നിർദേശവുമായി എം.പിമാർ, ടൂറിസ്റ്റ് വിസയിലെത്തുന്നവർക്കും ആരോഗ്യ ഇൻഷുറൻസ്
text_fieldsമനാമ: ടൂറിസ്റ്റ് വിസയിലെത്തുന്നവരെക്കൂടി ആരോഗ്യ ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന നിർദേശവുമായി എം.പിമാർ. ടൂറിസ്റ്റ് വിസയിലെത്തുന്നവരിൽനിന്ന് ഇതിനുള്ള ഫീസ് ഈടാക്കാനുള്ള നിർദേശം സാമ്പത്തികകാര്യ സമിതി വൈസ് ചെയർമാൻ മുഹമ്മദ് അൽ മറാഫിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് മുന്നോട്ടുവെച്ചത്.
ഈ നിർദേശം ചർച്ച ചെയ്യുമെന്ന് ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി പറഞ്ഞു. ദേശീയ ആരോഗ്യ ഇൻഷുറൻസ് ചട്ടക്കൂടിലേക്ക് വിനോദസഞ്ചാരികളെ കൂടി കൊണ്ടുവരുന്നത് ഗവൺമെന്റിന്റെ വിശാല വീക്ഷണത്തിന് അനുഗുണമാണ്.
നിർദേശം നടപ്പാക്കുകയാണെങ്കിൽ, വിനോദസഞ്ചാരികൾ അവരുടെ വിസ അപേക്ഷ പ്രക്രിയയുടെ ഭാഗമായി അധിക ഫീസ് നൽകേണ്ടിവരും. സന്ദർശകർക്ക് അവരുടെ താമസസമയത്ത് ആരോഗ്യ സേവനങ്ങൾ ഇതുവഴി ലഭ്യമാകും. സന്ദർശകരായി എത്തുന്നവരുടെ ചികിത്സ ചെലവുകളുടെ ഭാരം സർക്കാറിൽനിന്ന് ഒഴിവാകാൻ ഇതിടയാക്കുമെന്നാണ് എം.പിമാർ പറയുന്നത്.
ഇങ്ങനെ ശേഖരിക്കുന്ന ഫീസ് വിനോദസഞ്ചാരികൾക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നത് ഉറപ്പാക്കുമെന്ന് അൽ മറാഫി എം.പി പറഞ്ഞു. ടൂറിസ്റ്റ് വിസയുടെ ഭാഗമായി സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നത് സുരക്ഷിതവും വിനോദസഞ്ചാര സൗഹൃദവുമായ ഒരു കേന്ദ്രമെന്ന നിലയിൽ ബഹ്റൈനിന്റെ ആകർഷണം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കുറഞ്ഞ ബജറ്റിൽ യാത്ര ചെയ്യുന്ന ടൂറിസ്റ്റുകളെ ഇത് ബാധിക്കുമോയെന്ന ആശങ്കയും ചിലർ ഉയർത്തി. ആരോഗ്യ ചെലവിന് ആനുപാതികമായ തുക മാത്രം ഫീസായി നിർദേശിച്ചാൽ മതിയെന്നും അഭിപ്രായമുണ്ട്. അഞ്ച് ദീനാർ എന്ന തുക ചിലർ മുന്നോട്ടുവെച്ചെങ്കിലും ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനക്ക് വിടാൻ ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.