ആരാധകർ ടിക്കറ്റ് ക്യൂവിലാണ്
text_fieldsദോഹ: ചൊവ്വാഴ്ച ആരംഭിച്ച ഫിഫ ലോകകപ്പ് രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ്ങിന് ഫുട്ബാൾ ആരാധകരിൽനിന്ന് ആവേശകരമായ പ്രതികരണം. ലോകകപ്പ് ഗ്രൂപ് റൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയാവുകയും മത്സരങ്ങളും ടീമുകളും വ്യക്തമാവുകയും ചെയ്തതോടെ ടിക്കറ്റെടുക്കാനായി മലയാളികൾ ഉൾപ്പെടെയുള്ള ആരാധകർ കഴിഞ്ഞദിവസം മുതൽ ഓൺലൈനിൽ കുത്തിപ്പിടിച്ച് ഇരിപ്പായി. ഉച്ചയോടെ തുടങ്ങിയ രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ് 28വരെ നീണ്ടുനിൽക്കും.
മുൻ ഘട്ടങ്ങളേക്കാൾ പതിൻമടങ്ങാണ് രണ്ടാംഘട്ടത്തിൽ ടിക്കറ്റിന് ആവശ്യക്കാരെ പ്രതീക്ഷിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 1.70 കോടി അപേക്ഷകളായിരുന്നു ലഭിച്ചത്. വിറ്റത് എട്ട് ലക്ഷം ടിക്കറ്റുകളും. ഒരു ദിവസം രണ്ടു മത്സരങ്ങൾ വരെ ബുക്ക് ചെയ്യാനുള്ള സൗകര്യം ആരാധകർക്ക് നൽകുന്നതായി ഫിഫ അറിയിച്ചു. ലോകകപ്പ് ചരിത്രത്തിൽതന്നെ ആദ്യമായാണ് ഒരേ ദിവസം രണ്ടു മത്സരങ്ങൾ വരെ ആരാധകർക്ക് ബുക്ക് ചെയ്യാൻ കഴിയുന്നത്. ഖത്തറിൽ എട്ട് വേദികളും തമ്മിലെ അകലം കുറഞ്ഞതും ഒരു കളി കഴിഞ്ഞ് അടുത്ത മത്സരത്തിനായി ആരാധകർക്ക് ഓടിയെത്താൻ കഴിയുമെന്നതിനാലുമാണ് ഒരുദിവസത്തെ ഒന്നിലേറെ മത്സരങ്ങൾക്ക് ബുക്ക് ചെയ്യാൻ അവസരം ഒരുക്കിയത്. കഴിഞ്ഞ ലോകകപ്പ് വരെ ഒരു വേദിയിൽനിന്ന് മറ്റൊരു വേദിയിലേക്ക് 300ഉം 500 ഉം കി.മീ ദൂരമായിരുന്നുവെങ്കിൽ 75 കി.മീ ദൂരത്തിനുള്ളിൽ എട്ട് സ്റ്റേഡിയങ്ങളും ഒരുക്കിയാണ് ഖത്തർ ഫുട്ബാൾ ലോകത്തെ കാത്തിരിക്കുന്നത്.
നാലു വിഭാഗം ടിക്കറ്റുകളിൽ ഉൾപ്പെടുന്ന സപ്പോർട്ടർ ടിക്കറ്റും കണ്ടീഷനൽ സപ്പോർട്ടർ ടിക്കറ്റുമാണ് ഇത്തവണ പുതുതായി അവതരിപ്പിച്ചത്.
അതേസമയം, ചില ടീമുകൾക്ക് ഔദ്യോഗിക ഫാൻ ക്ലബിലെ രജിസ്റ്റർ ചെയ്ത ആരാധകസംഘങ്ങളാണ് ഇതിലേക്ക് പരിഗണിക്കപ്പെടുന്നത്. ഇതിനുപുറമെ, വ്യക്തിഗത മാച്ച് ടിക്കറ്റിനും ഫോർ സ്റ്റേഡിയം ടിക്കറ്റ് സീരീസിനും ആരാധകർക്ക് അപേക്ഷിക്കാം. എല്ലാ വിഭാഗങ്ങളിലും ഭിന്നശേഷിക്കാരായ കാണികൾക്ക് അസസ്സബിലിറ്റി ടിക്കറ്റും ലഭ്യമാണ്. ആദ്യഘട്ടത്തിന്റെ ടിക്കറ്റ് വില തന്നെയാണ് രണ്ടാം ഘട്ടത്തിലും ലഭ്യമാക്കുന്നത്. ഖത്തർ റസിഡന്റിന് കാറ്റഗറി നാല് ടിക്കറ്റ് 40 റിയാൽ മാത്രമാണ് വില.
ബുക്ക് ചെയ്യാൻ തിടുക്കം വേണ്ട
രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത് മുതൽ ഫിഫ വെബ്സൈറ്റിൽ നീണ്ട ക്യൂവായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഫുട്ബാൾ ആരാധകർ ഒന്നിച്ച് കയറിയതോടെ വെബ്സൈറ്റിലെ ബുക്കിങ് വിൻഡോയിൽ പ്രവേശിക്കാൻ മണിക്കൂറുകൾ നീണ്ട ക്യൂവായി മാറി. എന്നാൽ, ഏപ്രിൽ 28വരെ നീണ്ടുനിൽക്കുന്ന രണ്ടാം ഘട്ട ബുക്കിങ്ങിൽ തിടുക്കം കൂട്ടേണ്ടെന്ന് ഫിഫ ആരാധകരോട് നിർദേശിക്കുന്നു. റാൻഡം നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് അനുവദിക്കുന്നത് എന്നതിനാൽ, ഇന്ന് ബുക്ക് ചെയ്യുന്നതും ഏപ്രിൽ 27ന് ബുക് ചെയ്യുന്നതും ഫലം ഒരുപോലെയാണ്.
28ന് ടിക്കറ്റ് ബുക്കിങ് അവസാനിച്ചശേഷം മാത്രമായിരിക്കും റാൻഡം നറുക്കെടുപ്പിലേക്ക് നീങ്ങുന്നത്. മേയ് 31ന് മുതൽ ഇ-മെയിൽ വഴി വിവരമറിയിക്കുന്നത് അനുസരിച്ചാണ് ടിക്കറ്റിന് പണം അടക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.