സ്വർഗം ഭൂമിയിലുളവായി...
text_fieldsഎന്തും ആഘോഷമാക്കിത്തീർക്കുന്ന ആധുനിക ലോകത്ത് ആഘോഷങ്ങൾക്കപ്പുറം അർഥതലങ്ങളിലേക്കുള്ള അന്വേഷണമാണ് നമുക്കാവശ്യം. ഈ വർഷത്തെ ക്രിസ്മസ്, അനുഭവവും അനുഗ്രഹവുമായിത്തീരട്ടെ എന്ന് പ്രാർഥിക്കുന്നു.
എല്ലാ തവണയും ക്രിസ്മസ് കാലത്ത് ഓർത്തെടുക്കുന്ന ഒരു കഥയുണ്ട്. റാൾഫ് എന്ന കുട്ടിയുടെ നാടക അഭിനയത്തിെൻറ കഥ. റാൾഫ് ബുദ്ധിവളർച്ചയിൽ അൽപം പിന്നാക്കമായിരുന്നു. ഒമ്പതാം വയസ്സിലും രണ്ടാം ക്ലാസിൽ പഠിക്കുന്നു. സത്രം സൂക്ഷിപ്പുകാരെൻറ വേഷമാണ് അധ്യാപകൻ റാൾഫിന് നൽകിയത്. കാരണം വളരെ കുറച്ചു സംഭാഷണങ്ങൾ മാത്രമേ അവന് ഈ വേഷത്തിൽ മനഃപാഠമാക്കേണ്ടതുള്ളൂ.
കുറെ അധികം ദിവസങ്ങളിലെ പരിശീലനങ്ങൾക്കൊടുവിൽ നാടകം അരങ്ങേറേണ്ട ദിവസം എത്തി. കർട്ടൻ ഉയർന്നു. ആട്ടിടയന്മാരും മാലാഖമാരും മറിയവും ജോസഫുമായുള്ള സംഭാഷണങ്ങളെല്ലാം കടന്നുപോയി. ഒടുവിൽ റാൾഫിെൻറ ഭാഗം അഭിനയിക്കാനുള്ള നേരമായി. ഗർഭിണിയായ മറിയവും ജോസഫും വന്ന് സത്രത്തിൽ മുട്ടുന്നു. റാൾഫ് എന്ന സത്രക്കാരൻ പുറത്തേക്കിറങ്ങിവന്ന് 'നിങ്ങൾക്കെന്താണ് വേണ്ടത്' എന്ന് ചോദിക്കുന്നു.
'ഞങ്ങൾക്ക് താമസിക്കാൻ ഒരു മുറി വേണം' എന്ന ആവശ്യം ജോസഫ് അറിയിക്കുന്നു. റാൾഫ് വളരെ ഗൗരവത്തോടെ പറഞ്ഞു;'ഇവിടെ നിറഞ്ഞുകഴിഞ്ഞു. ഒരു മുറിപോലും ശേഷിക്കുന്നില്ല.'
ജോസഫ് വീണ്ടും മറിയത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു; 'നോക്കൂ, അവൾ ഗർഭിണിയാണ്. അവൾക്ക് വിശ്രമിക്കാൻ ദയവായി അൽപം സ്ഥലം തരണം'. തുടർന്ന് നാടകത്തിൽ റാൾഫ് പറയേണ്ട ഡയലോഗ് വളരെ ആക്രോശത്തോടെ ആയിരുന്നു -'നിങ്ങൾ കടന്നുപോകൂ'.
ഇങ്ങനെ ഏറ്റവും ഉച്ചത്തിൽ പറയണമെന്നാണ് അധ്യാപകൻ റാൾഫിനെ പഠിപ്പിച്ചിരുന്നത്. എന്നാൽ, റാൾഫ് ഒന്നും പറയുന്നില്ല. അധ്യാപകൻ കർട്ടെൻറ പിറകിൽനിന്ന് ഡയലോഗ് ഓർമിപ്പിക്കുന്നു. സത്രക്കാരൻ കുട്ടി മിണ്ടുന്നില്ല. അധ്യാപകൻ വീണ്ടും നിർബന്ധിച്ചപ്പോൾ റാൾഫ് മനസ്സില്ലാമനസ്സോടെ ശാന്തമായി പറഞ്ഞു; 'നിങ്ങൾ കടന്നുപോകൂ'. ഈ സംഭാഷണത്തിനുശേഷം റാൾഫ് ഉടനെ രംഗം വിടേണ്ടതാണ്. എന്നാൽ, മറിയവും ജോസഫും ദുഃഖിതരായി തിരികെ നടക്കുന്നതും നോക്കി അവൻ അവിടെതന്നെ നിൽക്കുകയാണ്. അപ്പോഴേക്കും അവെൻറ കണ്ണുകൾ നിറഞ്ഞിരുന്നു. പെട്ടെന്ന് റാൾഫ് വിളിച്ചുപറഞ്ഞു; 'ജോസഫ്, നിങ്ങൾ പോകരുത്, തിരിച്ചുവരൂ'.
റാൾഫ് കണ്ണുനീര് തുടച്ച് ചെറുപുഞ്ചിരിയോടെ പറഞ്ഞു; 'നിങ്ങൾ വരൂ, നിങ്ങൾക്ക് ഞാൻ എെൻറ മുറി തരാം.' എന്തൊരു കഥയാണിത് അല്ലേ! ക്രിസ്തുവിന് മാത്രമല്ല, ആർക്കുംതന്നെ ഇടം നൽകാനാകാത്തവിധം നാം മാറിയിരിക്കുന്നു. ബുദ്ധിവളർച്ചയിൽ പിന്നാക്കം നിൽക്കുന്ന സത്രക്കാരൻ കുട്ടി ശരിക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ നാം കടന്നുപോകുമ്പോൾ മറക്കാനാകാത്ത ഒരുപാട് പാഠങ്ങൾ ഈ കാലം നമ്മെ പഠിപ്പിച്ചു. മനുഷ്യത്വമാണ് വലുതെന്നും, അകന്നിരുന്നാലും അടുപ്പം കാണിക്കണമെന്നും പഠിപ്പിച്ചു.
കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ക്രിസ്മസ് ആചരിക്കുമ്പോൾ ക്രിസ്തുവിനും മറ്റുള്ളവർക്കും ഹൃദയത്തിൽ ഇടം നൽകാം. അങ്ങനെ ക്രിസ്തുമനസ്സുള്ളവരായി മാറാം. എല്ലാ വായനക്കാർക്കും അനുഗ്രഹകരമായ ക്രിസ്മസും നന്മ നിറഞ്ഞ പുതുവത്സരവും ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.