ഓണത്തനിമയിൽ ഓണം ഫെസ്റ്റ്
text_fieldsമനാമ: ‘ഗൾഫ് മാധ്യമം’ ലുലു ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഓണം ഫെസ്റ്റ് ലുലു ഗലേറിയ മാളിൽ നടന്നു. രാവിലെ മുതൽ നടന്ന മത്സരങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. രാവിലെ ഒമ്പതിന് തുടങ്ങിയ ചിത്രരചന മത്സരത്തിൽ പങ്കെടുക്കാൻ നിരവധിപേരാണ് എത്തിയത്. ജൂനിയർ, സീനിയർ കാറ്റഗറികളിലായിരുന്നു ചിത്രരചന, കളറിങ് മത്സരങ്ങൾ. ജൂനിയർ വിഭാഗത്തിന് കളറിങ് മത്സരവും സീനിയർ വിഭാഗത്തിന് ചിത്രരചന മത്സരവുമാണ് നടത്തിയത്. ഓണാഘോഷം എന്നതായിരുന്നു ചിത്രരചന മത്സരത്തിന്റെ പ്രമേയം.
ഓണവും വള്ളംകളിയും കേരളീയതയും നിറഞ്ഞ ചിത്രങ്ങളാണ് കുട്ടികൾ വരച്ചത്. ഉച്ചക്കുശേഷം നടന്ന പായസ മത്സരവും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പുതിയ രുചിക്കൂട്ടുകളുടെ പരീക്ഷണശാലയായി പായസ മത്സരം മാറി. പാചക രംഗത്തെ സജീവസാന്നിധ്യങ്ങളായ വീട്ടമ്മമാർ മുതൽ പുത്തൻ തലമുറക്കാർ വരെ വൈവിധ്യവും പുതുമയുമുള്ള രുചിക്കൂട്ടുകളുമായി രംഗം കൈയടക്കി. ഉച്ചക്കുശേഷം നടന്ന ഓണപ്പാട്ടു മത്സരവും മികച്ച നിലവാരം പുലർത്തി. പ്രശസ്ത ചലച്ചിത്ര, ടെലിവിഷൻ താരം വിനോദ് കോവൂരും, ഏഷ്യാനെറ്റ് സ്റ്റാർസിങ്ങർ അവതാരക വർഷ രമേഷും അതിഥികളായിരുന്നു.
രുചി വൈവിധ്യം നിറഞ്ഞ പായസ മത്സരം
മനാമ: രുചി വൈവിധ്യങ്ങളാൽ നിറഞ്ഞ പായസ മത്സരം കാണികളെ ആകർഷിച്ചു. വൈവിധ്യമാർന്ന പായസങ്ങളാണ് ഓരോ മത്സരാർഥിയും ഒരുക്കിയത്. ത്രയോദശക പായസം മുതൽ ഫ്യൂഷൻ പായസം വരെ വ്യത്യസ്തമായിരുന്നു വിഭവങ്ങൾ. പായസം രുചിക്കാനും ഏറെത്തിരക്കായിരുന്നു. വിനോദ് കോവൂരും വർഷ രമേഷും പായസം രുചിക്കുകയും മികച്ച അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
മലയാളികൾ മാത്രമല്ല, വിവിധ ദേശക്കാരടങ്ങുന്ന ജനങ്ങളും പായസത്തിന്റെ രുചി ആസ്വദിച്ചു. എല്ലാവർക്കും മതിയാകുന്നതു വരെ വിളമ്പിക്കൊടുക്കാൻ മത്സരാർഥികളും ഉത്സാഹിച്ചു. കൈനിറയെ സമ്മാനങ്ങളുമായാണ് മത്സരത്തിൽ പങ്കെടുത്തവർ മടങ്ങിയത്. വൈവിധ്യമുള്ള രുചിക്കൂട്ടുകൾ വിധികർത്താക്കൾക്കും പുതിയ അനുഭവമായിരുന്നു. വിധിനിർണയിക്കുക ദുഷ്കരമായിരുന്നെന്ന് വിധികർത്താക്കൾ പറഞ്ഞു.
ഓണത്തെ മനോഹരമായി ചിത്രീകരിച്ച് കുട്ടിപ്പട്ടാളം
മനാമ: ഓണം ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന കുട്ടികളുടെ ചിത്രരചന മത്സരം വർണാഭമായിരുന്നു. വരകളിൽ കേരളം നിറഞ്ഞുനിന്നു. അതിമനോഹരമായ കേരളീയ ദൃശ്യങ്ങളാണ് ഡ്രോയിങ് ഷീറ്റുകളിൽ കുട്ടികൾ വരച്ചത്.
രാവിലെ ഒമ്പതിന് തുടങ്ങിയ മത്സരം ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ രക്ഷിതാക്കളുടേയും കുട്ടികളുടേയും നീണ്ട നിര രൂപപ്പെട്ടിരുന്നു. ഓണാഘോഷം എന്നതായിരുന്നു സീനിയർ വിഭാഗം കുട്ടികൾക്ക് നൽകിയിരുന്ന വിഷയം. ഗലേറിയ മാളിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു മത്സരം.
കുട്ടികൾക്കാവശ്യമായ സാധനങ്ങളും മറ്റും നൽകാനായി വളന്റിയർമാരുടെ വിപുലമായ സംഘം കാര്യക്ഷമമായി പ്രവർത്തിച്ചു. മാവേലിയും പൂക്കളങ്ങളും വഞ്ചിയും പുഴയും കടലും കായലുമുള്ള കേരളത്തിന്റെ മനോഹാരിത ഡ്രോയിങ് ഷീറ്റുകളിൽ നിറഞ്ഞു. ജൂനിയർ വിഭാഗം കുട്ടികൾക്ക് കളറിങ് മത്സരമായിരുന്നു. ബഹുവർണ നിറങ്ങൾ വാരിവിതറി വർണ മനോഹര ചിത്രങ്ങളാണ് ഓരോരുത്തരും തീർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.