നന്മയുടെ നവലോകം സൃഷ്ടിക്കാൻ സ്ത്രീകളും മുന്നിട്ടിറങ്ങുക -എ. റഹ്മത്തുന്നിസ
text_fieldsമനാമ: നന്മയുടെ നവലോകം സൃഷ്ടിക്കാൻ സ്ത്രീകളും മുന്നിട്ടിറങ്ങണമെന്ന് ട്വീറ്റ് ചെയർപേഴ്സൻ എ. റഹ്മത്തുന്നിസ പ്രസ്താവിച്ചു. ‘നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്’ എന്ന തലക്കെട്ടിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അവർ. പുരുഷന്മാരുമായി മത്സരിക്കുകയല്ല, മറിച്ച് അവരെക്കൂടി ചേർത്തുപിടിച്ചുകൊണ്ടായിരിക്കണം മാറ്റത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടത്. ലോകം ഇന്ന് സത്യാനന്തര കാലഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇവിടെ പുതിയ സമവാക്യങ്ങളും സംജ്ഞകളും രൂപപ്പെട്ടുവരുകയാണ്. മാറ്റങ്ങൾ സ്വന്തത്തിൽനിന്നും അവരവരുടെ വീടകങ്ങളിൽനിന്നും തന്നെ ആരംഭിക്കണം. വർഗത്തിന്റെയും വർണത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനങ്ങൾ അവസാനിപ്പിക്കപ്പെടണം. ചരിത്രത്തിലെ പല സാമൂഹിക വിപ്ലവങ്ങൾക്കും സ്ത്രീകൾതന്നെയായിരുന്നു നേതൃത്വം നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു.
പ്രമുഖ മോട്ടിവേഷനൽ സ്പീക്കർ ശബരിമാലയും സമ്മേളനത്തിൽ പ്രസംഗിച്ചു. നന്മകൾക്കും മൂല്യങ്ങൾക്കും പ്രാമുഖ്യം കൊടുക്കുന്ന ദർശനങ്ങളെയും വ്യവസ്ഥകളെയും തകർക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്ന കാലമാണിതെന്ന് അവർ പറഞ്ഞു. തിന്മയുടെ പ്രണേതാക്കളുടെ ഈ കുത്സിതപ്രവർത്തനങ്ങളെ ചെറുത്തു തോൽപിക്കാൻ കഴിയണം. ദൃഢനിശ്ചയവും പ്രാർഥനയും ഉണ്ടെങ്കിൽ വനിതകൾക്കുതന്നെ അതിനു സാധിക്കുമെന്നതിൽ സംശയമില്ലെന്നും അവർ പറഞ്ഞു.
മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കുട്ടികളും വനിതകളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഇസാൻ റിയാസും സംഘവും അവതരിപ്പിച്ച ഡാൻസ്, ഫിൽസ ഫൈസലും സംഘവും അവതരിപ്പിച്ച കോൽക്കളി, ഹംദയുടെയും സംഘത്തിന്റെ ഒപ്പന തുടങ്ങിയ പരിപാടികൾ ഏറെ ഹൃദ്യമായിരുന്നു. കലാപരിപാടികൾക്ക് സക്കിയ ഷമീർ, ഷബീഹ ഫൈസൽ, സോന സക്കരിയ, ഫസീല മുസ്തഫ, ഷാനി സക്കീർ, മുർശിദ സലാം എന്നിവർ പരിശീലനം നൽകി. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈമില നൗഫൽ സ്വാഗതവും സമ്മേളന ജനറൽ കൺവീനർ സൗദ പേരാമ്പ്ര നന്ദിയും പറഞ്ഞു. കൗസർ പ്രാർഥന നടത്തി. ലൂന ഷഫീഖ്, സലീന ജമാൽ, റഷീദ സുബൈർ, സമീറ നൗഷാദ്, സഈദ റഫീഖ്, ഫായിസ ടീച്ചർ, വഫ ഷാഹുൽ ഹമീദ്, ലുലു ഹഖ് എന്നിവർ നേതൃത്വം നൽകി. ഷിജിന ആഷിഖ്, ലിയ അബ്ദുൽ ഹഖ് എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.