വരുന്നു പ്രഥമ ഗള്‍ഫ് ട്വന്റി20 ക്രിക്കറ്റ്; ബഹ്റൈൻ അടക്കം ആറു ടീമുകൾ
text_fieldsമനാമ: ഗൾഫ് രാജ്യങ്ങളെ അണിനിരത്തിയുള്ള പ്രഥമ ഗള്‍ഫ് ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് കളമൊരുങ്ങുന്നു. ഖത്തർ ക്രിക്കറ്റ് അസോസിയേഷനാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. സെപ്റ്റംബര്‍ 13 മുതല്‍ 23 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും ടീമുകള്‍ അണിനിരക്കും. ഒമ്പതു രാജ്യങ്ങളില്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണവും ഉണ്ടാകും.
10 ദിവസം നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഖത്തറിനു പുറമെ കുവൈത്ത്, ഒമാന്‍, യു.എ.ഇ, ബഹ്റൈന്‍, സൗദി എന്നീ രാജ്യങ്ങൾ മാറ്റുരക്കും. ഖത്തറിലെ പ്രധാന ക്രിക്കറ്റ് മൈതാനമായ ഏഷ്യന്‍ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സരവേദി. മൊത്തം 16 മത്സരങ്ങളാണ് നടക്കുക. മേഖലയിലെ രാജ്യങ്ങൾക്കിടയിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനും കായിക മേഖലയിലെ സഹകരണം ദൃഢമാക്കാനും ഗൾഫ് കപ്പ് ട്വന്റി20 ടൂർണമെന്റ് വഴിയൊരുക്കുമെന്ന് ക്യു.സി.എ പ്രസിഡന്റ് ശൈഖ് അബ്ദുൽ അസീസ് ബിൻ സൗദ് ആൽഥാനി പറഞ്ഞു.
ഗൾഫ് രാഷ്ട്രങ്ങളിൽ ക്രിക്കറ്റ് താൽപര്യം വർധിക്കുന്നതിന്റെ സൂചനയായാണ് ടൂർണമെന്റിനെ കാണുന്നത്. നിലവിൽ മിക്ക ഗൾഫ് രാജ്യങ്ങൾക്കും ക്രിക്കറ്റ് ടീം ഉണ്ടെങ്കിലും വിദേശ കളിക്കാരെ ടീമിൽ ഉൾപ്പെടുത്തിയാണ് നിലനിൽക്കുന്നത്. കുവൈത്ത്, യു.എ.ഇ ടീമിൽ നിരവധി മലയാളി കളിക്കാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.