ആഗോള സ്കൂൾ കായികമേള ബഹ്റൈനിൽ; ഒരുക്കം പുരോഗമിക്കുന്നു
text_fieldsമനാമ: ഇന്റർനാഷനൽ സ്കൂൾ സ്പോർട്സ് ഫെഡറേഷൻ (ഐ.എസ്.എഫ്) ജിംനേഷ്യഡ് 2024 അടുത്ത ഒക്ടോബറിൽ ബഹ്റൈനിൽ നടക്കും. ദേശീയ സ്കൂൾ കായിക സംഘടനകളുടെ ആഗോള ഫെഡറേഷനായ ഐ.എസ്.എഫിൽ 134 അംഗ രാജ്യങ്ങളിൽനിന്നായി 2,00,000 സ്കൂളുകൾ അംഗങ്ങളാണ്.
കായികപരിപാടി എന്നതിലുപരി ലോകമെമ്പാടുമുള്ള യുവജനങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിനും സാംസ്കാരിക വിനിമയത്തിനും അവസരമൊരുക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് ഐ.എസ്.എഫ് പ്രസിഡന്റ് ലോറന്റ് പെട്രിങ്ക പറഞ്ഞു. കായിക വിനോദത്തിലൂടെ വിദ്യാഭ്യാസം വികസിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ലോകമെമ്പാടുമുള്ള യുവാക്കളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പിന്തുണക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ഐ.എസ്.എഫ് ജിംനേഷ്യഡ് ഉൾപ്പെടെ സ്കൂൾ വിദ്യാർഥികൾക്കായി അന്താരാഷ്ട്ര കായികമത്സരങ്ങൾ സംഘടിപ്പിക്കുന്ന ഏക സംഘടനയാണിത്. മിഡിലീസ്റ്റിൽ പരിപാടി സംഘടിപ്പിക്കുന്നതിന് വേദിയൊരുക്കുന്ന ബഹ്റൈനോടുള്ള നന്ദിയും പെട്രിങ്ക അറിയിച്ചു. മേളയുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 80 ശതമാനം ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ബഹ്റൈനിന് അന്താരാഷ്ട്ര കായികഭൂപടത്തിൽ ഇടംനൽകാൻ മേളക്ക് കഴിയുമെന്ന് കാബിനറ്റ് കാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ശൈഖ് ഇൗസ ബിൻ അലി ആൽ ഖലീഫ പറഞ്ഞു. ഐ.എസ്.എഫ് കഴിഞ്ഞ 50 വർഷമായി യുവതലമുറയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പിന്തുണക്കുന്നതിനായി പ്രവർത്തിക്കുകയാണ്.
ലോകമെമ്പാടുമുള്ള സർക്കാറുകൾ, സ്കൂളുകൾ, സ്പോർട്സ് ഫെഡറേഷനുകൾ എന്നിവയുമായുള്ള പങ്കാളിത്തം ഐ.എസ്.എഫ് ഇവന്റുകളുടെ വിജയത്തിന് പ്രധാന ഘടകമാണ്. 80ലധികം രാജ്യങ്ങളിൽനിന്നുള്ള 5000 വിദ്യാർഥികൾ 25 വ്യത്യസ്ത കായിക ഇനങ്ങളിലായി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2024 ഒക്ടോബർ 23-31 വരെയാണ് കായികമേള. കൂടുതൽ വിവരങ്ങൾക്ക്: https://www.isfsports.org.ISF, Instagram: @isfbahrain X: @isfbahrain2024; ഇവന്റ് പേജ്: https://events.isfsports.org/isf-gymnasiade-bahrain-2024.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.