദ്രത്തിലാണ് മുനിസിപ്പാലിറ്റികൾ നിക്ഷേപിക്കുന്നത്. ഇതിന്റെ ശേഷിക്കപ്പുറമാണ് ഇപ്പോൾ മാലിന്യങ്ങളെത്തുന്നത്. അതുകൊണ്ടുതന്നെ മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്നത് പ്രധാനമാണെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.