കനത്ത മഴയും കാറ്റും; വെള്ളക്കെട്ടിൽ സ്തംഭിച്ച് ഗതാഗതം
text_fieldsമനാമ: തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പകലുമായി വീശിയടിച്ച കാറ്റും മഴയും രാജ്യത്തെമ്പാടും ഗതാഗത തടസ്സത്തിനിടയാക്കി. മിക്ക പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതാണ് ഗതാഗതം തടസ്സപ്പെടാനിടയാക്കിയത്. ദിവസങ്ങൾക്കു മുമ്പുതന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാൽ സുരക്ഷ സംവിധാനങ്ങൾ സജ്ജമായിരുന്നു. കടലിൽ മത്സ്യബന്ധനത്തിനും നീന്തലിനും കോസ്റ്റ്ഗാർഡ് വിലക്കേർപ്പെടുത്തിയിരുന്നു.
അതുകൊണ്ടുതന്നെ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ദുഷ്കര കാലാവസ്ഥ പരിഗണിച്ച് രാജ്യത്തെ സ്കൂളുകളും കോളജുകളും അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി പ്രഖ്യാപിച്ചു. അതിനാൽ ഗതാഗതം വളരെയേറെ കുറയ്ക്കാൻ സാധിച്ചു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങളടക്കം പലയിടത്തും വെള്ളക്കെട്ടിൽ കുടുങ്ങിയത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. വീടുകളിൽ പലയിടത്തും വെള്ളം കയറി.
താഴത്തെ നിലയിൽ വെള്ളം കയറിയാൽ ഇലക്ട്രിക് ഉപകരണം ഓഫ് ചെയ്യാനും മുകൾനിലയിലേക്ക് താമസം മാറാനും അധികൃതർ നിർദേശിച്ചിരുന്നു. മിക്ക റോഡുകളിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ശൈഖ് ഖലീഫ ബിൻ സൽമാൻ സ്ട്രീറ്റ് റൗണ്ട് എബൗട്ട് ടണൽ 6-14, ബൂരി ടണൽ, അൽഖത്തേ സ്ട്രീറ്റ് ടണൽ, ശൈഖ് സൽമാൻ സ്ട്രീറ്റ്, ഇസാ ടൗൺ ഗേറ്റ് ടണൽ, എന്നിവിടങ്ങളിലെല്ലാം മഴവെള്ളം കെട്ടിക്കിടന്നതിനാൽ ചൊവ്വാഴ്ച ഉച്ചവരെ ഗതാഗതം തിരിച്ചുവിട്ടു. വെള്ളക്കെട്ട് ഒഴിവാക്കാനായി പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മാറ്റുകയായിരുന്നു. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ നേരത്തെതന്നെ ക്രമീകരിച്ചിരുന്നു.
അസ്ഥിര കാലാവസ്ഥയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തെ നേരിടുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള പ്രത്യേക കമ്മിറ്റിയുടെ യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ഹസൻ അൽ ഹസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ മന്ത്രാലയ പ്രതിനിധികളും അനുബന്ധ അതോറിറ്റി പ്രതിനിധികളും സംബന്ധിച്ചു. മഴ, കാറ്റ് മുതലായവ മൂലമുണ്ടാകുന്ന അവസ്ഥകൾ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുകയും ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശ പ്രകാരം ആവശ്യമായ സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്തിരുന്നു.
എമർജൻസി നമ്പറിലൂടെ ലഭിച്ച പരാതികളിൽ അടിയന്തര നടപടിയെടുക്കാൻ സംവിധാനങ്ങൾ കഠിന പരിശ്രമം തന്നെ നടത്തി.
ദുർഘട കാലാവസ്ഥയിൽ മാതൃകയായി ഉദ്യോഗസ്ഥരും ജനങ്ങളും
മനാമ: കനത്ത മഴയും കാറ്റും ഭീതിവിതച്ച രാത്രിയിൽ മാതൃകയായി ഉദ്യോഗസ്ഥരുടെ പ്രവർത്തനം. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയെ തൃണവൽഗണിച്ചായിരുന്നു തിങ്കളാഴ്ച രാത്രി മുതൽ പൊലീസ്, ട്രാഫിക് ഉദ്യോഗസ്ഥരുടെ പ്രവർത്തനം. അസ്ഥിര കാലാവസ്ഥയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യം നേരിടുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ കഴിഞ്ഞദിവസം തന്നെ അധികൃതർ നടപ്പാക്കിയിരുന്നു.
ഇതനുസരിച്ച് രാജ്യത്തിന്റെ എല്ലാ മേഖലയിലും ഏത് അടിയന്തര ഘട്ടത്തിലും സന്നദ്ധരായി ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരുന്നു. ഗതാഗതം നിയന്ത്രിക്കുകയും വാഹനങ്ങൾക്ക് വേണ്ട മാർഗനിർദേശം നൽകുകയും മാത്രമല്ല, കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളെ രക്ഷെപ്പടുത്താനായി കനത്ത മഴയിൽ ഇവർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മഴയിൽ ഓഫായിപ്പോയ വാഹനങ്ങളെ തള്ളി സുരക്ഷിത സ്ഥാനത്തെത്തിക്കാനും ഉദ്യോഗസ്ഥർ പരിശ്രമിച്ചു. ഇവർക്കൊപ്പം ജനങ്ങളും സഹായഹസ്തവുമായി രംഗത്തെത്തി. മഴയിൽ കുടുങ്ങിയ മറ്റ് വാഹനങ്ങളെ, തങ്ങളുടെ വാഹനം നിർത്തിയിട്ടശേഷം രക്ഷെപ്പടാൻ സഹായിക്കുന്ന രണ്ടുപേരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ബഹ്റെനിലുണ്ടായ വെള്ളക്കെട്ടിന്റെ വിവിധ ദൃശ്യങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.