സംസ്കാരത്തിന്റെ ഭാഗമായ ഗൾഫ് മാധ്യമം -കെ.ടി. മുഹമ്മദലി
text_fieldsഗൾഫ് മാധ്യമം രജതജൂബിലി ആഘോഷിക്കുന്ന വേളയിൽ, ഈ പത്രം തുടങ്ങിയ നാൾ മുതലുള്ള വായനക്കാരനാണ് ഞാനെന്ന് പറയുന്നതിൽ അഭിമാനമുണ്ട്. എല്ലാ മലയാളിയുടെയും ഒരു നൊസ്റ്റാൾജിയയാണ് രാവിലെയുള്ള പത്രം വായന. രാവിലെ ഉണർന്നെഴുന്നേറ്റാലുടൻ ചൂടുചായയും കുടിച്ച് ചൂടൻ വാർത്തകൾ വായിക്കുന്നതിന്റെ രസം ഒന്നു വേറെതന്നെയാണ്. മാറ്റാൻ സാധിക്കാത്ത ശീലമാണത്. വാർത്തകളും വിശേഷങ്ങളും അറിഞ്ഞതിനുശേഷം ജോലി, ബിസിനസ് അടക്കമുള്ള കാര്യങ്ങളിലേക്കിറങ്ങുക എന്നത് ഒരു സംസ്കാരത്തിന്റെ ഭാഗവുമാണ്. പ്രബുദ്ധമായ മലയാളി മനസ്സിനെ സൃഷ്ടിക്കാൻ ഈ പ്രഭാത പത്രപാരായണം സഹായിച്ചിട്ടുമുണ്ട്.
ഗൾഫിൽ വന്നപ്പോൾ ആ ശീലം മുടങ്ങിയത് വളരെക്കാലം എന്നെ അലോസരപ്പെടുത്തിയിരുന്നു. അപ്പോഴാണ് ഗൾഫ് മാധ്യമം ഇവിടെനിന്ന് അച്ചടിക്കാൻ പോകുന്നു എന്ന വാർത്ത വരുന്നത്. അത് ഏറെ സന്തോഷകരമായിരുന്നു. മുടങ്ങിയ ശീലം വീണ്ടും ആരംഭിക്കാൻ കഴിഞ്ഞു. അത് നൽകിയ ഉണർവ് ചെറുതല്ല. നിഷ്പക്ഷമായ വാർത്തകളാണ് മാധ്യമത്തിന്റെ പ്രത്യേകത. തീർച്ചയായും എഡിറ്റോറിയൽ നിലപാടുകളുണ്ടാകും. പക്ഷേ, വാർത്തകളിൽ മാധ്യമം വെള്ളം ചേർക്കാറില്ല. വാർത്തകൾ മാത്രമല്ല, വാർത്തകൾക്കപ്പുറമുള്ള വിശകലനങ്ങളും ഈ പത്രത്തെ വ്യത്യസ്തമാക്കുന്നു. സമൂഹജീവി എന്ന നിലക്ക് ഒരു വ്യക്തി അറിയേണ്ട കാര്യങ്ങളെല്ലാം പ്രസിദ്ധീകരിക്കുന്നു. ലോകവാർത്തകളും ദേശീയ വാർത്തകളും പ്രാദേശികമായി കേരളത്തിലെ എല്ലാ ജില്ലകളിലും സംഭവിക്കുന്ന കാര്യങ്ങളും ബഹ്റൈനിലും മറ്റ് ജി.സി.സികളിലും നടക്കുന്ന കാര്യങ്ങളും അറിയിപ്പുകളുമെല്ലാം ചേർന്ന സമ്പൂർണമായ പത്രമാണ് ഗൾഫ് മാധ്യമം.ഈ പത്രത്തിന്റെ വിജയത്തിന് കാരണവും ഇതാണ്. രജത ജൂബിലി ആഘോഷവേളയിൽ എല്ലാ ആശംസകളും നേരുന്നു. ഇനിയും മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്ന് ഒരിക്കൽകൂടി ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.