ബിസിനസ് രംഗത്ത് കൂടുതൽ പരിഷ്കരണങ്ങൾ; ലക്ഷ്യം നിക്ഷേപവും തൊഴിലും
text_fields
രാജ്യത്തെ വ്യവസായ മുന്നേറ്റം ഉറപ്പുവരുത്തി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് പരിഷ്കരണ നടപടികളുടെ ലക്ഷ്യം
സിജു ജോർജ്
മനാമ: കൂടുതൽ നിക്ഷേപം ആകർഷിച്ച് രാജ്യത്തെ തൊഴിൽ മേഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. രാജ്യത്തെ കമ്പനി നിയമങ്ങളിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ ഇൗ ദിശയിലുള്ളതാണ്. വിവിധ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വ്യവസ്ഥകളിൽ കൊണ്ടുവന്ന മാറ്റങ്ങൾ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വിദേശികൾക്കും അനുകൂലമാണ്.
രാജ്യത്തെ വ്യവസായ മുന്നേറ്റം ഉറപ്പുവരുത്തി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് പരിഷ്കരണ നടപടികളുടെ ലക്ഷ്യമെന്ന് നിയമരംഗത്ത് പ്രവർത്തിക്കുന്ന അഡ്വ. വി.കെ. തോമസ് പറഞ്ഞു. 2001ൽ നിലവിൽവന്ന കമ്പനിനിയമത്തിൽ പിന്നീട് വരുത്തിയ പല മാറ്റങ്ങളും ഇൗ ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ തരത്തിലുള്ള കമ്പനികൾ തുടങ്ങണമെങ്കിൽ അതിെൻറ കുറഞ്ഞ മൂലധനം എത്രയായിരിക്കണമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു. ഒരു ഡബ്ല്യൂ.എൽ.എൽ കമ്പനി തുടങ്ങണമെങ്കിൽ കുറഞ്ഞത് 20,000 ദിനാർ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യണമായിരുന്നു. ഇൗ വ്യവസ്ഥയിൽ ഇപ്പോൾ മാറ്റം വരുത്തി. മൂലധനം കമ്പനിയുടെ ഉടമസ്ഥർക്ക് തീരുമാനിക്കാം.
ഒാരോ ഒാഹരിയുടെയും കുറഞ്ഞ തുക 50 ദിനാർ ആയിരുന്നത് ഇപ്പോൾ 100 ഫിൽസ് മാത്രമാക്കി. ഡബ്ല്യൂ.എൽ.എൽ കമ്പനി തുടങ്ങണമെങ്കിൽ രണ്ട് പാർട്ണർമാർ വേണമെന്ന വ്യവസ്ഥയും മാറ്റി. ഇപ്പോൾ ഒരാൾ മാത്രം മതി. വിവിധ മേഖലകളിൽ പൂർണമായും വിദേശികൾക്ക് ബിസിനസ് തുടങ്ങാനും അനുമതി നൽകിയിട്ടുണ്ടെന്ന് അഡ്വ. വി.കെ. തോമസ് കൂട്ടിച്ചേർത്തു. ഫാക്ടറി, ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി, സേവനമേഖല, ഹോൾഡിങ്, കൺസൽട്ടൻസി എന്നീ രംഗങ്ങളിൽ വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥതയിൽ ബിസിനസ് തുടങ്ങാൻ കഴിയും.
അടുത്ത കാലത്ത് നിലവിൽവന്ന ഉത്തരവ് പ്രകാരം ബഹ്റൈനിലെ ബിസിനസ് പ്രവർത്തനങ്ങളെ അഞ്ചായി വേർതിരിച്ചിട്ടുണ്ട്.
1. പൂർണമായും ബഹ്റൈൻ പൗരൻമാർക്ക് മാത്രം തുടങ്ങാൻ കഴിയുന്ന ബിസിനസ്. ഉദാഹരണത്തിന്, കാർഗോ ക്ലീയറിങ്, മൊബൈൽ ഫുഡ് സർവിസ് (ഫുഡ് ട്രക്ക്), പോസ്റ്റൽ സർവിസ്, ലീഗൽ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ, ഡോക്യുമെൻറ് ക്ലിയറിങ് ഏജൻറ്, റിക്രൂട്ടിങ് ഏജൻസി, വാഹനങ്ങൾ വാടകക്ക് കൊടുക്കുന്ന ബിസിനസ് തുടങ്ങിയവ.
2. കുറഞ്ഞത് 51 ശതമാനം ബഹ്റൈനി ഉടമസ്ഥത ആവശ്യമുള്ള ബിസിനസുകൾ. ഉദാ: കൺസ്ട്രക്ഷൻ, ഷിപ്പിങ്/എയർ കാർഗോ ഏജൻറ്സ്, അക്കൗണ്ടിങ്, സെക്യൂരിറ്റി എജൻസി തുടങ്ങിയവ.
3. ഒരു ബഹ്റൈനി ഉടമ എങ്കിലും ഉണ്ടായിരിക്കേണ്ട ബിസിനസുകൾ. അതായത്, ഒരു പാർട്ണർ ബഹ്റൈനി ആയിരിക്കണം. പക്ഷേ, എത്ര ഒാഹരി വേണമെന്ന് വ്യവസ്ഥയില്ല.
ഒരു ശതമാനമോ ഒരു ഷെയറോ ആണെങ്കിലും മതിയാകും. ട്രേഡിങ് (ജനറൽ അല്ലെങ്കിൽ സ്പെസിഫിക്), പ്രിൻറിങ് തുടങ്ങിയ ബിസിനസുകൾ ഇൗ വിഭാഗത്തിൽപെടുന്നു. ഇത് വിദേശികൾക്ക് അനുകൂലമായ ഒരു തീരുമാനമാണ്. ട്രേഡിങ് കമ്പനികൾക്ക് കുറഞ്ഞത് 51 ശതമാനം ബഹ്റൈനി ഉടമസ്ഥത വേണമെന്ന നിബന്ധന ഇപ്പോൾ ഇല്ല.
4. 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്ന ബിസിനസുകൾ. ചില നിബന്ധനകൾക്ക് വിധേയമായി േട്രഡിങ് പോലുള്ള മേഖലകളിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും. സ്ഥാപനം കുറഞ്ഞത് മൂന്ന് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതായിരിക്കണം, കുറഞ്ഞത് 20 മില്യൺ ദിനാറിെൻറ മൂലധനം വേണം, ബഹ്റൈനിൽ ആദ്യ വർഷം കുറഞ്ഞത് രണ്ട് മില്യൺ ദിനാർ നിക്ഷേപം നടത്തണം എന്നീ വ്യവസ്ഥകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഇതിന് അനുമതി ലഭിക്കുക. ഇതുവരെ കുറഞ്ഞത് 51 ശതമാനം ബഹ്റൈനി ഉടമസ്ഥത വേണ്ടിയിരുന്ന ട്രേഡിങ് ബിസിനസുകൾ ഇപ്പോൾ ഇൗ രീതിയിൽ പൂർണമായും വിദേശനിക്ഷേപത്തിൽ ആരംഭിക്കാം.
5. വ്യവസ്ഥകൾ ഒന്നും ഇല്ലാതെ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്ന ബിസിനസുകൾ. ഉദാ: ഇൻഷുറൻസ്, ബാങ്കിങ്, ഫിനാൻസ്, മാനുഫാക്ചറിങ്, ഹെൽത്ത് കെയർ പോലുള്ള സ്ഥാപനങ്ങൾ.
മറ്റൊരു പ്രധാന മാറ്റം കമ്പനിയുടെ ഇൻകോർപറേഷൻ രേഖകൾ ഇംഗ്ലീഷിലോ അറബിയിലോ ആകാം എന്നതാണ്. നേരത്തെ അറബി ഭാഷയിൽതന്നെ വേണമായിരുന്നു. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇൗ വ്യവസ്ഥകൾ ഗുണകരമാണെന്ന് അഡ്വ. വി.കെ. തോമസ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.