പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് വിവാഹാലോചന തട്ടിപ്പുമായി സംഘം
text_fieldsമനാമ: പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പുമായി വൻസംഘം. ബഹ്റൈനിൽ ജോലി ചെയ്യുന്ന അവിവാഹിതരുടെ ഡാറ്റ സംഘടിപ്പിച്ചാണ് തട്ടിപ്പ്. മാട്രിമോണിയൽ ഏജൻസികളിൽ നിന്നാണെന്ന വ്യാജേന നാട്ടിൽനിന്ന് വിളിക്കുകയും യുവതികളുടെയും യുവാക്കളുടെയും ചിത്രങ്ങൾ, പ്രൊഫഷൻ വിവരങ്ങളടക്കം അയച്ചുകൊടുക്കുകയുമാണ് ചെയ്യുന്നത്.
അവരുടെ കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ പണം ഗൂഗിൾപേ ചെയ്യാൻ ആവശ്യപ്പെടും. പണം കിട്ടിക്കഴിഞ്ഞാൽ പിന്നീട് ഏജൻസി എന്നുപറഞ്ഞ് വിളിച്ചവരുടെ ഫോൺ കിട്ടാതാവും. മറ്റു നമ്പറുകളിൽനിന്ന് വിളിച്ചാലും കോൾ എടുക്കില്ല. ചെറിയ തുകയാണെന്ന് കരുതി ആരും പരാതി നൽകുകയുമില്ല. ഇതാണ് തട്ടിപ്പുകാർക്ക് സഹായകമാകുന്നത്. മാട്രിമോണിയൽ സൈറ്റുകളിൽനിന്നും വിവരങ്ങൾ ചോർത്തിയശേഷമാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്.
ബഹ്റൈനിൽ ജോലി ചെയ്യുന്ന തിരുവല്ല സ്വദേശി ഈ തട്ടിപ്പിൽ കുടുങ്ങിയിരുന്നു. വിവാഹാലോചനയുമായി ഫോണിൽ ഇദ്ദേഹത്തെ ബന്ധപ്പെടുയായിരുന്നു. വിവാഹാലോചനകൾ നടക്കുന്ന സമയമായതിനാൽ സംശയിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നു. ബഹ്റൈനിൽതന്നെ ജോലി ചെയ്യുന്ന നിരവധി പെൺകുട്ടികളുടെ ചിത്രവും പ്രൊഫഷൻ വിവരങ്ങളും വെളിപ്പെടുത്തിയശേഷം, ഫോൺ നമ്പറും നാട്ടിലെ വിലാസവുമടക്കം കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ 1500 രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഫോണിൽ വിളിച്ചയാൾക്ക് ബഹ്റൈനിലെ എല്ലാ സ്ഥലങ്ങളും പരിചിതമായിരുന്നു. പണം അയാൾ പറഞ്ഞ ബിന്ദു എന്ന സ്ത്രീയുടെ പേരിലുള്ള ഗൂഗിൾ പേ നമ്പറിലേക്ക് അയച്ചുകൊടുത്തു. അതിനുശേഷം ഒരു വിവരവും ലഭിക്കാതായി. ഈ നമ്പറുകളിൽ ഏത് ഫോണിൽനിന്ന് വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. സുഹൃത്തുക്കളോട് ഈ വിവരം പറഞ്ഞപ്പോഴാണ് സമാനമായ അനുഭവം അവർക്കും ഉണ്ടായതായി മനസ്സിലായത്. പത്തനംതിട്ട ജില്ലയിൽപെട്ട നിരവധിപേർക്ക് ഇത്തരത്തിൽ കോളുകൾ വന്നതായി മനസ്സിലായി.
നിരവധിപേരുടെ പണം ഇത്തരത്തിൽ തട്ടിയെടുത്തതായും പരാതിയുണ്ട്. താരതമ്യേന ചെറിയ തുകയാണ് ആവശ്യപ്പെടുന്നതെന്നതിനാൽ അധികമാരും മറ്റുള്ളവരോട് പറയില്ല എന്നതാണ് തട്ടിപ്പുകാർക്ക് സഹായകമായത്. കേരള പൊലീസിന്റെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്ന് തിരുവല്ല സ്വദേശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.