പുതുവർഷാശംസകൾ ബഹ്റൈൻ നേർന്ന് മന്ത്രിസഭ
text_fieldsമനാമ: 2023 അവസാനത്തിലേക്കു കടക്കുന്ന വേളയിൽ 2024 പുതുവർഷാശംസകൾ നേർന്ന് മന്ത്രിസഭ. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈൻ ജനത, പ്രവാസി സമൂഹം എന്നിവർക്ക് കാബിനറ്റ് പുതുവർഷാശംസകൾ നേർന്നു. ലോകം മുഴുവൻ നന്മയുടെയും സമാധാനത്തിന്റെയും വർഷമായിരിക്കട്ടെ പുതുവർഷമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
ദേശീയ ദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രഭാഷണത്തിലടങ്ങിയിട്ടുള്ള ആശയങ്ങൾ രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്കും വളർച്ചയിലേക്കും നയിക്കാൻ കഴിയുന്നവയാണ്. ദേശീയ ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുക വഴി രാജ്യത്തോടും ഭരണാധികാരികളോടും ബഹ്റൈൻ ജനതയോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച ഏവർക്കും പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും ഓഫിസുകളും സ്ഥാപനങ്ങളും സ്വകാര്യ മേഖലയും ദേശീയ ദിനാഘോഷങ്ങളെ വർണാഭമാക്കാൻ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചു. സാഫ്റയിലെ പൊലീസ് ക്യാമ്പിൽ പുതിയ സംവിധാനങ്ങളും കെട്ടിടങ്ങളും ദേശീയ ദിനത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്തതിനെ കാബിനറ്റ് സ്വാഗതംചെയ്തു. പുതിയ സംവിധാനങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ട മന്ത്രിസഭ ആഭ്യന്തര മന്ത്രിക്ക് പ്രത്യേകം അഭിവാദ്യം നേരുകയും ചെയ്തു.കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ കാബിനറ്റ് അനുശോചനം രേഖപ്പെടുത്തി.
കുവൈത്തിന്റെ വളർച്ചക്കും പുരോഗതിക്കും ജി.സി.സി രാജ്യങ്ങളുടെ ശാക്തീകരണത്തിനും അദ്ദേഹം നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുകയും പ്രാർഥിക്കുകയും ചെയ്തു. പുതിയ അമീറായി ചുമതലയേറ്റ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ആശംസകൾ നേർന്നു. അദ്ദേഹത്തിന്റെ ഭരണസാരഥ്യത്തിൻ കീഴിൽ കുവൈത്തിന് കൂടുതൽ വളർച്ചയും പുരോഗതിയും നേടാനാകട്ടെയെന്നും പ്രത്യാശ പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ച ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽസീസിക്ക് അഭിവാദ്യങ്ങൾ നേർന്നു. ഈജിപ്ത് ജനത അദ്ദേഹത്തിലർപ്പിച്ച വിശ്വാസം രാജ്യത്തിന്റെ വളർച്ചക്കും പുരോഗതിക്കും ആധാരമായി വർത്തിക്കുമെന്നും അഭിപ്രായപ്പെട്ടു. ദേശീയദിനമാഘോഷിച്ച ഖത്തറിനും ആശംസകൾ നേർന്നു.
ജനങ്ങളുടെ ആവശ്യമനുസരിച്ച് മന്ത്രാലയങ്ങളും സർക്കാർ ഓഫിസുകളും കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. സർക്കാർ സേവനകേന്ദ്രങ്ങളുടെ നാലാമത് മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത്. 71 സർക്കാർ സേവന കേന്ദ്രങ്ങളിൽ 18 കേന്ദ്രങ്ങൾക്ക് ഗോൾഡൻ പദവിയും ആറെണ്ണത്തിന് സിൽവർ പദവിയും ലഭിച്ചിട്ടുണ്ട്. നേട്ടങ്ങൾ കരസ്ഥമാക്കുന്ന തരത്തിൽ പ്രവർത്തനം മെച്ചപ്പെടുത്തിയ സേവനകേന്ദ്രങ്ങൾക്ക് കാബിനറ്റ് അഭിവാദ്യങ്ങൾ അറിയിച്ചു. ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അധ്യക്ഷനായിരുന്നു.
ഈ വർഷം മൂന്നാം പാദത്തിൽ 2.5 ശതമാനം സാമ്പത്തിക വളർച്ച
മനാമ: 2023 മൂന്നാം പാദത്തിലെ സാമ്പത്തിക വളർച്ച സൂചിക ധനമന്ത്രി അവതരിപ്പിച്ചു. തദ്ദേശീയ ഉൽപാദന മേഖലയിൽ 2.5 ശതമാനമെന്ന സ്ഥിരവളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 4.5 ശതമാനം എണ്ണയിതര മേഖലകളിൽനിന്നാണ് ലഭ്യമായത്. ആഭ്യന്തര വളർച്ചയിൽ 83.6 ശതമാനവും എണ്ണയിതര മേഖലകളിൽനിന്നുള്ള സ്ഥിര വളർച്ചയും രേഖപ്പെടുത്തി.
പണപ്പെരുപ്പത്തോത് 0.2 ശതമാനത്തിൽ ഉറപ്പിച്ചുനിർത്താനും കഴിഞ്ഞതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2023ലെ മൂന്നാം പാദത്തിൽ ജി.ഡി.പി 3387.82 ദശലക്ഷം ദീനാറാണ്. 2022ലെ അതേ കാലയളവിലിത് 3306.71 ദശലക്ഷം ദീനാറായിരുന്നു. ജി.ഡി.പിയിലേക്ക് സംഭാവന ചെയ്യുന്ന ഏറ്റവും വലിയ എണ്ണ ഇതര മേഖല ഫിനാൻഷ്യൽ കോർപറേഷനുകളാണ്. 18.08 ശതമാനമാണ് ഈ മേഖലയുടെ സംഭാവന. മാനുഫാക്ചറിങ് ഇൻഡസ്ട്രിയുടെ സംഭാവന 13.85 ശതമാനമാണ്. എണ്ണ ഇതര മേഖലകൾ വളരുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് മേഖല 9.36 ശതമാനം വളർച്ച കൈവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.