ഗ്രാൻഡ്പ്രീ കാറോട്ട മത്സരം; വിനോദസഞ്ചാരമേഖലക്ക് വൻ ഉണർവ്
text_fieldsമനാമ: സാഖിർ മരുഭൂമിയിലെ ഇന്റർനാഷനൽ സർക്യൂട്ടിൽ നടന്ന ബഹ്റൈൻ ഗ്രാൻഡ്പ്രീ കാറോട്ടമത്സരം വിനോദസഞ്ചാരമേഖലക്ക് സമ്മാനിച്ചത് വൻ ഉണർവ്. പതിനായിരത്തിലധികം വിനോദസഞ്ചാരികൾ മത്സരം കാണാനായി വിവിധ രാജ്യങ്ങളിൽനിന്നെത്തിയെന്നാണ് സംഘാടകരുടെ കണക്ക്.
ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് തുടങ്ങിയതിനു ശേഷമുണ്ടായ ഏറ്റവും വലിയ ജനക്കൂട്ടത്തെയാണ് കഴിഞ്ഞ ദിവസം ദർശിച്ചത്. 99,500ലധികം പേരാണ് മൂന്നു ദിവസങ്ങളിലായി മത്സരം കാണാനെത്തിയത്. ഫൈനൽ ദിവസം 36,000ത്തിലധികം പേരുടെ സാന്നിധ്യമുണ്ടായിരുന്നു. ഇന്റർനാഷനൽ സർക്യൂട്ട്, അന്താരാഷ്ട്ര മത്സരവേദിയായി അതിവേഗം മാറുന്നതിന്റെ തെളിവാണിതെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. മിഡിലീസ്റ്റിലെ മോട്ടോർ സ്പോർട്ടിന്റെ ഹോം സിറ്റിയായി ബി.ഐ.സിയെ മാറ്റുകയാണ് ലക്ഷ്യം.
ഗ്രാൻഡ്പ്രീയോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ കലാകാരന്മാരുടെ മാസ്മരിക പ്രകടനമടക്കം സംഘടിപ്പിച്ചിരുന്നു. റഷ്യൻ ഓപറക്കടക്കം വലിയ സ്വീകാര്യതയാണ് കാണികളിൽനിന്ന് ലഭിച്ചത്. മത്സരത്തിന്റെ ടിക്കറ്റുകൾ നേരത്തേതന്നെ വിറ്റുപോയത് കായികപ്രേമികൾക്ക് നിരാശ സമ്മാനിച്ചിരുന്നു.
അടുത്ത വർഷത്തെ മത്സരത്തിന് ഇപ്പോൾതന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വൻ നിരക്കിളവുകൾ ബി.ഐ.സി പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടൽ ബുക്കിങ്ങുകൾക്കും ഇപ്പോൾ സൗകര്യമുണ്ട്. ഭാവിയിലുണ്ടാകാവുന്ന വിലവർധനയെയും നാണയവിനിമയ നിരക്കുകളിൽ വരുന്ന മാറ്റങ്ങളെയും മുൻകൂട്ടിയുള്ള ബുക്കിങ്ങുകൾ വഴി മറികടക്കാൻ സാധിക്കും.
ബഹ്റൈനെ ടൂറിസം സ്പോട്ടായി വികസിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷ ചിറകുവിരിക്കുന്നതിന്റെ സൂചനയാണ് കഴിഞ്ഞദിവസങ്ങളിൽ കണ്ടത്. വിമാനയാത്രക്കാരുടെ എണ്ണത്തിലും വൻ വർധനയുണ്ടായിരുന്നു.
ബഹ്റൈന്റെ സൗന്ദര്യാത്മകമായ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനായി ഇക്കൊല്ലം സഞ്ചാരികളുടെ പ്രവാഹമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.