ജി.സി.സി ഉച്ചകോടി ഇന്ന്; ബഹ്റൈനിന്റെ പവലിയൻ തുടങ്ങി
text_fieldsമനാമ: 45ാമത് ജി.സി.സി ഉച്ചകോടി ഇന്ന് കുവൈത്തിൽ നടക്കും. ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന മീഡിയ എക്സിബിഷനിൽ ബഹ്റൈനിന്റെ പവലിയൻ തുടങ്ങി.
മാധ്യമങ്ങളുടെ പങ്കിനോടുള്ള ജി.സി.സിയുടെ പ്രതിബദ്ധതയാണ് പ്രദർശനം അടിവരയിടുന്നതെന്ന് ഇൻഫർമേഷൻ മന്ത്രാലയത്തിലെ പ്രസ് അഫയേഴ്സ് അഡ്വൈസറും ബഹ്റൈൻ പവലിയന്റെ സൂപ്പർവൈസറുമായ ഇബ്രാഹിം ഹമദ് അൽ വാസാൻ അഭിപ്രായപ്പെട്ടു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയിലും രാജ്യം കൈവരിച്ച നേട്ടങ്ങളും ബഹ്റൈന്റെ സമ്പന്നമായ ചരിത്രവും നാഗരികതയും പ്രതിഫലിപ്പിക്കുന്നതാണ് പ്രദർശനം.
മേഖലയിലും ആഗോളതലത്തിലും വിവിധ വെല്ലുവിളികൾ വർധിക്കുകയും പ്രതിസന്ധികൾ വഷളാവുകയും ചെയ്യുന്ന നിർണായക ഘട്ടത്തിലാണ് ജി.സി.സി ഉച്ചകോടി നടക്കുന്നത്. പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന അപകടങ്ങളെ നേരിടൽ വെല്ലുവിളികൾ മറികടക്കൽ എന്നിവയിൽ ഊന്നിയാകും പ്രധാനമായും ചർച്ചകൾ.
മേഖലയിലെ വികസനവും സുസ്ഥിരതയും ലക്ഷ്യംവെക്കുന്ന യോജിച്ച നീക്കങ്ങളുടെ ശ്രമങ്ങളും ഉച്ചകോടിയിൽ ഉണ്ടാകും. ഇസ്രായേലിന്റെ ഫസലസ്തീൻ ആക്രമണം, ലബനാൻ, സിറിയ എന്നിവിടങ്ങളിലേക്കുള്ള കടന്നുകയറ്റവും ആക്രമണവും ഉച്ചകോടിയിൽ വിഷയമാകും.
ഗൾഫ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഏകീകരണം ലക്ഷ്യമിടുന്ന പദ്ധതികളും സംയുക്ത പ്രവർത്തനം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഉച്ചകോടി മുന്നോട്ടുവെക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.