പ്രവാസികളുടെ ക്ഷേമം മുഖമുദ്രയാക്കിയ ഗൾഫ് മാധ്യമം -സുബൈർ കണ്ണൂർ
text_fieldsഗൾഫ് മാധ്യമം പ്രവാസികളുടെ ക്ഷേമത്തിനായി തുടക്കം മുതൽ നിലകൊള്ളുന്ന പത്രമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. ആദ്യമായി ഒരു ഇന്ത്യൻ ദിനപത്രം ഗൾഫിൽ തുടങ്ങുന്നത് ഗൾഫ് മാധ്യമമാണ്. ആ വാർത്ത അറിഞ്ഞപ്പോൾ വളരെയേറെ സന്തോഷിച്ച ഒരാളാണ് ഞാൻ. കാരണം നാട്ടിലെ വാർത്തകൾ അപ്പപ്പോൾ അറിയാനൊരു മാർഗം. അതിനെ പ്രവാസലോകമൊന്നാകെ സ്വാഗതം ചെയ്തു.
അതിൽ രാഷ്ട്രീയഭേദമൊന്നും ഉണ്ടായിരുന്നില്ല. ഗൾഫ് മാധ്യമം ബഹ്റൈനിൽ തുടങ്ങുമ്പോൾ അതിന്റെ സ്വാഗതസംഘത്തിൽ ഞാനും അംഗമായിരുന്നു. നിശ്ചയമായും അതിന്റെ എഡിറ്റോറിയൽ നയങ്ങളോട് ഞങ്ങൾക്ക് വിയോജിപ്പുണ്ടായിരുന്നു. അത് എല്ലായ്പോഴും ഞങ്ങൾ പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാൽ വാർത്തകൾ സത്യസന്ധമായി അവതരിപ്പിക്കുന്ന കാര്യത്തിൽ ഗൾഫ് മാധ്യമം പിന്നാക്കം പോയിട്ടില്ലെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.
വീക്ഷണങ്ങളിലും അഭിപ്രായങ്ങളിലും മുഖപ്രസംഗങ്ങളിലും അവർ അതിന്റെ നയങ്ങളും നിലപാടുകളും വ്യക്തമാക്കാറുണ്ട്. അതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകാം. പക്ഷേ, വാർത്തകളിൽ എല്ലാവരുടെയും വീക്ഷണത്തിനിടം നൽകാനും നിഷ്പക്ഷമായി മാധ്യമധർമം നിർവഹിക്കാനും പത്രം ശ്രദ്ധിക്കുന്നുണ്ട്. ബഹ്റൈനിലെ പത്രത്തിന്റെ പ്രാദേശിക പേജുകൾ എല്ലാ സംഘടനകളുടെയും വാർത്തകൾക്കും പരിപാടികൾക്കും തുല്യ പ്രാധാന്യം നൽകാറുണ്ട്. മാത്രമല്ല പ്രവാസികൾ അറിയേണ്ട എല്ലാ കാര്യങ്ങളും ഈ പേജിലൂടെ നമുക്ക് വായിക്കാം. സാമൂഹികപ്രവർത്തകരുടെ ഇടപെടൽ വേണ്ട വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനും പത്രം വഴിയൊരുക്കുന്നു. 25 വർഷം പൂർത്തിയാക്കുകയെന്നത് നിസ്സാരമല്ല. അതിൽ സാധാരണക്കാരായ ഓരോ പ്രവാസിയുടേയും കരങ്ങളുണ്ട്. അവരുടെ ആ വിശ്വാസ്യത നേടിയെടുക്കാൻ സാധിച്ചു എന്നതുകൊണ്ടാണ് ഈ പത്രം ഇത്രമാത്രം വിജയം നേടിയത്. മലയാളികളുടെ മാത്രമല്ല എല്ലാ ഇന്ത്യക്കാരായ പ്രവാസികളുടേയും ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായി ഗൾഫ് മാധ്യമം പേജുകൾ മാറ്റിവെച്ചു. അവരുടെ സാംസ്കാരികവും കലാപരവുമായ എല്ലാ പ്രവർത്തനങ്ങളെയും അംഗീകരിക്കുകയും പത്രത്തിൽ അതിനിടം നൽകുകയും ചെയ്തു. ഇനിയും മുന്നോട്ടുപോകാൻ കഴിയട്ടെ എന്നാശംസിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.