‘ദിനേശ് കുറ്റിയിൽ ജി.സി.സി റേഡിയോ നാടക മത്സരം’ സംഘടിപ്പിക്കുന്നു
text_fieldsമനാമ: ബഹ്റൈൻ മലയാളി ഫോറത്തിന്റെ (ബി.എം.എഫ്) ആഭിമുഖ്യത്തിൽ ‘ദിനേശ് കുറ്റിയിൽ ജി.സി.സി റേഡിയോ നാടക മത്സരം’ സംഘടിപ്പിക്കുന്നു.ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ നടൻ നിയാസ്, ബി.എം.എഫ് പ്രസിഡന്റ് ബാബു കുഞ്ഞിരാമന് ആദ്യപ്രതി നൽകി മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.കഴിഞ്ഞ വർഷം ഡിസംബർ 31ന് മരണപ്പെട്ട, ബഹ്റൈനിലെ അറിയപ്പെടുന്ന നാടക പ്രവർത്തകനായിരുന്ന ദിനേശ് കുറ്റിയിലിനുള്ള സമർപ്പണമായാണ് ജി.സി.സി തലത്തിൽ റേഡിയോ ശബ്ദനാടക മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
റേഡിയോ രംഗ്, മീഡിയ രംഗ് എന്നീ ശബ്ദ, ദൃശ്യ മാധ്യമങ്ങളിലൂടെയും ഇന്റർനെറ്റ് ഡിജിറ്റൽ റേഡിയോയിലൂടെയും പ്രക്ഷേപണം ചെയ്യുന്ന വിധത്തിലാണ് റേഡിയോ നാടകം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ബി.എം.എഫ് പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, സെക്രട്ടറി ദീപ ജയചന്ദ്രൻ, നാടകത്തിന്റെ കോഓഡിനേറ്റർ ജയേഷ് താന്നിക്കൽ എന്നിവർ അറിയിച്ചു.മീഡിയ രംഗ് ഡയറക്ടർമാരായ രാജീവ് വെള്ളിക്കോത്ത്, അനിൽ കുമാർ, ബി.എം.എഫ് പ്രതിനിധികളായ ഗണേഷ് നമ്പൂതിരി, വിനോദ് ആറ്റിങ്ങൽ, ശ്രീജിത്ത് കണ്ണൂർ എന്നിവർ പോസ്റ്റർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു. സംഘടനകൾക്കും വ്യക്തികൾക്കും നാടകമത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ bahrainmalayaliforum@gmail.com എന്ന മെയിൽ വിലാസത്തിൽ നാടകത്തിന്റെ വിഷയവും സംക്ഷിപ്ത രൂപവും അയക്കണം. അംഗീകരിക്കുന്ന നാടകങ്ങൾ റെക്കോഡ് ചെയ്ത് മത്സരത്തിന് അയക്കണം.
2023 ജനുവരി 25 മുതൽ സംപ്രേഷണം ചെയ്യുന്ന നാടക മത്സരത്തിലേക്ക് സ്ക്രിപ്റ്റുകൾ അയക്കേണ്ട അവസാന തീയതി ഡിസംബർ 31 ആണ്.മത്സരത്തിൽ ഉൾപ്പെടുത്തുന്ന നാടകങ്ങളുടെ എൻട്രി ജനുവരി 15ന് ലഭിക്കണം.മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ജയേഷ് താന്നിക്കൽ 38424538, വിനോദ് ആറ്റിങ്ങൽ 38780 289, ശ്രീജിത്ത് കണ്ണൂർ 387271531, നാസർ മുതുകാട് 38249320 എന്നിവരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.