140 കോടി ഡോളറിന്റെ നിക്ഷേപം; അഞ്ചു കമ്പനികൾക്ക് ഗോൾഡൻ ലൈസൻസ്
text_fieldsമനാമ: രാജ്യത്തെ നിക്ഷേപസൗഹൃദമാക്കാനും നിക്ഷേപകരെ ആകർഷിക്കാനും ലക്ഷ്യമിട്ട് കൊണ്ടുവന്ന ഗോൾഡൻ ലൈസൻസ് ആദ്യമായി അഞ്ചു കമ്പനികൾക്ക് അനുവദിച്ചു. സിറ്റി, ഈഗിൾ ഹിൽസ് ദിയാർ, ഇൻഫ്രാകോർപ്, സൗദി ടെലികമ്യൂണിക്കേഷൻ കമ്പനി (എസ്.ടി.സി), വാംപോവ ഗ്രൂപ് എന്നിവർ അവതരിപ്പിച്ച അഞ്ചു പ്രോജക്ടുകൾക്കാണ് ഗോൾഡൻ ലൈസൻസ് അനുവദിച്ചത്. ഈ പദ്ധതികൾ രാജ്യത്ത് 1.4 ബില്യൺ ഡോളറിന്റെ സംയോജിത നിക്ഷേപം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ 1,400ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സിറ്റി കമ്പനി ബഹ്റൈൻ സി.ഇ.ഒ മൈക്കൽ സവായ, ഈഗിൾ ഹിൽസ് ദിയാർ മാനേജിങ് ഡയറക്ടർ ഡോ. മഹർ അൽ ഷെയർ, ഇൻഫ്രാകോർപ് സി.ഇ.ഒ മജീദ് അൽഖാൻ, എസ്.ടി.സി ബഹ്റൈൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ നെസർ ബനബീല, വാംപോവ ഗ്രൂപ് സി.ഇ.ഒ ഷോൺ ചാൻ എന്നിവർ ഗോൾഡൻ ലൈസൻസ് ഏറ്റുവാങ്ങി. ഈ നിക്ഷേപങ്ങൾ സാമ്പത്തികരംഗം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച റിക്കവറി പ്ലാനിനെ സഹായിക്കുമെന്ന് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല അഡെൽ ഫഖ്റോ പറഞ്ഞു. 2023 അവസാനത്തോടെ 2.5 ബില്യൺ ഡോളർ വിദേശ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിടുന്നതാണ് സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതി.
രാജ്യത്തിന് മെച്ചപ്പെട്ട നിയമനിർമാണ സംവിധാനവും ആകർഷകമായ നിക്ഷേപ സൗഹൃദ അന്തരീക്ഷവുമുണ്ട്. ഇത് രാജ്യത്തെ ആഗോളതലത്തിലെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപകർക്കും സ്റ്റാർട്ടപ് കമ്പനികൾക്കും നിരവധി ആനുകൂല്യങ്ങൾ നൽകുന്നതാണ് ഗോൾഡൻ ലൈസൻസെന്ന് സാമ്പത്തിക വികസന ബോർഡ് (ഇ.ഡി.ബി) ചീഫ് എക്സിക്യൂട്ടിവ് ഖാലിദ് ഹുമൈദാൻ പറഞ്ഞു. പുതിയ നിക്ഷേപ പദ്ധതികൾ ഫിനാൻഷ്യൽ സർവിസസ്, ടൂറിസം, ഐ.സി.ടി മേഖലകളിലായി 1,400 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപം ആകർഷിക്കുക, സാമ്പത്തിക വളർച്ച കൈവരിക്കുക, ആഗോളതലത്തിൽ ബഹ്റൈന്റെ മത്സരശേഷി വർധിപ്പിക്കുക, സമ്പദ്വ്യവസ്ഥയുടെ ഡിജിറ്റൽ പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയും ഗോൾഡൻ ലൈസൻസ് നൽകുന്നതിലൂടെ ലക്ഷ്യമിടുന്നു. ഗോൾഡൻ ലൈസൻസിന് അർഹത ലഭിക്കണമെങ്കിൽ കമ്പനികൾ 500ലധികം പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ആദ്യ വർഷങ്ങളിൽ 50 മില്യൺ ഡോളറിലധികം നിക്ഷേപം നടത്തുകയോ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.