‘നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്’ ;ഫ്രൻഡ്സ് വനിത സമ്മേളനം 30ന്
text_fieldsമനാമ: ‘നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനം ഡിസംബർ 30ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റും ട്വീറ്റിന്റെ (വിമൻ എജുക്കേഷൻ ആൻഡ് എംപവർമെൻറ് ട്രസ്റ്റ്) ചെയർപേഴ്സനുമായ എ. റഹ്മത്തുന്നിസ ടീച്ചർ മുഖ്യാതിഥിയായി പങ്കെടുക്കും.
സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള ക്രിയാത്മകമായ ചർച്ചക്ക് ബഹ്റൈൻ പ്രവാസഭൂമികയിൽ തുടക്കമിടുക എന്നതാണ് സമ്മേളനം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. സ്ത്രീയുടെ മഹത്വവും പദവിയും അറിഞ്ഞുവളരുന്ന തലമുറയാണ് ഇന്നിന്റെ ആവശ്യം. ലോകത്തിന്റെ വളർച്ചയിൽ പുരുഷന്മാരെ പോലെതന്നെ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നവരാണ് സ്ത്രീകളും. സാമൂഹിക-നാഗരിക മേഖലയുടെ എല്ലാ തലത്തിലും അവർ നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ ശ്രദ്ധേയമാണ്. കമ്പോളത്തിൽ ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള പരസ്യങ്ങളിലെ അഭിനേതാവ് മാത്രമായി ചുരുക്കപ്പെടാനുള്ളവളല്ല സ്ത്രീ. ആത്മാഭിമാനത്തോടെയും അഹംബോധത്തോടെയും സമൂഹത്തെ മുന്നിൽനിന്ന് നയിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കേണ്ടതുണ്ട്.
എന്നാൽ, പലയിടങ്ങളിലും സ്ത്രീ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജോലിയിടങ്ങളിലും വീട്ടകങ്ങളിലും പൊതുയിടങ്ങളിലും അവൾ നിരന്തരം അവഹേളനത്തിനും അവഗണനക്കും വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനെ മറികടക്കാൻ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും നിതാന്തമായ കരുതലുണ്ടാവണം. അതോടൊപ്പം സമൂഹത്തിൽ മൂല്യങ്ങളും നന്മകളും പ്രസരിപ്പിക്കുന്നവരാണ് തങ്ങളെന്ന ബോധം സ്ത്രീകൾക്കുണ്ടാകണമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, സെക്രട്ടറി നദീറ ഷാജി, സമ്മേളന ജനറൽ കൺവീനർ സൗദ പേരാമ്പ്ര, കൺവീനർ സലീന ജമാൽ, പ്രചാരണ വകുപ്പ് കൺവീനർ റഷീദ സുബൈർ, ഏരിയ പ്രസിഡന്റുമാരായ സമീറ നൗഷാദ്, ഷെബി ഫൈസൽ, ഫാത്തിമ സ്വാലിഹ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.