മലയാളി അക്കൗണ്ടന്‍റുമാർ തട്ടിപ്പുനടത്തിയ സംഭവം: പിടിയിലായ പ്രതിക്ക് ഒരു വർഷം തടവും പിഴയും
text_fieldsമനാമ: ബഹ്റൈനിൽ സ്വകാര്യ കമ്പനിയിൽ നിന്ന് കോടികളുടെ തട്ടിപ്പുനടത്തിയ മലയാളി അക്കൗണ്ടന്‍റുമാരിൽ പിടിയിലായ പ്രതിയുടെ വിധി വന്നു. സംഭവം നടന്നശേഷം ബഹ്റൈനിൽനിന്ന് തന്നെ പിടിയിലായ തിരുവനന്തപുരം സ്വദേശിക്ക് ഒരു വർഷത്തെ തടവും 74000 ദീനാർ പിഴയായി തൊഴിലുടമക്ക് നൽകാനുമാണ് കോടതി ഉത്തരവ്. രാജ്യം വിട്ട ആലപ്പുഴ സ്വദേശിയെ പിടികൂടാൻ ഒരു മാസത്തിനുള്ളിൽ തന്നെ ഇന്‍റർപോളിന്‍റെ സഹായം തേടുമെന്നും അധികൃതർ അറിയിച്ചു.
പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കും. ഏകദേശം 13,0000ത്തിലധികം ദീനാറിന്‍റെ (ഇന്ത്യൻ രൂപ മൂന്നു കോടി രൂപ) തട്ടിപ്പ് നടത്തിയതായതാണ് കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്റ്റീൽ ആൻഡ് ഫാബ്രിക്കേഷൻ കോൺട്രാക്ടിങ് കമ്പനിയിൽ 2017 മുതൽ ജോലി ചെയ്തു വരുന്നവരാണ് പ്രതികൾ. തിരുവനന്തപുരം, ആലപ്പുഴ സ്വദേശികളായ ഇരുവരുമാണ് സ്ഥാപനത്തിലെ കണക്കുകളും മറ്റും കൈകാര്യം ചെയ്തിരുന്നത്.
സാലറി ഇനത്തിലും മറ്റുമായി കണക്കുകളിൽ അധിക തുക എഴുതിച്ചേർത്താണ് തട്ടിപ്പുനടത്തിയത്. മാസം 2000 മുതൽ 2500 ദീനാർ വരെ അധികമായി എഴുതിച്ചേർത്തെന്നാണ് കണ്ടെത്തൽ. 2020 മുതലുള്ള സാലറി ഇനത്തിൽ മാത്രം നടത്തിയ തിരിമറിയുടെ കണക്ക് വിവരങ്ങളാണ് നിലവിൽ പുറത്തുവന്നത്. അത് മാത്രം മൂന്ന് കോടി ഇന്ത്യൻ രൂപയോളം വരുമെന്നാണ് സ്ഥാപന ഉടമ വ്യക്തമാക്കുന്നത്. കണക്കുകൾ അധികമായി കൂട്ടിച്ചേർത്ത് ആർക്കും തിരിച്ചറിയാത്ത പാകത്തിൽ ഇരുവരും തന്ത്രപൂർവം കബളിപ്പിക്കുകയായിരുന്നു. സ്ഥാപനത്തിലെ ഔഡിറ്ററുടെ പരിശോധനകളിലും ഈ തട്ടിപ്പ് കണ്ടെത്താനായിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.