ഗ്യാസ്ട്രോണമി ടൂറിസം വേൾഡ് ഫോറത്തിന് സമാപനം
text_fieldsമനാമ: ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ (ബി.ടി.ഇ.എ) ആഭിമുഖ്യത്തിൽ എക്സിബിഷൻ വേൾഡിൽ ഗ്യാസ്ട്രോണമി ടൂറിസം 9-ാമത് വേൾഡ് ഫോറം സമാപിച്ചു. ‘ഗ്യാസ്ട്രോണമി ടൂറിസം: സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെയും ഉള്‍പ്പെടുത്തലിന്റെയും ചാലകശക്തി’ എന്ന പ്രമേയത്തില്‍ വേള്‍ഡ് ഫോറം പാചകകല, ഗ്യാസ്ട്രോണമി ടൂറിസം മേഖലകളിലെ പ്രാദേശിക, അന്തർദേശീയ വിദഗ്ധരുടെ സാന്നിധ്യം മൂലം ആഗോള ശ്രദ്ധ നേടി.
ടൂറിസം മന്ത്രിയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചെയർപേഴ്സനുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി ഉദ്ഘാടനം ചെയ്ത ഫോറത്തിൽ ലോകമെമ്പാടുമുള്ള വിദഗ്ധർ ഒത്തുചേര്‍ന്നു. മധ്യ പൗരസ്ത്യ മേഖലയില്‍ ആദ്യമായി ഈ സുപ്രധാന ആഗോള സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതില്‍ ബഹ്റൈന്‍ ടൂറിസം ആൻഡ് എക്സിബിഷന് അതോറിറ്റി (ബി.ടി.ഇ.എ) റിസോഴ്സ് ആൻഡ് പ്രോജക്ട്സ് ഡെപ്യൂട്ടി സി.ഇ.ഒ ദന ഒസാമ അല്‍ സാദ് അഭിമാനം പ്രകടിപ്പിച്ചു. ബഹ്റൈനിന്റെ സമ്പന്നമായ പാചക പാരമ്പര്യവും ടൂറിസം സാധ്യതകളും പ്രദര്‍ശിപ്പിക്കുന്നതില്‍ ഫോറത്തിന് വലിയ പങ്കുണ്ടെന്നും അവര്‍ പറഞ്ഞു.
ഫോറം സംഘടിപ്പിക്കുന്നതിലും അതിന്റെ ആതിഥ്യ മര്യാദയിലും ബഹ്റൈന്‍ നടത്തുന്ന ശ്രമങ്ങളെ യു.എന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (യു.എന്‍.ഡബ്ല്യു.ടി.ഒ) മിഡില്‍ ഈസ്റ്റിന്റെ റീജനല്‍ ഡയറക്ടര്‍ ബസ്മ അല്‍ മെയ്മാന്‍ അഭിനന്ദിച്ചു.
ആഗോളതലത്തില്‍ ഗ്യാസ്ട്രോണമി ടൂറിസം ആഘോഷിക്കുന്ന പരിപാടികളോടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന, ഫോറത്തിന്റെ പത്താം പതിപ്പ് സ്പെയിനിലെ സാന്‍ സെബാസ്റ്റ്യനില്‍ നടക്കുമെന്ന് ബാസ്ക് പാചക കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറല്‍ ജോക്സെ മാരി ഐസെഗ അറിയിച്ചു. അദ്ദേഹം സംഘാടകര്‍ക്കും പങ്കാളികള്‍ക്കും നന്ദി പറഞ്ഞു. സമാപനച്ചടങ്ങില്‍ ബാസ്ക് പാചക കേന്ദ്രത്തിലെ മാസ്റ്റേഴ്സ് ഇന്‍ ഗ്യാസ്ട്രോണമി ടൂറിസത്തിന്റെ കോഓഡിനേറ്റര്‍ ഡേവിഡ് മോറയും യു.എന്‍.ഡബ്ല്യു.ടി.ഒയിലെ മാര്‍ക്കറ്റ് ഇന്റലിജന്‍സ് ഡയറക്ടര്‍ സാന്ദ്ര കാര്വാവോയും സംസാരിച്ചു.
സമ്പന്നമായ പാരമ്പര്യം, നാഗരികതകളുടെയും സംസ്കാരങ്ങളുടെയും സംയോജനം, പ്രാദേശിക പാചക വൈവിധ്യം, വൈവിധ്യമാർന്ന അഭിരുചികൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തിന്റെ മികച്ച രുചിയും പാചക അനുഭവവും ഫോറം പകർന്നു നൽകിയതായി പ്രതിനിധികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.