ഇന്ത്യ-ബഹ്റൈൻ എണ്ണയിതര വ്യാപാരത്തിൽ വർധന; 776 ദശലക്ഷം ഡോളറിലെത്തി
text_fieldsമനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലെ എണ്ണയിതര വ്യാപാരത്തിൽ ഈ വർഷം വർധന. ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയും ബഹ്റൈനും തമ്മിലെ എണ്ണയിതര വ്യാപാരം 776.03 ദശലക്ഷം ഡോളറായി ഉയർന്നു. ഈ കാലയളവിൽ ഇന്ത്യ 532.36 ദശലക്ഷം ഡോളർ മൂല്യമുള്ള ചരക്കുകൾ ബഹ്റൈനിലേക്ക് കയറ്റുമതി ചെയ്തു. 243.03 ദശലക്ഷം ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യുകയും ചെയ്തു.
2023ലെ കണക്കുകളനുസരിച്ച് ബഹ്റൈന്റെ ആറാമത്തെ വലിയ കയറ്റുമതി പങ്കാളിയാണ് ഇന്ത്യ. ഏഴാമത്തെ വലിയ ഇറക്കുമതി പങ്കാളിയും ഇന്ത്യയാണ്.
ഹൈടെക് സിമന്റ്, ഇലക്ട്രിക്കൽ മെഷിനറി, ഇൻഫർമേഷൻ ടെക്നോളജി, മെഡിക്കൽ സർവിസ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യൻ നിക്ഷേപം ബഹ്റൈനിലുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇന്ത്യൻ നിക്ഷേപം രണ്ട് ബില്യൻ ഡോളർ കവിഞ്ഞു.
3,50,000ത്തിലധികം ഇന്ത്യൻ പ്രവാസികൾ ബഹ്റൈനിലുണ്ടെന്നാണ് കണക്ക്. ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങൾക്ക് വളരെയധികം പഴക്കമുണ്ട്. ഇന്ത്യൻ പ്രവാസികൾ ബഹ്റൈൻ സമ്പദ്വ്യവസ്ഥക്ക് നിർണായക സംഭാവനകളാണ് കാലങ്ങളായി നൽകിക്കൊണ്ടിരിക്കുന്നത്. ഇരു രാജ്യങ്ങളൂം തമ്മിലെ വ്യാപാരബന്ധങ്ങൾ വർധിക്കുന്നു എന്നതിന്റെ തെളിവാണ് ഉഭയകക്ഷി വ്യാപാരം സംബന്ധിച്ച കണക്കുകൾ.
സമീപവർഷങ്ങളിൽ ബഹ്റൈനിലേക്കുള്ള ഇന്ത്യയുടെ എണ്ണ ഇതര കയറ്റുമതി വർധിക്കുകയാണ്. 2018ൽ 768 ദശലക്ഷമായിരുന്നത് 2022ൽ 904 ദശലക്ഷം ഡോളറായി വർധിച്ചു. ശുദ്ധീകരിച്ച പെട്രോളിയം, ഇരുമ്പ്, ഉരുക്ക് ഉൽപന്നങ്ങൾ, ഓർഗാനിക് കെമിക്കൽസ് എന്നിവയാണ് ഇന്ത്യയുടെ ബഹ്റൈനിലേക്കുള്ള പ്രധാന കയറ്റുമതികൾ.
ബഹ്റൈനിന്റെ ഇന്ത്യയിലേക്കുള്ള എണ്ണയിതര കയറ്റുമതി 2018-ൽ 314 ദശലക്ഷമായിരുന്നത് 2022ൽ 500 ദശലക്ഷം ഡോളറായി ഉയർന്നു. അലൂമിനിയം, ഇരുമ്പ് ധാതുക്കൾ, പെട്രോകെമിക്കൽസ് എന്നിവയാണ് ബഹ്റൈനിന്റെ ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.