മുൻ ബഹ്റൈൻ പ്രവാസി പി.വി. മൊയ്തു നിര്യാതനായി
text_fieldsമനാമ: ആദ്യ കെ.എം.സി.സി നേതാവും മുൻ ബഹ്റൈൻ പ്രവാസിയുമായിരുന്ന കുറ്റ്യാടി കായക്കൊടി തളീക്കര പി.വി. മൊയ്തു (കാഞ്ഞിരോളി) നിര്യാതനായി. ഭാര്യ: ഖദീശ നിടിയപ്പറമ്പത്ത് കടമേരി. മക്കൾ: അൻവർ (ബിസിനസ് ബഹ്റൈൻ), അബ്ദുൽ സത്താർ (ബിസിനസ്, ബഹ്റൈൻ), നൗഷാദ് (ദുബൈ), റൈഹാനത്ത്. മരുമക്കൾ: റഫീന അൻവർ, സഫീറ നൗഷാദ്, നൗഷിദ സത്താർ. സഹോദരങ്ങൾ: ഹമീദ്, അബ്ദുല്ല, അസീസ്, സാറ, ആസിയ, പരേതയായ ഫാത്തിമ.
പി.വി. മൊയ്തുവിന്റെ നിര്യാണത്തിൽ കെ.എം.സി.സി അനുശോചിച്ചു
മനാമ: കെ.എം.സി.സി ബഹ്റൈന്റെ ആദ്യകാല നേതാവായിരുന്ന പി.വി. മൊയ്തു തളീക്കരയുടെ നിര്യാണം തീരാനഷ്ടമാണെന്ന് കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് കമ്മിറ്റി. ’70കളിൽ ബഹ്റൈനിൽ എത്തിച്ചേർന്ന അദ്ദേഹം ചന്ദ്രിക റീഡേഴ്സ് ഫോറവുമായി ബന്ധപ്പെട്ട് പ്രവർത്തനത്തിന് തുടക്കംകുറിച്ചു. പിന്നീട് ഇങ്ങോട്ടുള്ള കാലങ്ങളിൽ നേതൃസ്ഥാനങ്ങളിൽ ഇരിക്കാതെതന്നെ നേതൃപരമായ പങ്കുവഹിക്കുകയായിരുന്നു.
കെ.എം.സി.സിയുടെ കെട്ടുറപ്പിനും വളർച്ചക്കും ഉപകരിക്കുന്ന നിർദേശങ്ങളും നയചാതുര്യവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. കോഴിക്കോട് ജില്ലയിലെ തളീക്കര സ്വദേശിയായ പി.വി. മൊയ്തു ഏതാണ്ട് 15 വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയി. തുടർന്ന് അദ്ദേഹം കർമമണ്ഡലമായി സ്വന്തം നാടിനെ സ്വീകരിക്കുകയായിരുന്നു. കായക്കൊടി ഗ്രാമപഞ്ചായത്തിൽ മുസ്ലിംലീഗ് പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ച് ജയിച്ച് പൊതുപ്രവർത്തന മേഖലയിൽ മുദ്ര പതിപ്പിച്ചു.
മഹല്ല് പ്രവർത്തനങ്ങൾക്ക് ഊർജം പകരാനും അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നു. നാട്ടിലെ പ്രശ്നങ്ങളിൽ അനുനയത്തിന്റെ സമീപനം സ്വീകരിച്ച് അദ്ദേഹം മാതൃകയായി. കെ.എം.സി.സി ബഹ്റൈന്റെ ഇപ്പോഴത്തെ നേതാക്കളുമായും പ്രവർത്തകരുമായും ഹൃദയബന്ധം നിലനിർത്തിയിരുന്നു അദ്ദേഹമെന്നും അനുശോചനസന്ദേശത്തിൽ പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരിയും ആക്ടിങ് ജനറൽ സെക്രട്ടറി റഫീഖ് തോട്ടക്കരയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.