ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രി: ആവേശത്തോടെ കായിക പ്രേമികൾ
text_fieldsമനാമ: ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രി മത്സരങ്ങൾക്ക് ഒരുക്കം പൂർത്തിയായി. കോവിഡ് നിയന്ത്രണങ്ങൾ കാരണം കാണികളില്ലാതെയാണ് ഇത്തവണ മത്സരം നടത്തുന്നതെങ്കിലും ആവേശത്തിന് കുറവില്ല. ബഹ്റൈെൻറ വീഥികളിലെങ്ങും മത്സരത്തെ സ്വഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ കാണാം.
കഴിഞ്ഞ മാർച്ചിൽ നടക്കേണ്ടിയിരുന്ന മത്സരം കോവിഡിനെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. എന്നാൽ, ഫോർമുല വൺ ബഹ്റൈനിലേക്ക് തിരിച്ചുവന്നപ്പോൾ രണ്ട് മത്സരങ്ങൾക്കാണ് വേദിയൊരുങ്ങുന്നത്. ബഹ്റൈനിൽ ആദ്യമായാണ് ഫോർമുല വൺ ഡബ്ൾ ഹെഡർ നടക്കുന്നത്.
സാഖിറിലെ ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ടിൽ നവംബർ 27 മുതൽ 29വരെ ഫോർമുല വൺ ഗൾഫ് എയർ ഗ്രാൻഡ് പ്രീ നടക്കും. ഡിസംബർ നാല് മുതൽ ആറ് വരെയാണ് ഫോമുല വൺ റോളക്സ് സാഖിർ ഗ്രാൻഡ് പ്രീ മത്സരം. കോവിഡ് പ്രതിരോധ രംഗത്ത് മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും മത്സരങ്ങൾ കാണാൻ അവസരമൊരുക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരോടുള്ള ആദരസൂചകമായാണ് സീറ്റ് അനുവദിച്ചിരിക്കുന്നത്.
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ടീമുകളെ ബി.െഎ.സിയുടെ മീറ്റ് ആൻഡ് ഗ്രീറ്റ് ടീമാണ് സ്വാഗതം ചെയ്യുന്നത്.വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കും വൈകീട്ട് ആറിനും 90 മിനിറ്റ് വീതമുള്ള രണ്ട് പരിശീലന സെഷനുകളാണുള്ളത്. 60 മിനിറ്റ് ദൈർഘ്യമുള്ള മൂന്നാമത്തെ പരിശീലനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. അഞ്ചു മണിക്കാണ് യോഗ്യത റൗണ്ട് മത്സരം നടക്കുക.
ഞായറാഴ്ച വൈകീട്ട് 5.10നാണ് ഫൈനൽ മത്സരം അരങ്ങേറുക. ഡിസംബർ 11 മുതൽ 13 വരെ നടക്കുന്ന അബൂദബി ഗ്രാൻഡ് പ്രീയോടെ ഇൗ സീസണിലെ മത്സരങ്ങൾക്ക് തിരശ്ശീല വീഴും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.