ഭരണസമിതി കാലാവധി കഴിഞ്ഞതിനാൽ ഇന്ത്യന്‍ സ്കൂളിൽ തെരഞ്ഞെടുപ്പ് നടത്തണം -യു.പി.പി
text_fieldsമനാമ: കോവിഡും നീട്ടിയ കാലാവധിയും കഴിഞ്ഞ സാഹചര്യത്തില്‍ ഇന്ത്യന്‍ സ്കൂളിൽ ഉടൻ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കണമെന്ന് യുനൈറ്റഡ് പാരന്റ്സ് പാനൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
രക്ഷിതാക്കളല്ലാത്തവരാണ് ഭരണസമിതിയിലെന്നത് ബൈലോയുടെ ലംഘനമാണ്. പഠനനിലവാരം കുറയുന്നത് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നതാണ്. ബസിലും ക്ലാസ് റൂമുകളിലും എയര്‍ കണ്ടീഷനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതിയുണ്ട്. ശുചിമുറികളുടെ അവസ്ഥ ശോചനീയമാണ്. പന്ത്രണ്ടായിരത്തിലധികം വിദ്യാർഥികളടങ്ങുന്ന മഹത് സ്ഥാപനം നിലനിർത്താൻ ഏവർക്കും ബാധ്യതയുണ്ടെന്നും യു.പി.പി നേതാക്കൾ പറഞ്ഞു.
മെഗാ ഫെയര്‍ പോലുള്ള പരിപാടികൾ നടത്താനുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിലവില്‍ വരുന്ന പുതിയ ഭരണസമിതിക്കാണ്. വരവുചെലവ് കണക്കുകള്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്താൻ തയാറാകണമെന്നും യു.പി.പി നേതാക്കള്‍ ആവശ്യപ്പെട്ടു.
യു.പി.പി ചീഫ് കോഓഡിനേറ്റര്‍ അനില്‍ യു.കെ, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, നേതാക്കളായ ബിജു ജോര്‍ജ്, ഹരീഷ് നായര്‍, ജാവേദ് പാഷ, എഫ്.എം. ഫൈസല്‍, ജോണ്‍ ബോസ്കോ, ഡോ. ശ്രീദേവി രാജന്, റുമൈസ അബ്ബാസ്, മോഹന്‍കുമാര്‍ നൂറനാട്, ഹരിലാല്‍, സെയ്ദ് ഹനീഫ്, പ്രിന്‍സ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.