ബഹ്റൈനെതിരായ സൗഹൃദ ഫുട്ബാൾ മത്സരം ഇന്ന്; യുവത്വത്തിന്റെ കരുത്തിൽ ഇന്ത്യ
text_fieldsമനാമ: ബഹ്റൈനെതിരായ സൗഹൃദ ഫുട്ബാൾ മത്സരത്തിന് ഇന്ത്യൻ ടീം ഇറങ്ങുന്നത് ഏറെ പ്രതീക്ഷകളോടെ. എ.എഫ്.സി കപ്പ് യോഗ്യതാറൗണ്ടിനുള്ള മുന്നൊരുക്കമെന്നനിലയിൽ നടത്തുന്ന പരിശീലനമത്സരം പുതുമുഖതാരങ്ങൾക്ക് മികച്ച അവസരമാണ് നൽകുന്നത്. ബഹ്റൈനെതിരെ അത്ര നല്ല റെക്കോഡല്ല ഉള്ളതെങ്കിലും പ്രതീക്ഷകളോടെയാണ് മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാക്കിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ബഹ്റൈനിൽ എത്തിയിരിക്കുന്നത്. ഇതുവരെ ബഹ്റൈനെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന ദുഷ്പേര് ഇത്തവണയെങ്കിലും മാറ്റിയെടുക്കണമെന്ന മോഹമാണ് ഇന്ത്യക്കുള്ളത്.
2019 ജനുവരി 14ന് നടന്ന എ.എഫ്.സി കപ്പ് മത്സരത്തിൽ 0-1 എന്ന സ്കോറിന് ഇന്ത്യ ബഹ്റൈനോട് തോൽവി വഴങ്ങിയിരുന്നു. നോക്കൗട്ട് റൗണ്ടിലേക്കുള്ള ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിപ്പിച്ചത് മത്സരത്തിന്റെ അധികസമയത്ത് ബഹ്റൈൻ നേടിയ ഗോളാണ്. അന്നത്തെ തോൽവിക്ക് പകരംവീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക. അതിന് മുമ്പ് ഇരു ടീമുകളും അഞ്ച് തവണ ഏറ്റുമുട്ടിയപ്പോൾ നാലിലും വിജയം ബഹ്റൈനായിരുന്നു. ഒരു മത്സരം സമനിലയിലായി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന സാഫ് കപ്പ് ഫൈനലിൽ നേപ്പാളിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കിരീടം ചൂടിയ കരുത്തിലാണ് ഇന്ത്യൻ ടീം ബഹ്റൈനുമായി ഏറ്റുമുട്ടുന്നത്. മത്സരത്തിൽ കരുത്തുറ്റ പോരാട്ടമായിരിക്കും ഇന്ത്യൻ ടീം കാഴ്ചവെക്കുകയെന്ന് കോച്ച് ഇഗോർ സ്റ്റിമാക് പറഞ്ഞു. കരുത്തരായ എതിരാളികൾക്കെതിരെ മത്സരിച്ച് പരിചയസമ്പത്ത് നേടാൻ പുതുമുഖങ്ങൾക്ക് ലഭിക്കുന്ന അവസരമാണ് ഇത്. ചില പുതുമുഖങ്ങളെയും ഉൾപ്പെടുത്തി അന്തിമ ഇലവൻ ടീമിനെ പ്രഖ്യാപിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കോച്ച് പറഞ്ഞു. ജൂണിൽ നടക്കുന്ന എ.എഫ്.സി കപ്പ് യോഗ്യതാമത്സരങ്ങൾക്കുള്ള മികച്ച പരിശീലനമായിരിക്കും ഇന്നത്തെ മത്സരമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗ് സമാപിച്ചതിന് തൊട്ടുപിന്നാലെയാണ് 25 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായി മികച്ച പ്രകടനം നടത്തിയ വി.പി. സുഹൈറാണ് ടീമിൽ ഇടംനേടിയ ഏക മലയാളി. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ പ്രഭ്ശുഖൻ ഗിൽ, ഹോംപിയാം റുയിവ, ബംഗളൂരു എഫ്.സിയുടെ റോഷൻ സിങ്, ഡാനിഷ് ഫാറൂഖ്, ഹൈദരാബാദ് എഫ്.സിയുടെ അനികേത് ജാദവ്, എഫ്.സി ഗോവയുടെ അൻവർ അലി എന്നിവരാണ് ടീമിൽ ഇടംപിടിച്ച മറ്റ് പുതുമുഖങ്ങൾ.
പരിക്കുമൂലം സുനിൽ ചേത്രിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച വൈകീട്ട് ബഹ്റൈനിൽ എത്തിയ ഇന്ത്യൻ ടീം ചൊവ്വാഴ്ച ബഹ്റൈൻ ഫുട്ബാൾ അസോസിയേഷൻ മൈതാനത്ത് പരിശീലനം നടത്തി. ഫിഫ ലോക റാങ്കിങ്ങിൽ 89ാം സ്ഥാനത്തുള്ള ബഹ്റൈനെതിരെ യുവത്വത്തിന്റെ കരുത്തിൽ മികച്ച പോരാട്ടം പുറത്തെടുക്കുകയാണ് 104ാം സ്ഥാനത്തുള്ള ഇന്ത്യയുടെ ലക്ഷ്യം. മാർച്ച് 26ന് ബെലറൂസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത സൗഹൃദ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.