ദുരിതം വിതച്ച് മഴയും വെള്ളക്കെട്ടും
text_fieldsമനാമ: സമീപകാലത്ത് കാണാത്ത മഴക്കാണ് പുതുവർഷാരംഭത്തിൽ ബഹ്റൈൻ സാക്ഷ്യംവഹിച്ചത്. വെള്ളിയാഴ്ച മുതൽ തുടങ്ങിയ മഴ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും നീണ്ടുനിന്നപ്പോൾ പല സ്ഥലങ്ങളിലും ജനജീവിതം ദുരിതപൂർണമായി. റോഡുകളിലെ വെള്ളക്കെട്ടും വീടുകളിൽ വെള്ളം കയറിയതും വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതും ജനങ്ങൾക്ക് സമ്മാനിച്ച ദുരിതം ചില്ലറയല്ല. രണ്ടു ദിവസത്തെ മഴയിൽ അൽ ലോസി ഹൗസിങ് മേഖലയിലെ പല വീടുകളിലും വെള്ളം കയറി. കനത്ത മഴ കാരണം വീടുകളിലേക്കുള്ള ഇന്റർനെറ്റ് ലൈനുകൾ തകരാറിലായതായി മാമീർ പ്രദേശത്തുള്ളവർ പരാതിപ്പെട്ടു. വെള്ളക്കെട്ട് കാരണം ചില മേഖലകളിൽ പലർക്കും ജോലിക്ക് പോകാൻ സാധിച്ചില്ലെന്ന് കാപിറ്റൽ മുനിസിപ്പൽ കൗൺസിലിലെ പബ്ലിക് സർവിസസ് ആൻഡ് യൂട്ടിലിറ്റീസ് കമ്മിറ്റി അധ്യക്ഷൻ ഡോ. അബ്ദുൽ വാഹിദ് അൽ നകാൽ പറഞ്ഞു. കാപിറ്റൽ ഗവർണറേറ്റ് പരിധിയിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങൾ സിത്ര, സനദ്, ജിദാലി, അൽ ഖലാ എന്നിവയാണ്. വീടുകളിൽ വെള്ളം കയറിയതും വൈദ്യുതി തകരാറും കാണിച്ച് നിരവധി പരാതികൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. മഴവെള്ളം പമ്പ് ചെയ്ത് കളയാൻ കാപിറ്റൽ മുനിസിപ്പാലിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുമായി ചേർന്ന് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
വെള്ളക്കെട്ടുകാരണം കടുത്ത ദുരിതം നേരിടുകയാണെന്ന് സനദ് പ്രദേശത്തുള്ളവർ പരാതിപ്പെട്ടു. പലരും വീടുകളിൽ കുടുങ്ങിയ സ്ഥിതിയിലാണ്. കാറുകൾക്ക് സഞ്ചരിക്കാൻ കഴയാത്തവിധം പ്രധാന റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. പല വീടുകളിലും വൈദ്യുതി മുടങ്ങി.
റോഡുകളിൽ കെട്ടിനിൽക്കുന്ന വെള്ളം പമ്പ് ചെയ്ത് നീക്കുന്ന പ്രവൃത്തി ഞായറാഴ്ചയും തുടർന്നു. വിവിധ ഭാഗങ്ങളിൽനിന്ന് പരാതി എത്തുന്ന മുറക്ക് നടപടി സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ അധികൃതർ പൂർത്തിയാക്കിയത് ഏറെ ഗുണകരമായി. ശനിയാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ബഹ്റൈൻ യൂനിവേഴ്സിറ്റി പ്രദേശത്താണെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 45.4 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 35 മില്ലിമീറ്റർ, കിങ് ഫഹദ് കോസ്വേയിൽ 21.8 മില്ലിമീറ്റർ, സിത്ര ഐലൻഡിൽ 34 മില്ലിമീറ്റർ, ദുറാത് അൽ ബഹ്റൈനിൽ 33.4 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. ഏറ്റവും കുറവ് മഴ ലഭിച്ചത് ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലാണ്. 12.8 മില്ലിമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.