ബഹ്റൈൻ ടി.വിയിലൂടെ ഗസ്സ ഫണ്ട് ശേഖരണം നടത്തും
text_fieldsമനാമ: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ഫണ്ട് ശേഖരണം ബഹ്റൈൻ ടി.വിയിലൂടെ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഓണററി ചെയർമാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ആഹ്വാന പ്രകാരമാരംഭിച്ച ഡ്രൈവിന്റെ ഭാഗമാകാനാണ് ബഹ്റൈൻ ടി.വി ലക്ഷ്യമിടുന്നത്. ആർ.എച്ച്.എഫ് ചെയർമാനും യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശം കണക്കിലെടുത്താണ് പൊതുജനങ്ങളിൽനിന്ന് ഫണ്ട് ശേഖരിക്കുക. ‘ഗസ്സ നിവാസികൾക്ക് ഐക്യദാർഢ്യ ദിനം.... ഞങ്ങൾ നിങ്ങൾക്കൊപ്പം’ എന്ന തലക്കെട്ടിലാണ് പരിപാടി. ഇന്ന് വൈകീട്ട് അഞ്ചു മുതലാണ് പരിപാടി ആരംഭിക്കുക. ബഹ്റൈൻ ടി.വിയിലൂടെ നടത്തുന്ന ഈ സഹായസംഭരണത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർക്ക് നേരിട്ട് വിളിച്ച് അറിയിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഗസ്സയിലെ ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാൻ ഉത്തരവിട്ട രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും അതിന്റെ ഭാഗമായി സഹായപദ്ധതിക്ക് തുടക്കംകുറിച്ച ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫക്കും പദ്ധതി ആവിഷ്കരിച്ച ബഹ്റൈൻ ടി.വിക്കും ആർ.എച്ച്. എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ഗസ്സയിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നതിന് ഓരോരുത്തരും മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. BH07NBOB0000009957043 എന്ന ബാങ്ക് അക്കൗണ്ട് നമ്പർ വഴിയോ 94977 (ബറ്റൽകോ), 94944 (സൈൻ), 98977 (എസ്.ടി.സി) വഴി എസ്.എം.എസ് ചെയ്തോ 38800188 എന്ന ബെനിഫിറ്റ് പേ വഴിയോ സംഭാവനകൾ അയക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.