വിദേശ തൊഴിൽ തട്ടിപ്പ് കേസ്: വ്യാജ ഏജസികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈകോടതിയിൽ
text_fieldsമനാമ: വിദേശ തൊഴിൽ തട്ടിപ്പ് കേസുകളിൽ വ്യാജ ഏജൻസികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈകോടതിയിൽ. കുറച്ചുനാളുകളായി കേരളത്തിൽ അങ്ങോളമിങ്ങോളം വിദേശ തൊഴിൽ തട്ടിപ്പ് കേസുകൾ വ്യാപകമായി നടക്കുന്നതായും ശക്തമായ നിയമനടപടികൾ എടുക്കുന്നതിൽ അധികൃതർ പരാജയപ്പെടുന്നെന്നും ചൂണ്ടിക്കാണിച്ചാണ് ഹരജി.
കോവിഡിനെതുടർന്ന് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി കേരളത്തിൽനിന്ന് പുറപ്പെടുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടായിട്ടുണ്ടെന്നും അതോടൊപ്പമുണ്ടാകുന്ന തട്ടിപ്പുകളിലും വൻ വർധനയുണ്ടാകുന്നതായും ഹരജിയിൽ പറയുന്നു. വിദേശപഠനത്തിനായി കുട്ടികളെ അയക്കുന്ന ഏജൻസികൾ നിലവിൽ ഇന്ത്യൻ എമിഗ്രേഷൻ നിയമത്തിനു പുറത്താണ്.
ഇത്തരം അവസരങ്ങൾ മുതലെടുത്താണ് വൻ തട്ടിപ്പുകൾ തുടർച്ചയായി നടക്കുന്നത്. ഗാർഹിക ജോലിക്കെന്നു പറഞ്ഞു സന്ദർശക വിസയിലും മറ്റും മനുഷ്യകടത്തുപ്പെടെയുള്ള കേസുകൾ വർധിച്ചുവരുന്നതായും ഹരജിയിൽ പറയുന്നു. നോർക്കയുടെ നേതൃത്വത്തിൽ കൂടുതൽ ബോധവത്കരണ നടപടികളും വ്യാജ ഏജൻസികൾക്കെതിരെയുള്ള നടപടി ശക്തപ്പെടുത്തണമെന്നും പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നൽകിയ ഹരജിയിൽ ആവശ്യപ്പെടുന്നു. ഹരജി വ്യാഴാഴ്ച കേരള ഹൈകോടതി പരിഗണിക്കും.
തൊഴിൽ തട്ടിപ്പ് കേസുകളിൽപ്പെട്ടുപോകുന്ന ഇരകളെ നാട്ടിലേക്കു തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് വിദേശരാജ്യത്ത് വലിയ നൂലാമാലകളുണ്ടാവാറുണ്ടെന്നും ഏറ്റവും ലളിതമായ പരിഹാരമെന്നു പറയുന്നത് കേരളത്തിൽതന്നെ വ്യാജ ഏജൻസികളെ നിയന്ത്രിക്കുന്നതാണ് നല്ലതെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹ്റൈൻ ചാപ്റ്റർ അധ്യക്ഷനുമായ സുധീർ തിരുനിലത്ത്, ദുബൈ ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, ഖത്തർ ചാപ്റ്റർ അധ്യക്ഷൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി, യു.കെ ചാപ്റ്റർ അധ്യക്ഷ അഡ്വ. സോണിയ സണ്ണി തുടങ്ങിയവർ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.