നേരിട്ടുള്ള വിദേശ നിക്ഷേപം: ബഹ്റൈന് വൻ വളർച്ച
text_fieldsമനാമ: കഴിഞ്ഞവർഷം ബഹ്റൈന് 6.8 ബില്യൺ യു.എസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം അധികമായി ലഭിച്ചെന്ന് (എഫ്.ഡി.ഐ) കണക്കുകൾ. 2022നേക്കാൾ 148% വർധനയാണിതെന്നും യുനൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓഫ് ട്രേഡ് ആൻഡ് ഡവലപ്മെന്റിന്റെ (യു.എൻ.സി.ടി.എ.ഡി) ഏറ്റവും പുതിയ വേൾഡ് ഇൻവെസ്റ്റ്മെന്റ് റിപ്പോർട്ട് (WIR 2024) വ്യക്തമാക്കുന്നു.
2022ൽ അധികമായി ലഭിച്ച നേരിട്ടുള്ള വിദേശ നിക്ഷേപം 2.8 ബില്യൺ യു.എസ് ഡോളറായിരുന്നു. ഈ വർധന ആകെയുള്ള വിദേശ നിക്ഷേപത്തിന്റെ വളർച്ചക്കും (ക്യുമുലേറ്റിവ് ഇൻവേർഡ് എഫ്.ഡി.ഐ) കാരണമായി. 2022ലെ 36.2 ബില്യൺ യു.എസ് ഡോളറിൽനിന്ന് 43.1 ബില്യൺ ഡോളറായി ക്യുമുലേറ്റിവ് ഇൻവേർഡ് എഫ്.ഡി.ഐ സ്റ്റോക്ക് ഉയർന്നു.
കുവൈത്താണ് (36%), ബഹ്റൈനിൽ കൂടുതൽ വിദേശനിക്ഷേപം നടത്തിയിട്ടുള്ളത്. സൗദി അറേബ്യ (23%), യുനൈറ്റഡ് അറബ് എമിറേറ്റ്സ് (10%) എന്നിങ്ങനെയാണ് കണക്ക്. നേരിട്ടുള്ള വിദേശനിക്ഷേപം വർധിച്ചത് രാജ്യത്തിന്റെ സുസ്ഥിരമായ പ്രകടനത്തിന്റെ തെളിവാണെന്ന് ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ഇ.ഡി.ബി) ചീഫ് എക്സിക്യൂട്ടിവ് നൂർ ബിൻത് അലി അൽഖുലൈഫ് പറഞ്ഞു. നിക്ഷേപകരുടെ ആകർഷകകേന്ദ്രമായി രാജ്യം തുടരുകയാണ്. സാമ്പത്തിക വളർച്ചയും വൈവിധ്യവത്കരണവും പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സാമ്പത്തിക പദ്ധതികൾ ഇതിന് സഹായകരമായി. ജി.ഡി.പി 2003ൽ 43 ബില്യൺ ഡോളറായി ഉയർന്നു. 7% വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. സാമ്പത്തിക വളർച്ച ഉണ്ടായെന്നു മാത്രമല്ല, സമ്പദ്വ്യവസ്ഥയും വൈവിധ്യവത്കരിക്കപ്പെട്ടു. സാമ്പത്തിക സേവന മേഖല വലിയ വളർച്ച കൈവരിക്കുകയും ജി.ഡി.പി സംഭാവനയിൽ എണ്ണ മേഖലയെ പിന്തള്ളുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.