കാതോർക്കാം, രാത്രിമഴയുടെ സംഗീതത്തിനായി; 'ഗൾഫ് മാധ്യമം' അവതരിപ്പിക്കുന്ന 'റെയ്നി നൈറ്റ്' 27ന്
text_fieldsമനാമ: ബഹ്റൈനിൽ സംഗീതത്തിന്‍റെ കുളിർമഴ പെയ്തിറങ്ങുന്ന രാവിലേക്ക് ഇനി 20 ദിവസം. സംഗീതത്തിന്‍റെയും മെന്‍റലിസത്തിന്‍റെയും ഫ്യൂഷൻ വിരുന്നൊരുക്കി 'ഗൾഫ് മാധ്യമം' അവതരിപ്പിക്കുന്ന 'റെയ്നി നൈറ്റ്' എന്ന സംഗീത പരിപാടിക്ക് മെയ് 27ന് പവിഴദ്വീപ് സാക്ഷ്യം വഹിക്കും.
കോൺവെക്സ് കോർപറേറ്റ് ഈവന്‍റ്സ് കമ്പനിയുടെ ബാനറിൽ ക്രൗൺ പ്ലാസയിൽ നടക്കുന്ന പരിപാടിയുടെ മുഖ്യപ്രായോജകർ ബഹ്റൈനിലെ പ്രമുഖ ടെലികോം കമ്പനിയായ സെയ്ൻ ആണ്. സംഗീതത്തിലൂടെ മനസുകളിൽ നവോന്മേഷം പകരുന്ന രാവിനെ സമ്പന്നമാക്കാൻ പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാറും ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും മെന്‍റലിസ്റ്റ് ആദിയും എത്തും. മലയാളികളെ കോരിത്തരിപ്പിച്ച ഒരുപിടി ഗാനങ്ങൾ മഴയുടെ പശ്ചാത്തലത്തിൽ പ്രേക്ഷക ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങും.
മഴയും സംഗീതവും രാത്രിയും സംഗമിക്കുന്ന വേദി ബഹ്റൈന് പുത്തൻ അനുഭവമായിരിക്കും സമ്മാനിക്കുക. മഴ പെയ്ത് തോർന്ന രാത്രി പിന്നിട്ട് തെളിഞ്ഞ പുലർകാലത്തിലേക്ക് പ്രവേശിക്കുന്ന അനുഭൂതിയായിരിക്കും പരിപാടി അവസാനിക്കുമ്പോൾ പ്രേക്ഷകന് അനുഭവിക്കാൻ കഴിയുക. സംഗീത മഴയിൽ അലിഞ്ഞ് തൂമഞ്ഞ് പോലെ തെളിഞ്ഞ മനസിന്‍റെ കരുത്തിൽ നമുക്ക് മുന്നോട്ട് കുതിക്കാം.
കോവിഡാനന്തര ലോകത്തിന് മുന്നിൽ പ്രതീക്ഷകളുടെ പുതുവസന്തമായെത്തുന്ന 'റെയ്നി നൈറ്റ്' ബഹ്റൈന്‍റെ അതിജീവനത്തിന്‍റെ കഥ പറയുന്നു.
അതിവേഗം മുന്നോട്ട് ചലിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിനുള്ള ഗൾഫ് മാധ്യമത്തിന്‍റെ ഉപഹാരമാണ് ഈ സംഗീത വിരുന്ന്. ഗൃഹാതുരമായ ഓർമകളിലേക്ക് കൈപിടിച്ചുകൊണ്ടുപോകുന്ന ഗാനങ്ങളിലൂടെ സിതാരയും ജനപ്രിയ സംഗീതത്തിൽ കർണാട്ടിക് സംഗീതത്തെ സന്നിവേശിപ്പിച്ച് വിസ്മയമൊരുക്കുന്ന ഹരീഷ് ശിവരാമകൃഷ്ണനും മനസിൽ ഒളിഞ്ഞുകിടക്കുന്ന ചിന്തകളെ വായിച്ചെടുക്കുന്ന ആദിയും കാത്തിരിക്കുന്നു; സംഗീത മഴയുടെ രാവിൽ നിങ്ങളെ കണ്ടുമുട്ടാൻ. ക്രൗൺ പ്ലാസ ഒരുക്കുന്ന ഡിന്നറോടെയായിരിക്കും സംഗീത വിരുന്ന് അവസാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.