ഗൾഫ് എയറിന്റെ ലാഭം ഉറപ്പാക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്കരിക്കണമെന്ന് ആവശ്യം
text_fieldsമനാമ: ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന്റെ വരുമാനം വർധിപ്പിക്കുന്നതിനും ലാഭം ഉറപ്പാക്കുന്നതിനുമായി സമഗ്രമായ പദ്ധതി ആവിഷ്കരിക്കാൻ ആവശ്യം. ഗൾഫ് എയറിന്റെ കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണ സമിതിയാണ് ഇക്കാര്യം റിപ്പോർട്ടിലുൾക്കൊള്ളിച്ചത്.
എം.പി. മുഹമ്മദ് അൽ മറാഫിയുടെ അധ്യക്ഷതയിലാണ് സമിതി രൂപവത്കരിച്ചിരുന്നത്. സർക്കാർ ഉദ്യോഗസ്ഥരെയും കമ്പനിയുടെ ബോർഡിനെയും എക്സിക്യൂട്ടിവ് മാനേജ്മെന്റിനെയും സന്ദർശിച്ച സമിതി സൈറ്റ് പരിശോധനകൾ നടത്തുകയും ചെയ്തു.
കമ്പനിയിലെ ജനറൽ ജീവനക്കാർ, ക്യാപ്റ്റന്മാർ, ഫ്ലൈറ്റ് അറ്റൻഡന്റുകൾ എന്നിവരെ പ്രതിനിധീകരിക്കുന്ന ലേബർ യൂനിയനുകളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. സമിതിയുടെ കണ്ടെത്തലുകളും ശിപാർശകളും ചൊവ്വാഴ്ച പാർലമെന്റ് സമ്മേളനം ചർച്ച ചെയ്യും.
ഗൾഫ് എയറിന് കഴിഞ്ഞ വർഷം 440.2 ദശലക്ഷം ദീനാറാണ് വരുമാനം രേഖപ്പെടുത്തിയത്. എയർലൈനിന്റെ കടം 301.8 ദശലക്ഷം ദീനാറാണ്.
2027 അവസാനത്തോടെ സാമ്പത്തിക സ്ഥിതി സന്തുലിതമാകുമെന്ന് ഗൾഫ് എയർ ഗ്രൂപ് ഹോൾഡിങ് കമ്പനി ഗവൺമെന്റിന് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. ഗൾഫ് എയർ 10 പുതിയ വിമാനങ്ങൾ കഴിഞ്ഞവർഷം വാങ്ങിയിരുന്നു. ഇതാണ് കടം വർധിക്കാനിടയാക്കിയത്. 2022 അവസാനം കമ്പനിയുടെ കടം 112.3 ദശലക്ഷം ദീനാറായിരുന്നു. വരുമാനം 405 ദശലക്ഷം ദീനാറും. കഴിഞ്ഞ വർഷം, 156.9 ദശലക്ഷം ദീനാർ വിമാന ഇന്ധനത്തിനായി ചെലവഴിച്ചു. 2022ൽ ഇത് 160.6 ദശലക്ഷം ആയിരുന്നു. ഇന്ധനച്ചെലവ് ലാഭിക്കുന്നതിനുള്ള നടപടികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മൊത്തം 3,028 ജീവനക്കാരിൽ 1,702 പേർ സ്വദേശികളാണ്. സ്വദേശികളുടെ ശമ്പളം ശമ്പളപ്പട്ടികയുടെ 68.7 ശതമാനം വരും. ശരാശരി വേതനം 1,812.5 ദീനാർ ആണ്. പ്രവാസികളുടെ ശരാശരി വേതനം 1,058 ദീനാറാണ്. നഷ്ടക്കണക്കുകൾ ചൂണ്ടിക്കാട്ടി സ്വകാര്യവത്കരിക്കണമെന്ന അഭിപ്രായവും വിവിധ കോണുകളിൽനിന്ന് ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.