ഹമദ് രാജാവിന് അറബ് പാർലമെന്റിന്റെ പരമോന്നത ബഹുമതി
text_fieldsമനാമ: അറബ് പാർലമെന്റിന്റെ പരമോന്നത ബഹുമതി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് സമ്മാനിച്ചു. അറബ് താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യോജിച്ച പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ഹമദ് രാജാവിന്റെ പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണിത്. അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ യമാഹി സഖീർ കൊട്ടാരത്തിലെത്തി, അറബ് ഉച്ചകോടിയുടെ നിലവിലെ ചെയർമാൻകൂടിയായ ഹമദ് രാജാവിന് ലീഡർ മെഡൽ സമ്മാനിച്ചു. 26ാമത് ഗൾഫ് കിരീടം നേടിയ ബഹ്റൈൻ ദേശീയ ഫുട്ബാൾ ടീമിന് അൽ യമാഹി ആശംസകൾ അറിയിച്ചു. രാജ്യവും ജനങ്ങളും ഹമദ് രാജാവിന്റെ മഹനീയ നേതൃത്വത്തിൽ പുരോഗതിയും കൂടുതൽ നേട്ടങ്ങളും കൈവരിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട അൽ യമാഹിയെ രാജാവ് അഭിനന്ദിച്ചു. തന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ വിജയിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു.
അറബ് രാഷ്ട്രങ്ങളുമായുള്ള ബഹ്റൈനിന്റെ ശക്തവും ചരിത്രപരവുമായ ബന്ധത്തിൽ ഹമദ് രാജാവ് അഭിമാനം പ്രകടിപ്പിച്ചു. പൊതുലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അറബ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര ഫോറങ്ങളിൽ പ്രാദേശിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലും ശക്തമായി മുന്നോട്ടുപോകുന്ന അറബ് പാർലമെന്റിന്റെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. അറബ് പാർലമെന്ററി പ്രവർത്തനങ്ങൾക്ക് ബഹ്റൈൻ നൽകുന്ന പിന്തുണക്ക് അൽ യമാഹി രാജാവിന് നന്ദി പറഞ്ഞു. അറബ് താൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അറബ് പാർലമെന്റിന്റെ പങ്ക് വർധിപ്പിക്കാനുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.