റമദാനിലെ ഫ്രൂട്ട് കച്ചവടം
text_fieldsറമദാൻ ഓർമകളിൽ ആദ്യം ഓടിയെത്തുന്നത് സ്കൂൾ പഠനത്തിനുശേഷം ജ്യേഷ്ഠന്റെ കൂടെ നാദാപുരം ടൗണിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന ഫ്രൂട്ട് കടയിലേക്കാണ്. കച്ചവടത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത് അവിടെനിന്നാണ്.
റമദാൻ ആഗതമായാൽ ആഘോഷത്തിമിർപ്പാണ് കടയിൽ. കുടകിൽനിന്ന് തലശ്ശേരി നാരങ്ങാപുറത്തെ മൊത്ത വ്യാപാരശാലയിൽ എത്തുന്ന ഓറഞ്ചുകളും മറ്റു പഴങ്ങളും നാദാപുരത്തേക്ക് വരുന്ന ബസുകളിൽ രാവിലെ 10 മണിക്കു മുമ്പായി കടയിലെത്തിക്കും. ഇപ്പോഴത്തെ ഈവന്റ് മാനേജ്മെൻറിനെ വെല്ലുന്ന രീതിയിൽ കുലകളായി കെട്ടിത്തൂക്കി അലങ്കരിക്കും. ആപ്പിളുകളൊക്കെ ചരടിൽ കോർത്ത മുത്തുമണികൾപോലെ കട മുഴുവനും ഭംഗിയാക്കി പ്രദർശിപ്പിക്കും. കറുപ്പും വെളുപ്പും മുന്തിരിയും വ്യത്യസ്തമായ രുചിയുള്ള മാങ്ങകളും പ്രത്യേകം അടുക്കിവെക്കും.
അന്ന് ഇന്നത്തെപ്പോലത്തെ ഒരുപാട് പഴങ്ങൾ ഉണ്ടായിരുന്നില്ല. 12 മണി ആകുമ്പോഴത്തേക്ക് കച്ചവട തിരക്കാകും. അത് മഗ്രിബ് ബാങ്ക് വിളിക്കുന്നതിന്റെ അരമണിക്കൂർ മുമ്പുവരെ തുടരും. നാദാപുരത്തെ പ്രമാണിമാരും സമ്പന്നന്മാരും സ്ത്രീകളുമായിരുന്നു ഉപഭോക്താക്കളിൽ കൂടുതലും.
നോമ്പ് തുറന്നുകഴിഞ്ഞാൽ മരപ്പെട്ടിയിൽ സൂക്ഷിക്കുന്ന നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി നാളത്തെ പുതിയ സാധനകൾ കൊണ്ടുവരാനുള്ള ഒരുക്കത്തിലായിരിക്കും. നാദാപുരത്തെ വലിയ പള്ളിയിൽനിന്ന് സുബഹി നമസ്കരിച്ചശേഷം തലശ്ശേരിയിലേക്കുള്ള യാത്രയും ഇരുപത്തിഏഴാം രാവിനെ വരവേറ്റ് പള്ളികളിൽ ഉണ്ടാകുന്ന തിരക്കുകളും അത്താഴമൂട്ടും ജനത്തിരക്കുകൊണ്ട് വീർപ്പുമുട്ടുന്ന പെരുന്നാൾരാവും ഇന്നും മായാതെ ഓർമയിൽ തങ്ങിനിൽക്കുന്നുണ്ട്.
ടൗൺ വികസിച്ചപ്പോൾ ആ കെട്ടിടങ്ങളൊക്കെ നാമാവശേഷമായി. ഇന്നും അതുവഴി പോകുമ്പോൾ റമദാനിലെ ആ കടയിലെ ഓർമകൾ മനസ്സിൽ ഓടിയെത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.