ബഹ്റൈനിൽ ട്രേഡിങ്ങിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്; ഇരകളിൽ ഒരാൾക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
text_fieldsമനാമ: ബഹ്റൈനിൽ വിവിധ സ്ഥാപനങ്ങളെ ട്രേഡിങ്ങിന്റെ മറവിൽ ചെക്ക് നൽകി കബളിപ്പിച്ച് കോടികൾ തട്ടിയ കേസിൽ ഇരകളിൽ ഒരാൾക്ക് നഷ്ടപരിഹാരം നൽകാൻ ഹൈ കൊമേഴ്സ്യൽ കോടതി ഉത്തരവ്.
പ്രസിദ്ധീകരണ-മാർക്കറ്റിങ് കമ്പനിയിൽ നിന്ന് കമ്പ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങിയശേഷം ചെക്ക് നൽകി കബളിപ്പിച്ചെന്ന കേസിലാണ് വിധി. 29,000 ദീനാർ ഈ സ്ഥാപനത്തിന് പ്രതികൾ നൽകാനുണ്ട്. ചെക്ക് ഹാജരാക്കിയപ്പോൾ മടങ്ങുകയായിരുന്നു. നിയമപരമായ പലിശയടക്കം 29,514.934 ദീനാറും വിവർത്തന ഫീസായി 164 ദീനാർ, തപാൽ ഫീസായി 2.6 ദീനാർ, കോടതിച്ചെലവിന് 500 ദീനാർ അടക്കം പ്രതികൾ നൽകണമെന്നാണ് വിധി. തട്ടിപ്പിനുശേഷം കമ്പനിയുടെ ഓഹരിയുടമകളും നടത്തിപ്പുകാരുമായ പ്രതികൾ കേരളത്തിലേക്ക് കടക്കുകയായിരുന്നു. ഈസ്റ്റ് റിഫയിൽ നിന്നുള്ള 75 കാരനായ സ്വദേശിയാണ് കമ്പനിയുടെ ബാക്കി 51 ശതമാനം ഓഹരിയുടെ ഉടമ.
അഞ്ചുലക്ഷം ദീനാറോളം വിവിധ സ്ഥാപനങ്ങളിൽ നിന്നായി സ്ഥാപനയുടമകൾ കബളിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പരാതി. തട്ടിപ്പിനിരയായ നാൽപതോളം പേർ പൊലീസിൽ പരാതി നൽകിയിരുന്നു. ജനറൽ ട്രേഡിങ് ആൻഡ് കൺസ്ട്രക്ഷൻ എന്ന നിലയിൽ ലൈസൻസുള്ള സ്ഥാപനം സീഫ് ഏരിയയിലാണ് പ്രവർത്തിച്ചിരുന്നത്. കേരളത്തിലേക്ക് കടന്ന തിരുവനന്തപുരം സ്വദേശി അടക്കമുള്ളവർക്കെതിരെ ശക്തികുളങ്ങര പൊലീസ് കഴിഞ്ഞമാസം കേസെടുത്തിരുന്നു.
ബഹ്റൈനിൽ പ്രവർത്തിക്കുന്ന ശക്തികുളങ്ങര സ്വദേശിനി ഷാനുജാന്റെ പരാതിയിൽ ചവറ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശി അമർ സലിം, കൊല്ലം തേവലക്കര സ്വദേശി സ്റ്റെഫി സ്റ്റീഫൻ, കാസർകോട് സ്വദേശികളായ മുഹമ്മദ് റഫീക്ക്, മുഹമ്മദ് ഉനൈസ് എന്നിവർക്കെതിരെയാണ് കേസ്. ആദ്യ തവണകളിൽ പണം കൃത്യമായി നൽകുകയും ചെക്കുകൾ കൃത്യമായി പാസാക്കുകയും ചെയ്തതോടെ, കൂടുതൽ തുകയുടെ സാധനങ്ങൾ കടമായി നൽകാൻ വ്യാപാരികൾ തയാറായി. അത്തരം കച്ചവടക്കാരിൽനിന്ന് ഭീമമായ തുക തട്ടിയെടുക്കുന്നതായിരുന്നു പ്രതികളുടെ രീതി.
തട്ടിപ്പിനിരയായ എല്ലാവർക്കും ഏകദേശം ഒരേ തീയതിയിലാണ് ചെക്ക് നൽകിയിരുന്നത് എന്നതിൽനിന്ന് വ്യക്തമായ ആസൂത്രണം ഇക്കാര്യത്തിൽ നടന്നിട്ടുണ്ടെന്നത് വ്യക്തമായിരുന്നു. കമ്പനിയുടെ കോമേഴ്സ്യൽ രജിസ്ട്രേഷൻ റദ്ദാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.