ബഹ്‌റൈൻ ഹജ്ജ് ക്വാട്ട 4625
text_fieldsമനാമ: ബഹ്റൈെൻറ ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട 4625 ആണെന്ന് നീതിന്യായ-ഇസ്‌ലാമിക കാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹജ്ജ്-ഉംറ കാര്യ ഉന്നതാധികാര സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹറമില്‍ നടക്കുന്ന വന്‍ വികസന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അദ്ദേഹം അതിന് നേതൃത്വം നല്‍കുന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് നന്ദി പ്രകാശിപ്പിച്ചു. മക്ക ഹറം നവീകരണ പദ്ധതികളില്‍ ഏറ്റവും വലിയ വികസനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇലക്‌ട്രോണിക് സിസ്റ്റം വഴിയാണ് ഹജ്ജിന് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
ആഗസ്റ്റ് എട്ടാണ് അവസാന തിയതിയായി നിശ്ചയിച്ചിട്ടുള്ളത്. ബഹ്‌റൈന്‍ ഹജ്ജ് മിഷനും സൗദി ഹജ്ജ് മന്ത്രാലയവുമായി നേരത്തെ തന്നെ ഹജ്ജ് ക്വാട്ടയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചിരുന്നു. ആഗസ്റ്റ്എട്ടിന് ശേഷം അപേക്ഷകള്‍ ഒരു കാരണവശാലും സ്വീകരിക്കില്ല. അതിനാല്‍ തീര്‍ഥാടനം ഉദ്ദേശിക്കുന്നവര്‍ പ്രസ്തുത തിയതിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഹജ്ജ്-ഉംറ കാര്യ ഉന്നതാധികാര സമിതി അറിയിച്ചു. മന്ത്രാലയത്തിെൻറ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഹജ്ജ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്.
അംഗീകാരമില്ലാത്ത ഗ്രൂപ്പുകളോടൊപ്പം ഹജ്ജിന് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. തീര്‍ഥാടകരുടെ ഇലക്‌ട്രോണിക് സംവിധാനം വഴിയുള്ള നടപടി ക്രമങ്ങൾ സംബന്ധിച്ച ഏറ്റവും പുതിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. യാത്ര സംബന്ധമായ കാര്യങ്ങള്‍, മക്കയിലും മദീനയിലും താമസ സ്ഥലം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയും അപേക്ഷയോടൊപ്പം നല്‍കണമെന്ന് നിബന്ധനയുണ്ട്. സൗദി ഹജ്ജ് മന്ത്രാലയത്തിെൻറ മുഴുവന്‍ നിര്‍ദേശങ്ങളും പാലിക്കാന്‍ എല്ലാ ഹജ്ജ് ഗ്രൂപ്പുകളും ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.ഹജ്ജ് ഗ്രൂപ്പുകള്‍ക്കുള്ള പ്രയാസങ്ങൾ പരിഹരിക്കുന്നതിന് നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.