ഗുരുസ്മൃതി പുരസ്കാരം കെ.ജി. ബാബുരാജന് സമ്മാനിച്ചു
text_fieldsമനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി ഏർപ്പെടുത്തിയ നാലാമത് ഗുരുസ്മൃതി പുരസ്കാരം ജി.എസ്.എസ് മഹോത്സവം 2024ന്റെ ഭാഗമായി കേരള സമാജത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായിയും, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ.ജി. ബാബുരാജന് സമ്മാനിച്ചു.
ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റുമായ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളാണ് പുരസ്കാരം സമ്മാനിച്ചത്. ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ പൊന്നാട അണിയിച്ചു. വിശിഷ്ട അതിഥിയായിരുന്ന ഹുസൈൻ ആബിദ് തങ്ങൾ എം.എൽ.എ അവാർഡുമായി ബന്ധപ്പെട്ട പ്രശസ്തിപത്രം സമ്മാനിച്ചു.ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബെന്നി ബഹനാൻ എം.പി, കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് എന്നിവരടക്കം വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്നു.
സാമൂഹികനീതി നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും, സമത്വത്തിലധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥിതിക്കും, വിദ്യാഭ്യാസപരമായ ഉന്നമനത്തിനും പ്രവർത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും ആദരിക്കുന്നതിനായി ജി.എസ്.എസ് 2002ൽ ഏർപ്പെടുത്തിയതാണ് ‘ഗുരുസ്മൃതി പുരസ്കാരം’.
സാമൂഹിക സാംസ്കാരിക ആത്മീയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലൂടെ, കേരളീയ സമൂഹത്തിനൊപ്പം പ്രവാസി സമൂഹത്തിനും, നിസ്തുല സംഭാവനയാണ് കെ.ജി. ബാബുരാജൻ നൽകുന്നതെന്ന് അവാർഡ് നിർണയ കമ്മിറ്റി അംഗവും, ശ്രീനാരായണ ധർമസംഗം ട്രസ്റ്റ് അംഗവുമായ ഋതംഭരാനന്ദ സ്വാമികൾ ചടങ്ങിൽ അഭിപ്രായപ്പെട്ടു.
ഇന്നത്തെ കാലഘട്ടത്തിൽ മതസൗഹാർദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നവംബറിൽ വത്തിക്കാനിൽ വെച്ച് സംഘടിപ്പിക്കുന്ന സർവമത സമ്മേളന ശതാബ്ദിയെക്കുറിച്ചും കെ.ജി. ബാബുരാജൻ സംസാരിച്ചു. ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഉണ്ണിമേനോനും സംഘവും അവതരിപ്പിച്ച ഗാനാമൃതവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.