ബഹ്റൈൻ- മലേഷ്യ വ്യാപാരത്തിൽ വർധന
text_fieldsമനാമ: ബഹ്റൈൻ- മലേഷ്യ ഉഭയകക്ഷി വ്യാപാരത്തിൽ മുൻ വർഷത്തേക്കാൾ 5% വർധന. 2023ൽ ഏകദേശം 263.3 ദശലക്ഷം ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ നടന്നത്. മരം, ഫർണിച്ചർ, ഓട്ടോ ഭാഗങ്ങൾ, ഇലക്ട്രോണിക്സ്, ഭക്ഷ്യവസ്തുക്കൾ, ഭക്ഷ്യ എണ്ണകൾ, അലൂമിനിയം, ലൂബ്രിക്കന്റുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലുൾപ്പെടുന്നത്.
മെഡിക്കൽ സാങ്കേതികവിദ്യ, ഗതാഗത സാങ്കേതികവിദ്യ, നിർമാണം, രാസവസ്തുക്കൾ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ, യന്ത്രങ്ങൾ, ലോഹങ്ങൾ, തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ നിക്ഷേപ സഹകരണവും വർധിക്കുകയാണ്. ഇസ്ലാമിക് ബാങ്കിങ് മേഖലയിൽ ആഗോളതലത്തിൽ മുന്നിൽനിൽക്കുന്ന ആദ്യ അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ബഹ്റൈനും മലേഷ്യയും.
ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിനുള്ള നിരവധി ധാരണപത്രങ്ങൾ (എം.ഒ.യു) ഒപ്പുവെച്ചിട്ടുണ്ട്. വ്യോമ സേവന കരാർ, പ്രതിരോധ വിനിമയം, വ്യാവസായിക സഹകരണം, എന്നിവയിലടക്കം സഹകരണ കരാറുകളുണ്ട്. ഓയിൽ ആൻഡ് ഗ്യാസ് ഹോൾഡിങ് കമ്പനി (നോഗാഹോൾഡിങ്)യും മലേഷ്യയുടെ പെട്രോണാസും തമ്മിൽ എൽ.എൻ.ജി സഹകരണത്തിനുള്ള ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്.
ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും മലേഷ്യയിലെ നാഷനൽ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും തമ്മിൽ മറ്റൊരു ധാരണപത്രവുമുണ്ട്. ഇവ ഉൾപ്പെടെ നിരവധി വ്യാപാര-സാമ്പത്തിക കരാറുകളിൽ ഇരുരാജ്യങ്ങളും കക്ഷികളായിട്ടുണ്ട്. ഉഭയകക്ഷി സഹകരണം വർധിപ്പിക്കാനും സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയ നേതൃത്വത്തിന്റെ ഉറച്ച പിന്തുണയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.