സ്വർണക്കടത്തുകാർക്ക് സുഖം; ദുരിതം മുഴുവൻ നിരപരാധികൾക്ക്
text_fieldsമനാമ: സ്വർണക്കടത്തുകാരുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുന്നത് ഗൾഫിൽനിന്ന് നാട്ടിലേക്ക് പോകുന്ന സാധാരണക്കാരായ പ്രവാസികളാണ്. ഗൾഫിൽനിന്ന് ആര് വന്നാലും സംശയത്തോടെ നോക്കുന്ന ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയുടെ പേരിൽ നിരപരാധികളായ യാത്രക്കാർ ഇരകളാകുന്ന സംഭവങ്ങൾ നിരവധിയാണ്.
സ്വർണം കൈവശമില്ലെങ്കിലും സ്വർണക്കടത്തുകാരെപ്പോലെയാണ് കേരളത്തിലെ വിമാനത്താവളങ്ങളിലുള്ള ഉദ്യോഗസ്ഥർ ഗൾഫിൽനിന്ന് വരുന്ന യാത്രക്കാരെ മൊത്തത്തിൽ കാണുന്നതെന്ന് പ്രവാസികൾ പരാതിപ്പെടുന്നു. അതേസമയം, സ്വർണക്കടത്തുകാർ ‘കൂളാ’യി രക്ഷപ്പെടുകയും ചെയ്യുന്നതാണ് സ്ഥിതി.
കഴിഞ്ഞ ദിവസം ബഹ്റൈനിൽനിന്ന് പോയ ഒരു പ്രവാസിയും ഉദ്യോഗസ്ഥരുടെ സംശയക്കണ്ണിന് ഇരയാകേണ്ടിവന്നു. കേരളത്തിലെ വിമാനത്താവളത്തിൽവെച്ച് അടിവസ്ത്രം വരെ ഊരി പരിശോധന നടത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. സ്വന്തം ഭാര്യക്കുപോലും ഇതുവരെ ഒരുതരി സ്വർണം ഗൾഫിൽനിന്ന് കൊണ്ടുപോയിട്ടില്ലാത്ത തന്നോടാണ് ഉദ്യോഗസ്ഥർ ഈ ‘പണി’ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞത് സങ്കടത്തോടെയാണ്.
സമാന അനുഭവം ഇതിനു മുമ്പും ബഹ്റൈനിൽനിന്ന് പോയ പ്രവാസികൾക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. പിതാവിന് സുഖമില്ലാത്തതിനാൽ നാട്ടിലേക്ക് പോയ കാസർകോട് സ്വദേശിയെ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ പരിശോധനക്കുവരെ വിധേയനാക്കി. എന്നിട്ടും സ്വർണം കണ്ടെത്താൻ കഴിയാതെ, ഏറെനേരം ചോദ്യം ചെയ്തശേഷമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്.
അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിലെത്തുന്ന പ്രവാസികളാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. നാട്ടിലെ പ്രിയപ്പെട്ടവരെ കാണാനുള്ള സന്തോഷത്തോടെ എത്തുന്ന പ്രവാസിക്ക് നേരിടേണ്ടിവരുന്നത് ഒരു കുറ്റവാളിയോടെന്നപോലെയുള്ള സമീപനമാണ്. ചെയ്യാത്ത തെറ്റിന് സംശയനിഴലിൽ മണിക്കൂറുകൾ കഴിയേണ്ടിവരുന്നതിന്റെ മാനസിക സംഘർഷം വേറെ. ഒരു ഗ്രാം സ്വർണമുണ്ടെങ്കിലും കണ്ടെത്താൻ കഴിയുന്ന പരിശോധന സംവിധാനങ്ങളുണ്ടെങ്കിലും കിലോക്കണക്കിന് സ്വർണവുമായി കള്ളക്കടത്തുകാർ കൂസലില്ലാതെ കടന്നുപോകുമ്പോഴാണ് പാവപ്പെട്ട യാത്രക്കാർ പരിശോധനയുടെ പേരിൽ ദുരിതം അനുഭവിക്കേണ്ടിവരുന്നത്. ഇത്തരം വൻകിട കടത്തുകാരെ പിടികൂടാൻ ശുഷ്കാന്തി കാണിക്കാത്ത ഉദ്യോഗസ്ഥരാണ് പാവങ്ങളുടെമേൽ കുതിര കയറുന്നതെന്ന് ‘പരിശോധന പീഡന’ത്തിനിരയായവർ കുറ്റപ്പെടുത്തുന്നു.
സ്ത്രീകളെവരെ കരുവാക്കിയാണ് സ്വർണക്കടത്തുകാർ തങ്ങളുടെ ‘ബിസിനസ്’ കൊഴുപ്പിക്കുന്നത്. നാട്ടിലെ ഉദ്യോഗസ്ഥരുടെ നല്ല പിന്തുണയും ഇത്തരക്കാർക്ക് കിട്ടുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. നിരവധി ഉദ്യോഗസ്ഥർക്കെതിരെ നടപടിയും വന്നിട്ടുണ്ട്. വിമാനത്താവളത്തിലെ പരിശോധനയിൽതന്നെ കടത്തുകാരെ കണ്ടെത്തിയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിലക്കുനിർത്തിയും പാവപ്പെട്ട യാത്രക്കാരെ രക്ഷിക്കണമെന്ന് പ്രവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.