ദുരന്തഭൂമിയിലെ കരളലിയിക്കുന്ന കാഴ്ചകൾ
text_fieldsദുരന്തങ്ങൾ തീമഴ പോലെ പെയ്തിറങ്ങും എന്നൊക്കെ പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ, വയനാട്ടിലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും അവസ്ഥ കാണുമ്പോൾ അവിടെ നടന്ന ഉരുൾപൊട്ടലിന്റെ വ്യാപ്തി എത്രമേൽ ഭീകരമായിരുന്നുവെന്ന് മനസ്സിലാക്കാം. ഒരു രാത്രി പുലരുമ്പോഴേക്ക് എല്ലാം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയവർക്കു വേണ്ടിയുള്ള തിരച്ചിലിൽ വളന്റിയറായി സേവനം അനുഷ്ഠിക്കാൻ എനിക്കും അവസരം കിട്ടി.
എസ്.ഡി.പി.ഐ തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസർ സാഹിബ് വിളിച്ച് നാളെ ദുരന്തഭൂമിയിൽ വളന്റിയറായി പോരുന്നോ എന്ന് ചോദിച്ചപ്പോൾ അധികമൊന്നും ആലോചിക്കാതെ ഞാനും ഉണ്ടെന്ന് പറഞ്ഞു. ഞാനും നാസർ സാഹിബും സലാം സാഹിബും നാട്ടിൽനിന്ന് രാത്രി ഒന്നര മണിക്ക് വയനാടിനെ ലക്ഷ്യമാക്കി നീങ്ങി. പുലർച്ച നാല് മണിക്ക് ഞങ്ങൾ വയനാട്ടിലെത്തി. നേരെ അടുത്തുള്ള മസ്ജിദിൽ പോയി സുബ്ഹ് നമസ്കരിച്ചു. പിന്നീട് ചൂരൽമല എന്ന സ്ഥലത്തേക്ക് നീങ്ങി.
പ്രകൃതിരമണീയമായ മനോഹരമായ തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള യാത്ര. ചൂരൽമല എന്ന സ്ഥലത്തിനു മുമ്പ് ഒരു രണ്ട് കിലോമീറ്റർ ഇപ്പുറത്ത് വണ്ടി പാർക്ക് ചെയ്തു നടക്കാൻ തുടങ്ങി. പൊലീസ് ചെക്ക് പോയന്റിന് അപ്പുറത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ലായിരുന്നു.
അന്നത്തെ സന്നദ്ധ പ്രവർത്തനത്തിൽ ഞങ്ങളുടെ ബാച്ചിൽ 60 വളന്റിയർമാർ ഉണ്ടായിരുന്നു. ഒരുപാട് സന്നദ്ധ സംഘടനയുടെ ആൾക്കാർ വളരെ താൽപര്യത്തോടെ ദുരന്തമുഖത്ത് നിറഞ്ഞുനിന്നിരുന്നു. ചൂരൽമലയിലെത്തി അവിടെയുള്ള മസ്ജിദിലായിരുന്നു രാവിലത്തെ ഭക്ഷണം.
അതുകഴിച്ച് ഞങ്ങളുടെ ടീം മുണ്ടക്കൈ ലക്ഷ്യമാക്കി നീങ്ങി. 60 വളന്റിയർമാരെ മൂന്ന് ബാച്ചുകളായി തിരിച്ച് ഓരോ ബാച്ചിന്റെ കൂടെയും ഒരു പൊലീസുകാരനും ഉണ്ടായിരുന്നു. സ്കൂളിനടുത്ത് സൈന്യം നിർമിച്ച പാലവും കടന്ന് കരളലിയിപ്പിക്കുന്ന കാഴ്ചകൾ കണ്ടു കയറ്റം കയറാൻ തുടങ്ങി.
ചൂരൽമലയിൽനിന്ന് മുണ്ടക്കൈ എന്ന സ്ഥലത്തേക്ക് അഞ്ചര കിലോമീറ്റർ ഉണ്ടായിരുന്നു. സ്കൂളിന്റെ ചില ഭാഗങ്ങളും പാലത്തിന്റെ ഒരു വശത്തുള്ള കുറെ വീടുകളും ഒലിച്ചു പോയിരുന്നു. നൂറോളം വീട് അവിടെ ഉണ്ടെന്നാണ് പറയുന്നത്. മനോഹരമായ അരുവികളായി ഒഴുകിവന്നത് ഒരു രാത്രികൊണ്ട് വലിയ പാറക്കെട്ടുകൾകൊണ്ട് നിറഞ്ഞൊഴുകുന്ന പുഴയായി എന്നത് ചിന്തിച്ചാൽ ഒരു എത്തുംപിടിയും കിട്ടാത്ത കാര്യമായിരുന്നു.
മുണ്ടക്കൈ ഭാഗത്തുനിന്ന് ഉരുണ്ടുവന്ന ഒരോ പാറക്കൂട്ടങ്ങളും ഒരു ക്രെയിനിനൊന്നും പൊക്കാൻ പറ്റുന്നതായിരുന്നില്ല. അത്ര വലുതായിരുന്നു. അനേകം വീടുകൾ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ അതിന്റെ ഒരു ശേഷിപ്പും ഉണ്ടായിരുന്നില്ല.
കുറച്ച് പാറക്കൂട്ടങ്ങൾ മാത്രം. മുണ്ടക്കൈയിലുള്ള ഒരു പള്ളി ഒത്തിരി ഉയരത്തായിരുന്നു ഉണ്ടായിരുന്നത്. അവിടെ വെള്ളം എങ്ങനെ എത്തി എന്നത് അത്ഭുതമായി തോന്നി. എന്നാൽ, വെള്ളം മാത്രമല്ല പള്ളിയുടെ ഒരു ഭാഗംതന്നെ പാറയും മരങ്ങളും വന്നു തകർന്നുപോയിരുന്നു.
ഏറ്റവും ദുഷ്കരമായ സ്ഥലങ്ങളിലായിരുന്നു ഞങ്ങൾക്ക് പരിശോധിക്കാനുള്ള അവസരം കിട്ടിയത്. കണക്കനുസരിച്ച് ചുരുങ്ങിയത് ഒരു 200 പേരെയെങ്കിലും ഇനിയും കാണുന്നില്ല എന്നാണ് അവിടെയുള്ളവർ പറയുന്നത്. അവർക്ക് വേണ്ടിയുള്ള തിരച്ചിലായിരുന്നു ഞങ്ങളുടെ ദൗത്യം.
മനസ്സിന് വല്ലാത്ത ഒരു മരവിപ്പായിരുന്നു. ഓരോ കുടുംബവും സന്തോഷത്തോടെ വീട്ടിൽ കിടന്നുറങ്ങിയിട്ട് എല്ലാം ഒരു നിമിഷംകൊണ്ട് ഇല്ലാതാവുന്ന ആ അവസ്ഥ ഓർക്കുമ്പോൾ സഹിക്കുന്നില്ല. പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യർ അറിയുന്നില്ല അവൻ എത്ര നിസ്സാരക്കാരനാണെന്ന്.
ചിലയിടങ്ങളിൽ പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ ചെറിയ മണം വരുമ്പോൾ ഡോഗിനെ വിളിച്ച് ഒന്നുകൂടി പരിശോധിക്കും, പിന്നെ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് മണ്ണും പാറകളും മാറ്റി നോക്കും. വീടിന്റെ ഒരു അടയാളവും പുറമേ കാണാൻ ഇല്ലെങ്കിലും മണ്ണുമാന്തിയന്ത്രം മണ്ണ് മാറ്റുമ്പോൾ വീടിന്റെ തറയുടെ അവശിഷ്ടങ്ങൾ കാണാമായിരുന്നു.
ദൈവമേ ആർക്കും നീ ഇതുപോലെയുള്ള പരീക്ഷണം നൽകരുതേ എന്ന് ആ നിമിഷം പ്രാർഥിച്ചുപോയി. ആ പള്ളിയിലെ ഉസ്താദിന്റെ മയ്യിത്ത് കിലോമീറ്ററുകൾ അപ്പുറത്തുനിന്നാണ് കിട്ടിയത്. ചിലപ്പോൾ ഉസ്താദിനെ വെള്ളം കൊണ്ടുപോയത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലാവും. അങ്ങനെ അങ്ങനെ ഒരുപാട് ജീവനുകൾ...
ദുരന്തഭൂമിയിലെ സേവനങ്ങൾക്കിടയിൽ ശരീരം ക്ഷീണിച്ചില്ലേലും മനസ്സ് മരവിച്ചതുപോലെ തോന്നി. ഓരോ വീടിന്റെ അവശിഷ്ടങ്ങൾ കാണുമ്പോൾ നമ്മുടെ വീടിനേയും കുടുംബത്തേയും ഓർമവന്നുപോവും. എത്രയെത്ര പിഞ്ചോമനകൾ പ്രായമായവർ എല്ലാം ഒരു നിമിഷംകൊണ്ട് തകർന്നടിഞ്ഞുപോയില്ലേ. ഉച്ച ഭക്ഷണത്തിന്റെ വണ്ടി മുകളിലേക്ക് കയറിവന്നപ്പോൾ ചിലർ അവിടന്ന് കഴിച്ചു.
എനിക്ക് എന്തോ വിശപ്പ് തോന്നിയില്ല. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒ.ടി. അലി എന്നയാൾ ഒരു മഹാ സംഭവമായിരുന്നു. ഉരുൾപൊട്ടി എന്ന വാർത്ത വന്നപാടെ വയനാട്ടിലേക്ക് പേരാമ്പ്രയിൽനിന്ന് വന്ന അദ്ദേഹം പത്താം ദിവസമായിട്ടും അവിടെനിന്ന് മടങ്ങിപ്പോയിട്ടില്ല.
എപ്പോഴാണ് നാട്ടിലേക്ക് എന്ന് ചോദിച്ചപ്പോൾ എല്ലാവരേയും കിട്ടട്ടെ എന്നിട്ട് പോവാം എന്നാണ് പറഞ്ഞത്. നാടൻ പണിക്ക് പോവുന്ന ആ സഹോദരൻ എല്ലാം മാറ്റിവെച്ച് വയനാട്ടിലെ ആ കൂടപ്പിറപ്പുകൾക്കു വേണ്ടി ഈ ദിവസം വരെ രാവിലെ ആറ് മണി മുതൽ ദുരന്ത ഭൂമിയിൽ നിറഞ്ഞ് നിൽപുണ്ടെങ്കിൽ അങ്ങനെയുള്ള മനുഷ്യരെയാണ് നാം മനസ്സറിഞ്ഞ് സല്യൂട്ട് ചെയ്യേണ്ടത്.
മതവും ജാതിയും രാഷ്ട്രീയവും പറഞ്ഞ് തമ്മിൽ തല്ലുന്നവർക്ക് ഇതുപോലെയുള്ള ദുരന്തങ്ങളിൽ ഒരുപാട് പാഠങ്ങളുണ്ട്. എന്നാൽ, ആ പാഠങ്ങൾ പഠിക്കാൻ തയാറാവുന്നില്ല എന്നതാണ് വീണ്ടും നാം നാശത്തിലേക്ക് പോവുന്നത്. ഒരു ദിവസത്തെ ദുരന്ത ഭൂമിയിലെ അനുഭവം എത്ര എഴുതിയാലും അധികമാവില്ല.
അത്രമേൽ അനുഭങ്ങളും പാഠങ്ങളും നൽകുന്നതായിരുന്നു ആ ദിവസം എനിക്ക് സമ്മാനിച്ചത്. അവിടെ ഉണ്ടായിരുന്ന എല്ലാവരും നല്ല സമീപനമായിരുന്നു. പൊലീസുകാരിൽനിന്ന് പോലും വളരെ നല്ല സഹകരണ മനോഭാവമാണ് അനുഭവപ്പെട്ടത്. പല കാര്യങ്ങളും അവശ്യങ്ങളും നമ്മളോട് വന്നുപറയുമ്പോൾ ഞാൻ മനസ്സിൽ പറയുമായിരുന്നു..
ഞാൻ ഈ നാട്ടുകാരനല്ല.. ഇവിടെ മുമ്പുള്ള ദിവസങ്ങളിലും വന്നിട്ടില്ല.. ഇന്ന് ആദ്യമായിട്ടാണ് ഇവിടെ വന്നത്.. എന്നാൽ, എനിക്ക് കിട്ടിയ അംഗീകാരം, ആദരവ് അത് എനിക്ക് മാത്രം കിട്ടിയതായിരുന്നില്ല. പ്രിയങ്കരനായ നേതാവ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ അവിടെ വന്നിരുന്നു. ഞങ്ങളെ കണ്ടപ്പോൾ ഞങ്ങളുടെ അരികിൽ വന്ന് കൈപിടിച്ച് അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്..
‘‘നിങ്ങളാണ് താരം’’ ആ വാക്ക് കേവലം അദ്ദേഹത്തിന്റേത് മാത്രമല്ല... കേരള മനഃസാക്ഷിയുടേതായിരുന്നു.. ബഹ്റൈനിൽ ജോലി ചെയ്യുന്ന എനിക്ക് വയനാട്ടിലെ സഹോദരങ്ങളുടെ വേദനകളിൽ പങ്കുചേരാൻ കഴിഞ്ഞതും ദൈവ നിയോഗമായി തോന്നുന്നു.. ഇനിയും ഇതുപോലുള്ള പരീക്ഷണങ്ങൾ ആർക്കും കൊടുക്കാതിരിക്കട്ടെ എന്ന് മനമുരുകി പ്രാർഥിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.