ഹരിതവത്കരണം ഫലം കണ്ടു; മനാമയുടെ ഹരിതാഭ ചിത്രവുമായി എൻ.എസ്.എസ്.എ
text_fieldsമനാമ: രാജ്യത്തിന്റെ ഹരിതവത്കരണ പരിപാടികൾ ഫലം കണ്ടെന്ന് തെളിയിക്കുന്ന ചിത്രം നാഷനൽ സ്പേസ് സയൻസ് ഏജൻസി പുറത്തുവിട്ടു. മനാമയിലെ അൽ ഫാറൂഖ് ജങ്ഷന്റെ മിഴിവാർന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. 2019 ലെ ജങ്ഷന്റെ ചിത്രവും 2023ലെ ചിത്രവുമാണ് നാഷനൽ സ്പേസ് സയൻസ് ഏജൻസി പങ്കുവെച്ചത്. ഗ്രീൻ കവറേജിൽ 40 ശതമാനം വർധനയാണ് ഇക്കാലത്തുണ്ടായതെന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
ഊഷരമായിരുന്ന ജങ്ഷൻ ഹരിതാഭമായി മാറി. ജൈവ വൈവിധ്യത്തിനായുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് രാജ്യത്തിന്റെ ഹരിതപദ്ധതികളുടെ വിജയം സംബന്ധിച്ച വെളിപ്പെടുത്തൽ. ‘ഫോർ എവർ ഗ്രീൻ’ പദ്ധതിയുടെ ഭാഗമായാണ് ഈ സൈറ്റ് ഓരോ വർഷത്തെയും താരതമ്യം നടത്തുന്നത്.ബഹ്റൈന്റെ ഹരിതാഭ വർധിപ്പിക്കാനും കൃഷിയോടും ജൈവ വൈവിധ്യത്തോടുമുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ടാണ് ‘ഫോർ എവർ ഗ്രീൻ’ പദ്ധതി പ്രവർത്തിക്കുന്നത്. രാജ്യത്തെ പാതയോരത്തെ മരങ്ങളുടെ എണ്ണം കഴിഞ്ഞവർഷം കണക്കാക്കിയപ്പോൾ 1.8 ദശലക്ഷമായിരുന്നു. 2035 ഓടെ 3.6 ദശലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം.
വേപ്പ്, ചെമ്പരത്തി, ഫിക്കസ്, യൂക്കാലിപ്റ്റസ്, കാസിയ എന്നിവയുൾപ്പെടെ തണൽ മരങ്ങളാണ് റോഡരികിലും ജങ്ഷനുകളിലും നട്ടുപിടിപ്പിക്കുന്നത്. ഈ മരങ്ങൾ രാജ്യത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമാണ്. ഉയർന്ന ചൂടും വരൾച്ചയുമനുഭവപ്പെടുന്ന കാലാവസ്ഥ സാഹചര്യങ്ങളിൽ വളരുന്നവയാണിവ. വനവത്കരണപരിപാടിക്ക് അവ നിർദേശിക്കപ്പെട്ടിരിക്കുന്നത് അതുകൊണ്ടാണ്.
വിവിധ ഗവർണറേറ്റുകളിലും മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കി. സ്കൂളുകളിലും മറ്റും വിദ്യാഭ്യാസവകുപ്പിന്റെ പിന്തുണയോടെ പദ്ധതി നടപ്പാക്കിയിരുന്നു.
കാർബൺ വികിരണം കുറച്ചുകൊണ്ടുവരാനും ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.