മലയാളിയുടെ സാംസ്കാരിക പ്രവർത്തനത്തിന് ഇന്ധനമാണ് ഗൾഫ് മാധ്യമം- സി.വി. നാരായണൻ
text_fieldsഇന്നലത്തെ വാർത്തകൾ ആർത്തിയോടെ ആസ്വദിച്ച ഒരു ഭൂതകാലമുണ്ടായിരുന്നു പ്രവാസിക്ക്. ഈ പവിഴ ദ്വീപിൽ അതിന് മാറ്റം വന്നത് 1999ൽ മാധ്യമം പത്രത്തിന്റെ പ്രസിദ്ധീകരണത്തോടുകൂടിയാണ്. പ്രഭാത ഭക്ഷണത്തോടൊപ്പം വാർത്താപത്രവും വേണമെന്ന് നിർബന്ധമുള്ള മലയാളിക്ക് മുന്നിലേക്ക് വന്ന ബഹ്റൈനിലെ ആദ്യത്തെ ദിനപത്രമായിരുന്നു ഗൾഫ് മാധ്യമം. പിന്നീട് ഘട്ടംഘട്ടമായി മറ്റു പത്രങ്ങളും ഇവിടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ, ദീർഘകാലം പിടിച്ചുനിൽക്കാൻ കഴിയാതെ അതെല്ലാം വേരറ്റ് പോയെങ്കിലും വേരുറപ്പിച്ചു നിൽക്കാൻ ഗൾഫ് മാധ്യമത്തിന് സാധിച്ചു. പത്രത്തിന്റെ രാഷ്ട്രീയവും പ്രവാസത്തിന്റെ ആവശ്യവും കണ്ടറിഞ്ഞ് മുന്നോട്ടുപോയ ഗൾഫ് മാധ്യമം കാൽനൂറ്റാണ്ട് പിന്നിടുകയാണ്. മലയാളിയുടെ സാംസ്കാരിക പ്രവർത്തനത്തിന് ഇന്ധനമാകുന്നതിനും ഈ പവിഴദ്വീപിന്റെ വാർത്തകൾ മലയാളികളിലേക്ക് എത്തിക്കുന്നതിനും ഗൾഫ് മാധ്യമം കാണിക്കുന്ന ശ്രദ്ധേയമായ ഇടപെടലുകൾ കാൽനൂറ്റാണ്ട് കാലമായി തുടർന്നു വരുന്നുവെന്നതാണ് പത്രത്തിന്റെ നിലനിൽപിനും വളർച്ചക്കും കാരണം.
കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി ഞാൻ ഈ പത്രത്തിന്റെ വായനക്കാരനാണ്. എന്റെ ആശയങ്ങളും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെക്കാൻ കഴിഞ്ഞുപോയ വർഷങ്ങളിൽ മാധ്യമം തയാറായിട്ടുണ്ട് എന്നത് ഈ അവസരത്തിൽ ഞാൻ നന്ദിപൂർവം ഓർത്തെടുക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ തൂണിന് ചിതൽ കയറാൻ തുടങ്ങിയിരിക്കുന്നു. പെയ്ഡ് ന്യൂസുകൾ അഭംഗുരം തുടരുന്നു. ഈ ആസുരകാലത്ത് ഗൗരവപൂർവം മാധ്യമധർമം നിർവഹിക്കാൻ സാധിക്കട്ടെയെന്നാഗ്രഹിക്കുന്നു. കാൽ നൂറ്റാണ്ട് പിന്നിടുന്ന ഗൾഫ് മാധ്യമത്തിന് ഹൃദയപൂർവം ആശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.